Thursday, June 2, 2011

മന്ത്രിമാര്‍ സ്വത്തുവിവരം വെളിപ്പെടുത്തും, ഓണം മുതല്‍ ഒരു രൂപയ്ക്ക് അരി

മന്ത്രിമാരും കുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും സ്വത്തുവിവരം വെളിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗത്തിനുശേഷം സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടികള്‍ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഓണം മുതല്‍ ഒരു രൂപയ്ക്ക് അരി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവുകള്‍ അതേ ദിവസം തന്നെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും, വിവരാവകാശ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയും നല്‍കാന്‍ സൗകര്യമേര്‍പ്പെടുത്തും, ലോട്ടറി ഓര്‍ഡിനന്‍സ് നിയമമാക്കും, അപേക്ഷിക്കുന്ന ദിവസം തന്നെ റേഷന്‍ കാര്‍ഡ് നല്‍കും, മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം എന്നിവ സാധ്യമാക്കാന്‍ തീവ്രശ്രമം നടത്തും, എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും, ജില്ലാ കലക്ടറേറ്റുകളില്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലുകള്‍ ആരംഭിക്കും, സമഗ്ര ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും, റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തും, അഴിമതി കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പുരസ്കാരം, കേരളാ വിഷന്‍ ഐഡിയാ ബാങ്ക് രൂപീകരിക്കും, എല്ലാ ഓഫീസുകളിലും പൗരാവകാശ രേഖ പ്രസിദ്ധീകരിക്കും തുടങ്ങിയവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍ .

അഴിമതി ആരോപണ വിധേയരായ മന്ത്രിമാരെ മാറ്റി നിര്‍ത്തില്ലെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പിജി സീറ്റുകള്‍ സ്വാശ്രയമാനേജ്മെന്‍റുകള്‍ കൈയടക്കിയത് സംബന്ധിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani news

1 comment:

  1. മന്ത്രിമാരും കുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും സ്വത്തുവിവരം വെളിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗത്തിനുശേഷം സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടികള്‍ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം

    ReplyDelete