Wednesday, June 8, 2011

സ്വാശ്രയ പ്രവേശനം: ഉമ്മന്‍ചാണ്ടിക്ക് ജയരാജന്റെ തുറന്ന കത്ത്

എംബിബിഎസ്-എന്‍ജിനിയറിങ് സീറ്റുകളിലേക്ക് സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന് മാനേജ്മെന്റുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടാകാത്തത് ഖേദകരമാണെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ എം വി ജയരാജന്‍ മുഖ്യമന്ത്രിക്ക് അയച്ച തുറന്ന കത്തില്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്വാശ്രയമേഖല വീണ്ടും സംഘര്‍ഷഭരിതമാകുന്നു എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകള്‍ സ്വന്തം നിലയില്‍ മെറിറ്റ് സീറ്റിലടക്കം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുമെന്ന പ്രഖ്യാപനമാണ് ഈ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. അതിന് കരാറില്‍ ഒപ്പിട്ട് കരുത്ത് നല്‍കിയതാകട്ടെ തൃശൂര്‍ അമല, ജൂബിലി മിഷന്‍ , കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ , തിരുവല്ല പുഷ്പഗിരി എന്നീ മെഡിക്കല്‍ കോളേജുകള്‍ സ്വീകരിച്ച നിലപാടും യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസക്കച്ചവടത്തെ സഹായിക്കുന്ന നിലപാടുകളുമാണ്.

പരിയാരം മെഡിക്കല്‍ കോളേജിന് ഈ വര്‍ഷം മെഡിക്കല്‍ കൗണ്‍സില്‍ അനുവദിച്ച 11 പിജി സീറ്റില്‍ നാലെണ്ണം സര്‍ക്കാര്‍ ക്വോട്ടയിലേക്ക് ഓഫര്‍ ചെയ്തുകൊണ്ടുള്ള ഹര്‍ജി ആരോഗ്യമന്ത്രിക്ക് മെയ് 25ന് നല്‍കിയിരുന്നു. ഏപ്രിലില്‍ അന്നത്തെ ആരോഗ്യമന്ത്രിക്ക് ഹര്‍ജി നല്‍കിയ കാര്യവും ആ ഹര്‍ജിയില്‍ ഈ വര്‍ഷം നാല് സീറ്റുകള്‍ സര്‍ക്കാര്‍ ക്വോട്ടയില്‍ പരിഗണിക്കുകയും അടുത്തവര്‍ഷം ഈ വര്‍ഷത്തെ കുറവുകൂടി നികത്തി കൂടുതല്‍ സീറ്റുകള്‍ സര്‍ക്കാരിലേക്ക് നല്‍കി 50 ശതമാനമാക്കണമെന്ന് നിര്‍ദേശം നല്‍കിയതായും എന്നാല്‍ , ഇതുവരെയും ഉത്തരവിറക്കിയിട്ടില്ലെന്നും മെയ് 25ന് അടൂര്‍ പ്രകാശിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മെയ് 31 ആണ് വിദ്യാര്‍ഥി പ്രവേശനത്തിനുള്ള അവസാന തീയതി എന്നതിനാല്‍ ഇക്കാര്യത്തില്‍ കഴിയുന്നതും വേഗത്തില്‍ തീരുമാനമെടുക്കണമെന്നായിരുന്നു അഭ്യര്‍ഥിച്ചത്. പി കെ ശ്രീമതി ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് നല്‍കിയ ഉത്തരവ് എന്തുകൊണ്ട് നടപ്പാകുന്നില്ല. ഇത്തരമൊരു സമീപനം സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകളെ സഹായിക്കാനല്ലേ? പരിയാരം മെഡിക്കല്‍ കോളേജ് എഴുതിയതുപോലെ സര്‍ക്കാരിലേക്ക് സീറ്റുകള്‍ ഓഫര്‍ചെയ്ത് സ്വാശ്രയ മാനേജ്മെന്റുകള്‍ എഴുതിയോ? സ്വന്തം നിലയില്‍ സന്നദ്ധമാകുന്നില്ലെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ , സര്‍ക്കാര്‍ ക്വോട്ടയില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ? എന്നീ ചോദ്യങ്ങളും ജയരാജന്‍ ഉന്നയിച്ചു.

അഞ്ച് പിജി സീറ്റും എംബിബിഎസിന് 85 സീറ്റും ബിഡിഎസിന് 51ഉം നേഴ്സിങ്ങിന് 51ഉം ബിഫാമിന് 34ഉം ബിഎസ്പി എംഎല്‍ടി 21ഉം സീറ്റുകളും പരിയാരം മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ ക്വോട്ടയിലേക്ക് ഒഴിച്ചിട്ടിരിക്കുകയാണ്. ഇത് പരിയാരത്തെ മൊത്തം സീറ്റിന്റെ 85 ശതമാനം വരും. പരിയാരത്ത് യുഡിഎഫ് ഭരിക്കുമ്പോള്‍ മെറിറ്റിന് ഒരു പരിഗണനയും നല്‍കിയിരുന്നില്ല. അക്കാലത്ത് പുഷ്പഗിരി മാനേജ്മെന്റിന്റെ അതേ രീതിയിലായിരുന്നു ഇവിടെയും പ്രവേശനം. ഉമ്മന്‍ചാണ്ടിയുടെ പാര്‍ടിയുടെ അന്നത്തെ ഡിസിസി പ്രസിഡന്റിന്റെ മകള്‍ക്ക് 2006ല്‍ എംബിബിഎസിന് പ്രവേശനം കിട്ടിയത് മെറിറ്റ് അടിസ്ഥാനത്തിലായിരുന്നില്ല. സംസ്ഥാന പ്രവേശന പരീക്ഷയിലെ റാങ്ക് 28912 ആയിരുന്നു. സാധാരണനിലയില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ മാനേജ്മെന്റ് പ്രവേശനം നടത്തിയിരുന്നെങ്കില്‍ 3100 റാങ്കിന് മുകളിലുള്ളവര്‍ക്ക് പ്രവേശനം ലഭിക്കില്ല. ഉമ്മന്‍ചാണ്ടി മുമ്പ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പരിയാരത്തും മെറിറ്റ് ക്വോട്ടയില്‍ കച്ചവടമാണ് നടത്തിയത്. എന്നാല്‍ , ഇടതുപക്ഷ ഭരണസമിതി അധികാരത്തില്‍ വന്നതിനുശേഷം 2007 മുതല്‍ വിവിധ കോഴ്സുകളില്‍ എന്‍ആര്‍ഐ സീറ്റുകളില്‍ ഒഴികെ മെറിറ്റ് അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കി.

deshabhimani 080611

1 comment:

  1. എംബിബിഎസ്-എന്‍ജിനിയറിങ് സീറ്റുകളിലേക്ക് സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന് മാനേജ്മെന്റുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടാകാത്തത് ഖേദകരമാണെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ എം വി ജയരാജന്‍ മുഖ്യമന്ത്രിക്ക് അയച്ച തുറന്ന കത്തില്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്വാശ്രയമേഖല വീണ്ടും സംഘര്‍ഷഭരിതമാകുന്നു എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകള്‍ സ്വന്തം നിലയില്‍ മെറിറ്റ് സീറ്റിലടക്കം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുമെന്ന പ്രഖ്യാപനമാണ് ഈ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. അതിന് കരാറില്‍ ഒപ്പിട്ട് കരുത്ത് നല്‍കിയതാകട്ടെ തൃശൂര്‍ അമല, ജൂബിലി മിഷന്‍ , കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ , തിരുവല്ല പുഷ്പഗിരി എന്നീ മെഡിക്കല്‍ കോളേജുകള്‍ സ്വീകരിച്ച നിലപാടും യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസക്കച്ചവടത്തെ സഹായിക്കുന്ന നിലപാടുകളുമാണ്.

    ReplyDelete