Wednesday, June 8, 2011

പിന്തുണ അഭ്യര്‍ഥിച്ച് ലെഗാര്‍ഡേ ഡല്‍ഹിയില്‍

അന്തര്‍ദേശീയ നാണ്യ നിധി(ഐ എം എഫ്) മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഫ്രെന്‍ഞ്ച് ധനമന്ത്രി ക്രിസ്റ്റീന്‍ ലെഗാര്‍ഡെ പിന്‍തുണ അഭ്യര്‍ത്ഥിച്ച് ഇന്ത്യയിലുമെത്തി. പിന്‍തുണ അഭ്യര്‍ഥിച്ചുകൊണ്ട് അവര്‍ നടത്തുന്ന ലോകരാഷ്ട്ര സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് ഇന്ത്യാ സന്ദര്‍ശനവും.

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായും നധകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുമായും ലെഗാര്‍ഡെ ചര്‍ച്ച നടത്തി. പ്രണബ് മുഖര്‍ജി ഒരുക്കിയ സല്‍ക്കാരത്തില്‍ പങ്കെടുത്ത ലെഗാര്‍ഡെ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ തുടരുന്ന ഊഷ്മള ബന്ധത്തെ അനുസ്മരിച്ചു.

ഐ എം എഫ് നേതൃസ്ഥാനം യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ കുത്തകയാക്കി വച്ചിരിക്കുന്നതില്‍ ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാഷ്ട്രങ്ങള്‍ക്ക് അനിഷ്ടമുണ്ട്. ഇന്ത്യ ലെഗാര്‍ഡെയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്‍താങ്ങാന്‍ സാദ്ധ്യതയില്ലെന്ന അഭ്യൂഹവും പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലെഗാര്‍ഡെ പിന്‍തുണ ഉറപ്പാക്കാന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. ലെഗാര്‍ഡെക്ക് വ്യക്തമായ ഉറപ്പൊന്നും ഇന്ത്യയുടെ ഭാഗത്തു നിന്ന് നല്‍കിയിട്ടില്ല.

വികസ്വര രാഷ്ട്രങ്ങള്‍ക്ക് ഐ എം എഫില്‍ വേണ്ടത്ര പ്രാതിനിധ്യം നല്‍കാന്‍ താന്‍ ശ്രമിക്കുമെന്ന് ബ്രസില്‍ സന്ദര്‍ശിച്ച ശേഷം ലെഗാര്‍ഡെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ബ്രസില്‍ സന്ദര്‍ശനത്തിന് ശേഷമാണ് ലെഗാര്‍ഡെ ഇന്ത്യയിലേക്ക് വരുന്നത്.

ഇന്ത്യ ബ്രസില്‍, റഷ്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാഷ്ട്രങ്ങളുമായി ചര്‍ച്ച നടത്തിയെന്നും ഒരു പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതില്‍ സമവായമൊന്നും രൂപപ്പെട്ടിട്ടില്ലെന്നുമാണ്  ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി വാര്‍ത്താ ലേഖകരോട് പറഞ്ഞത്.

janayugom 080611

No comments:

Post a Comment