Sunday, June 5, 2011

കലാപത്തിനുനേരെ വിരല്‍ചൂണ്ടി "കുത്ബുദീന്‍ അന്‍സാരി"

കുത്ബുദീന്‍ അന്‍സാരി മനസ്സിലൊതുക്കിയ അന്തഃസംഘര്‍ഷങ്ങള്‍ ജിതേഷ് ദാമോദര്‍ വേഷമിട്ട "കുത്ബുദീന്‍ അന്‍സാരി" എന്ന ഏകപാത്ര നാടകത്തിലൂടെ വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ അരങ്ങേറിയത് കലാസ്നേഹികള്‍ക്ക് വേറിട്ട അനുഭവമായി. ഗുജറാത്തിലെ കലാപനാളുകളില്‍ കൊടുവാളുമായി ചുറ്റും നില്‍ക്കുന്നവരോട് തന്റെ പ്രാണന്‍ തട്ടിയെടുക്കരുതെന്ന് നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി തൊഴുകൈയോടെ, താണുകേണപേക്ഷിക്കുന്ന യുവാവിന്റെ രൂപം ആരുടെയും മനസ്സില്‍നിന്ന് മാഞ്ഞുപോകില്ല. എല്ലാ കലാപത്തിനും ജനവിരുദ്ധ മുഖമുണ്ടെന്ന സന്ദേശം നല്‍കുന്ന വീഡിയോ ചിത്രത്തോടെയാണ് നാടകം ആരംഭിക്കുന്നത്. കലാപകാരികളില്‍നിന്ന് രക്ഷപ്പെട്ട് ബംഗാളില്‍ അഭയംതേടിയ അന്‍സാരിയുടെ കലാപകാലത്തെ മാനസികസംഘര്‍ഷങ്ങള്‍ അനാവരണം ചെയ്യുകയാണ് "കുത്ബുദീന്‍ അന്‍സാരി" എന്ന ഏകപാത്ര നാടകത്തിലൂടെ കേരള കൗമുദി ഫോട്ടോഗ്രഫര്‍ കൂടിയായ ജിതേഷ് ദാമോദര്‍ . ഒപ്പം ഒരു ചിത്രം എങ്ങനെ ഒരാളിന്റെ ജീവിതം മാറ്റിമറിക്കുന്നുവെന്ന് വരച്ചുകാട്ടുകയും ചെയ്യുന്നു.

ഗുജറാത്ത് കലാപത്തില്‍ എണ്ണമറ്റയാളുകള്‍ കൊലചെയ്യപ്പെട്ടു. എല്ലാം തച്ചുതകര്‍ത്ത് കാണുന്നവരെയൊക്കെ കൊന്നൊടുക്കി അക്രമികള്‍ നഗരത്തിലും നാട്ടിന്‍പുറങ്ങളിലും ഒരുപോലെ അഴിഞ്ഞാടി. എല്ലാം ഇട്ടെറിഞ്ഞ് പോകാന്‍കഴിയാത്തവരും എണീറ്റുനടക്കാനാകാത്തവരും കണ്ണില്ലാത്ത കാപാലികരുടെ കരുണതേടി. അവരിലൊരാളായി അഹമ്മദാബാദ് നഗരത്തില്‍ തയ്യല്‍ക്കട നടത്തുന്ന കുത്ബുദീന്‍ അന്‍സാരി. തലനാരിഴയ്ക്ക് ജീവന്‍ തിരിച്ചുകിട്ടിയ അന്‍സാരിയുടെ ചിത്രം ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. അന്‍സാരിയെ ജനം തിരിച്ചറിഞ്ഞു. ചെല്ലുന്നിടത്തൊക്കെയും അവഗണന. അന്‍സാരിയെക്കണ്ടാല്‍ ആളുകള്‍ മാറാന്‍ തുടങ്ങി. ബന്ധുക്കളുടെപോലും വീടിനുമുന്നിലെത്തുമ്പോള്‍ വാതിലടച്ചു. അങ്ങനെ എത്രയോ അനുഭവങ്ങള്‍. കലാപം കെട്ടടങ്ങിയശേഷമാണ് തിരികെ അഹമ്മദാബാദില്‍ എത്തിയത്. വീണ്ടും തയ്യല്‍ത്തൊഴിലില്‍ വ്യാപൃതനായ അന്‍സാരിക്ക് പൊള്ളുന്ന ഓര്‍മയാണ് ഗുജറാത്ത് കലാപം. ഏതു നാടിനും ഒരു മുഖച്ഛായയുണ്ട്. ഗുജറാത്തിന്റെ മുഖച്ഛായ കലാപത്തിന്റേതായി എന്ന നാണക്കേട് പേറുകയാണ് ഗാന്ധിജിയുടെ നാട്ടുകാര്‍ . ദുരന്തങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ ജീവിതംതന്നെ ഹോമിക്കേണ്ടിവരുമോ എന്ന ഭയാശങ്കയില്‍ കഴിഞ്ഞുക്കൂടിയ അന്‍സാരിയുടെ അന്തഃസംഘര്‍ഷങ്ങള്‍ ഒന്നൊന്നായി സ്റ്റേജില്‍ അവതരിപ്പിക്കുകയായിരുന്നു ജിതേഷ്. ഗോപി കുറ്റിക്കോല്‍ രചനയും സംവിധാനവും നേമം പുഷ്പരാജ് കലാസംവിധാനവും നിര്‍വഹിച്ചു.

ദേശാഭിമാനി 050611

1 comment:

  1. കുത്ബുദീന്‍ അന്‍സാരി മനസ്സിലൊതുക്കിയ അന്തഃസംഘര്‍ഷങ്ങള്‍ ജിതേഷ് ദാമോദര്‍ വേഷമിട്ട "കുത്ബുദീന്‍ അന്‍സാരി" എന്ന ഏകപാത്ര നാടകത്തിലൂടെ വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ അരങ്ങേറിയത് കലാസ്നേഹികള്‍ക്ക് വേറിട്ട അനുഭവമായി. ഗുജറാത്തിലെ കലാപനാളുകളില്‍ കൊടുവാളുമായി ചുറ്റും നില്‍ക്കുന്നവരോട് തന്റെ പ്രാണന്‍ തട്ടിയെടുക്കരുതെന്ന് നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി തൊഴുകൈയോടെ, താണുകേണപേക്ഷിക്കുന്ന യുവാവിന്റെ രൂപം ആരുടെയും മനസ്സില്‍നിന്ന് മാഞ്ഞുപോകില്ല. എല്ലാ കലാപത്തിനും ജനവിരുദ്ധ മുഖമുണ്ടെന്ന സന്ദേശം നല്‍കുന്ന വീഡിയോ ചിത്രത്തോടെയാണ് നാടകം ആരംഭിക്കുന്നത്. കലാപകാരികളില്‍നിന്ന് രക്ഷപ്പെട്ട് ബംഗാളില്‍ അഭയംതേടിയ അന്‍സാരിയുടെ കലാപകാലത്തെ മാനസികസംഘര്‍ഷങ്ങള്‍ അനാവരണം ചെയ്യുകയാണ് "കുത്ബുദീന്‍ അന്‍സാരി" എന്ന ഏകപാത്ര നാടകത്തിലൂടെ കേരള കൗമുദി ഫോട്ടോഗ്രഫര്‍ കൂടിയായ ജിതേഷ് ദാമോദര്‍ . ഒപ്പം ഒരു ചിത്രം എങ്ങനെ ഒരാളിന്റെ ജീവിതം മാറ്റിമറിക്കുന്നുവെന്ന് വരച്ചുകാട്ടുകയും ചെയ്യുന്നു.

    ReplyDelete