Friday, June 17, 2011

പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് കള്ളുസംഘങ്ങളെ ഒഴിവാക്കും

കള്ളുഷാപ്പുകളുടെ നടത്തിപ്പില്‍നിന്ന് തൊഴിലാളികളുടെ സഹകരണസംഘങ്ങളെ പൂര്‍ണമായി ഒഴിവാക്കാനും പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി തൊഴിലാളിസംഘടനാ പ്രതിനിധികളുമായി എക്സൈസ് മന്ത്രി കെ ബാബു നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും പുതിയ ബാര്‍ ലൈസന്‍സ് നല്‍കുക. ബാറുകളുടെയും വിദേശമദ്യ ചില്ലറ വില്‍പ്പനകേന്ദ്രങ്ങളുടെയും പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കും- മന്ത്രി അറിയിച്ചു.

തൊഴിലാളി സഹകരണസംഘങ്ങള്‍ നിലവില്‍ നടത്തിവരുന്ന കള്ളുഷാപ്പുകള്‍ തുടര്‍ന്ന് നല്‍കില്ല. പകരം സ്വകാര്യവ്യക്തികള്‍ക്ക് ലൈസന്‍സ് നല്‍കും. ഇത് റേഞ്ച്, താലൂക്ക് അടിസ്ഥാനത്തില്‍ വേണമോയെന്ന് പിന്നീട് പ്രഖ്യാപിക്കും. കള്ളുവ്യവസായ മേഖലയില്‍നിന്ന് തൊഴിലാളിസംഘങ്ങളെ പൂര്‍ണമായി മാറ്റുകയെന്നത് സര്‍ക്കാരിന്റെ നയപരമായ നിലപാടാണെന്നും ഇക്കാര്യത്തില്‍ പുനരാലോചനയില്ലെന്നും മന്ത്രി അറിയിച്ചു. ചെത്ത്-വിദേശമദ്യ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ , ബാര്‍ ഉടമാ പ്രതിനിധികള്‍ , മദ്യവര്‍ജന സംഘടനാ നേതാക്കള്‍ എന്നിവരുമായി മന്ത്രി വെവ്വേറെയാണ് ചര്‍ച്ച നടത്തിയത്. പുതിയ ബാര്‍ ലൈസന്‍സ് നല്‍കുമ്പോള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ച് മന്ത്രി വിശദീകരിച്ചില്ല. അതേസമയം ബാറുകളുടെ പ്രവര്‍ത്തനസമയം 10 മണിക്കൂറായി വെട്ടിച്ചുരുക്കാനാണ് ഉദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു. വിദേശമദ്യ ചില്ലറ വില്‍പ്പനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം എട്ടുമണിക്കൂറായി കുറയ്ക്കണമെന്ന നിര്‍ദേശവും പരിഗണിക്കും. സൂര്യോദയംമുതല്‍ അസ്തമയംവരെയാണ് ബാറുകളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. ബാര്‍ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണിക്കും. വര്‍ധന എത്രയായിരിക്കണമെന്ന കാര്യത്തില്‍ ബാര്‍ ഉടമകള്‍ക്ക് നിര്‍ദേശം മുന്നോട്ടുവയ്ക്കാമെന്നായിരുന്നു മന്ത്രിയുടെ നിലപാട്. മലപ്പുറം മദ്യദുരന്തത്തെത്തുടര്‍ന്ന് ദുരിതത്തിലായ കള്ള് ചെത്ത് തൊഴിലാളികള്‍ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ധനസഹായം ഉടനെ വിതരണംചെയ്യും. ഇതിനായി ബിവറേജസ് കോര്‍പറേഷന്‍ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. മലപ്പുറം ജില്ലയിലെ തൊഴിലാളികള്‍ക്കു മാത്രമാണ് സഹായധനം വിതരണംചെയ്തത്. കള്ളുവ്യവസായ രംഗത്തുനിന്ന് തൊഴിലാളിസംഘങ്ങളെ ഒഴിവാക്കുമെന്ന് ബാര്‍ ഉടമ പ്രതിനിധികളെയും മന്ത്രി അറിയിച്ചു.

എന്നാല്‍ , കള്ള് വ്യവസായത്തെ സംരക്ഷിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ ഒഴിവാക്കുന്നത് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചെത്ത് തൊഴിലാളി ഫെഡറേഷന്‍(സിഐടിയു) പ്രസിഡന്റ് കെ എം സുധാകരന്‍ ചൂണ്ടിക്കാട്ടിയെങ്കിലും അത് അംഗീകരിച്ചില്ല. സമ്പൂര്‍ണ മദ്യനിരോധനം വേണമെന്ന് ബിഎംഎസ് നേതാവ് ശങ്കരനാരായണന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കെ കെ ചെല്ലപ്പന്‍ , ടി പി രാമകൃഷ്ണന്‍ , കെ ജെ ജേക്കബ്, കെ വി രാജേന്ദ്രന്‍ (സിഐടിയു), എന്‍ അഴകേശന്‍ (ഐഎന്‍ടിയുസി), കുമാരന്‍ (എഐടിയുസി) എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ദേശാഭിമാനി 170611

No comments:

Post a Comment