Wednesday, June 8, 2011

അഴിമതിയില്‍ കാലിടറി യുപിഎ സര്‍ക്കാര്‍

ന്യൂഡല്‍ഹി: ബാബാ രംദേവിനെ ബലംപ്രയോഗിച്ച് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍നിന്ന് ഒഴിപ്പിച്ച് സ്ഥിതി ശാന്തമാക്കാമെന്ന യുപിഎ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ തെറ്റി. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ സര്‍ക്കാരിന്റെ ഉറക്കംകെടുത്തുകയാണ്. അഴിമതിക്കേസില്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കാത്ത സര്‍ക്കാരിനെ വെള്ളം കുടിപ്പിക്കുന്ന സുപ്രീംകോടതി രാംദേവിനെയും അനുയായികളെയും ഒഴിപ്പിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശകമീഷനും ദേശീയ വനിതാകമീഷനും സമാനമായ ചോദ്യം ഉയര്‍ത്തി. ഈ ഘട്ടത്തിലാണ് പൊതുമുതല്‍ നശിപ്പിച്ചെന്നും പൊലീസിനെ ജോലിചെയ്യുന്നതില്‍നിന്ന് തടഞ്ഞെന്നും പറഞ്ഞ് ചിലര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത്. രാംദേവിന്റെ സമരപ്പന്തലില്‍ ഭീകരാക്രമണം ഉണ്ടാകനുള്ള സാധ്യതയുണ്ടായിരുന്നെന്നും അത് വര്‍ഗീയ ലഹളയ്ക്കിടയാക്കുമെന്നുമുള്ള വാദഗതി പൊലീസ് ശക്തമായി ഉയര്‍ത്തുന്നതും ഈ പശ്ചാത്തലത്തിലാണ്. ഭിന്നിച്ചുനിന്ന പ്രതിപക്ഷം ഒറ്റക്കെട്ടായി പൊലീസ് നടപടിയെ വിമര്‍ശിച്ചതും സര്‍ക്കാരിനെ ദുര്‍ബലമാക്കി. ബിജെപി മാത്രമല്ല കോണ്‍ഗ്രസിനെ കേന്ദ്രത്തില്‍ പിന്തുണയ്ക്കുന്ന മുലായംസിങ് യാദവും മായാവതിയും രൂക്ഷമായി വിമര്‍ശിച്ചു. യുപിഎ വിടാന്‍ കരുണാനിധി ചെന്നൈയില്‍ കളമൊരുക്കുന്ന സാഹചര്യത്തില്‍ ഈ രാഷ്ട്രീയ പാര്‍ടികളുടെ പ്രതികരണം കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നുണ്ട്.

ലോക്പാല്‍ സമിതിയില്‍നിന്ന് അണ്ണ ഹസാരെയും മറ്റ് നാലു പ്രതിനിധികളും തിങ്കളാഴ്ച വിട്ടുനിന്നതും പൊലീസ് നടപടിക്കെതിരെ ബുധനാഴ്ച അണ്ണ ഹസാരെ ഉപവസിക്കുന്നതും സര്‍ക്കാരിന്റെ പ്രതിഛായ വീണ്ടും തകര്‍ക്കും. ജന്ദര്‍മന്ദറില്‍ അണ്ണ ഹസാരെയ്ക്ക് ഉപവാസത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് അഴിമതിവിരുദ്ധ സമരത്തെ സര്‍ക്കാര്‍ എത്രമാത്രം ഭയക്കുന്നുവെന്നതിന്റെ തെളിവാണ്. ഏറ്റവും അവസാനമായി കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി ദയാനിധിമാരനും എ രാജയുടെ പിറകെ മന്ത്രിസഭയില്‍നിന്ന് തിഹാര്‍ജയിലിലേക്ക് പോകാനൊരുങ്ങുകയാണ്. എയര്‍സെല്ലിലെ ഓഹരികള്‍ മലേഷ്യന്‍ കമ്പനിയായ മാക്സിസിന് വില്‍ക്കാന്‍ ദയാനിധിമാരനാണ് നിര്‍ബന്ധിച്ചതെന്ന് സ്റ്റെര്‍ലിങ് ഉടമ സി ശിവശങ്കരന്‍ സിബിഐയോട് വെളിപ്പെടുത്തിയത് മാരന്റെ മന്ത്രിപ്പണി തെറിപ്പിക്കാന്‍ കാരണമായേക്കും. ഈ സേവനത്തിന് മലേഷ്യന്‍ കമ്പനിയില്‍നിന്ന് 700 കോടി രൂപയാണ് മാരന് ലഭിച്ചത്. സിബിഐ മാരനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യുമെന്നാണ് സൂചന. അതുണ്ടായാല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ മാരന് കഴിയില്ല. ജൂലൈയില്‍ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതോടെ സര്‍ക്കാരിന്റെ സ്ഥിതി കൂടുതല്‍ മോശമാകും.
(വി ബി പരമേശ്വരന്‍)

രാംദേവിന്റെ ആസ്തി എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കും

ന്യൂഡല്‍ഹി: യോഗ ഗുരു രാംദേവിന്റെ ആസ്തിയെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. രാജ്യാന്തരതലത്തിലുള്ള രാംദേവിന്റെ സാമ്പത്തിക ഇടപാടുകളും ബിസിനസും പതഞ്ജലി യോഗപീഠത്തിന് ലഭിക്കുന്ന വിദേശ ഫണ്ടും പരിശോധനാവിധേയമാക്കും. രാംദേവ് പ്രൊമോട്ടറായ പതഞ്ജലി ആയുര്‍വേദയുടെ പ്രവര്‍ത്തനങ്ങളും പരിശോധിക്കും. രാംദേവിനെക്കൂടാതെ നിരവധി ഉന്നത വ്യക്തികളും ഈ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തിലാണ്. പതഞ്ജലി ട്രസ്റ്റ്, ദിവ്യജ്യോതി മന്ദിര്‍ ട്രസ്റ്റ് എന്നീ രണ്ടു ട്രസ്റ്റ് രാംദേവിന്റെ കീഴിലുണ്ട്. രണ്ടിനും നികുതിയിളവുണ്ട്. എന്നാല്‍ , ഇതുകൂടാതെ പതഞ്ജലി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്, ദിവ്യ ഫാര്‍മസി, വേദിക് ബ്രോഡ്കാസ്റ്റിങ് എന്നീ കമ്പനികളും രാംദേവ് നടത്തുന്നു. ഇവയ്ക്ക് നികുതിയളവില്ല. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്‍ഫോഴ്സ്മെന്റിനു പുറമെ റവന്യൂ ഇന്റലിജന്‍സും അന്വേഷിക്കും. നികുതിവെട്ടിപ്പ്, കയറ്റുമതി-ഇറക്കുമതി നിയമലംഘനങ്ങള്‍ എന്നിവയും അന്വേഷണവിധേയമാക്കും. പതഞ്ജലി ആയുര്‍വേദയുടെ മറവില്‍ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നതായി റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. അമേരിക്കയിലേക്ക് പതഞ്ജലി വന്‍തോതില്‍ ആയുര്‍വേദ ഔഷധങ്ങള്‍ കയറ്റി അയക്കുന്നതായി രേഖയിലുണ്ടെങ്കിലും മിക്ക ഉല്‍പ്പന്നങ്ങളും അമേരിക്കയില്‍ നിരോധിച്ചവയാണ്. രാംദേവിന്റെ സ്ഥാപനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആയുര്‍വേദ ഉല്‍പ്പന്നങ്ങളില്‍ എല്ലിന്‍പൊടി ചേര്‍ക്കുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

മന്‍മോഹന്റെ "രാഷ്ട്രീയ പാപ"ത്തിന് മാപ്പില്ലെന്ന് രാംദേവ്


ഹരിദ്വാര്‍ : പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് താന്‍ മാപ്പ് നല്‍കിയെങ്കിലും ചരിത്രം അദ്ദേഹം ചെയ്ത "രാഷ്ട്രീയ പാപ"ത്തിന് മാപ്പ് നല്‍കില്ലെന്ന് രാംദേവ് ഹരിദ്വാറില്‍ പറഞ്ഞു. രാംലീല മൈതാനിയില്‍നിന്ന് രാംദേവിനെയും അനുയായികളെയും അര്‍ധരാത്രി ബലംപ്രയോഗിച്ച് ഒഴിപ്പിച്ച പൊലീസ് നടപടിയെ പ്രധാനമന്ത്രി ന്യായീകരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു രാംദേവ്. പൊലീസ് നടപടി നിര്‍ഭാഗ്യകരമെങ്കിലും മറ്റു മാര്‍ഗമില്ലായിരുന്നെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്്. പ്രധാനമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത് അദ്ദേഹം ചെയ്ത പാപം തിരിച്ചറിഞ്ഞതിനാലാണ്. അതുകൊണ്ടാണ് താന്‍ മാപ്പ് കൊടുക്കുന്നത്. ജനാധിപത്യത്തെ ദുഷിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. മറാത്ത യോദ്ധാവ് ശിവജിയും ഇത്തരത്തില്‍ സ്ത്രീവേഷം കെട്ടി രക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ , ശിവജിയല്ല ഇവരുടെ മാതൃക. തന്നെ കൊല്ലാനും തീവ്രവാദികളെ സംരക്ഷിക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും രാംദേവ് പറഞ്ഞു. ഒരു സത്യഗ്രഹി ഒരിക്കലും സ്ത്രീവേഷം ധരിച്ച് രക്ഷപ്പെടില്ലെന്ന് എഐസിസി വക്താവ് ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞിരുന്നു. രാംലീല മൈതാനിയില്‍ സ്ഥാപിച്ചിരുന്ന ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുമെന്ന് താന്‍ സംശയിക്കുന്നതായും രാംദേവ് പറഞ്ഞു.

ദേശാഭിമാനി 080611

1 comment:

  1. ബാബാ രംദേവിനെ ബലംപ്രയോഗിച്ച് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍നിന്ന് ഒഴിപ്പിച്ച് സ്ഥിതി ശാന്തമാക്കാമെന്ന യുപിഎ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ തെറ്റി. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ സര്‍ക്കാരിന്റെ ഉറക്കംകെടുത്തുകയാണ്.

    ReplyDelete