Sunday, June 12, 2011

ഉമാഭാരതിയുടെ തിരിച്ചുവരവ് ബി ജെ പിയില്‍ ചേരിതിരിവുണ്ടാക്കും

ബി ജെ പിയുടെ തീപ്പൊരി നേതാവായി അറിയപ്പെട്ടിരുന്ന ഉമാഭാരതി തിരിച്ചെത്തിയത് പാര്‍ട്ടിയില്‍ ചേരിപോരിന് വഴിതുറക്കും. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ഉമാഭാരതി, എല്‍ കെ അദ്വാനിയെ പരസ്യമായി അധിഷേപിച്ചതിനെ തുടര്‍ന്നാണ് ബി ജെ പിയില്‍ നിന്നും പുറന്തള്ളപ്പെട്ടത്. ഇപ്പോള്‍ ആര്‍ എസ് എസ് ഇടപെട്ടാണ് ഉമാഭാരതിയെ തിരിച്ചുകൊണ്ടുവന്നിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ അടുത്തവര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ നയിക്കുക ഉമാഭാരതിയായിരിക്കുമെന്നാണ് ആര്‍ എസ് എസ് വൃത്തങ്ങള്‍ പറയുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജസിംഗ് ചൗഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉമാഭാരതിയെ തിരിച്ചെടുക്കുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ഉമാഭാരതിയെ തിരിച്ചെടുക്കുന്നത് യു പി നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ നില മെച്ചപ്പെടുത്താന്‍ അനിവാര്യമാണെന്ന ആര്‍ എസ് എസിന്റെ നിലപാട് ലക്‌നൗവില്‍ നടന്ന ബി ജെ പി ദേശീയ എക്‌സിക്യുട്ടീവ് അംഗീകരിക്കുകയായിരുന്നു. പിന്നോക്ക സമുദായാംഗമായ ഉമാഭാരതിയെ മുന്നില്‍ നിര്‍ത്തി ക്യാമ്പെയിന്‍ നടത്തുന്നത് നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ആര്‍ എസ് എസിന്റെ വിലയിരുത്തല്‍. യു പിയില്‍ ബി ജെ പിക്ക് അധികാരത്തില്‍ വരാന്‍ മുമ്പ് സാധിച്ചത് പിന്നോക്ക സമുദായക്കാരനായ കല്യാണ്‍സിംഗ് നേതൃത്വത്തിലുണ്ടായിരുന്നപ്പോഴായിരുന്നു.

ബാബ്‌റി മസ്ജിദ് തകര്‍ക്കുമ്പോള്‍ കല്യാണ്‍സിംഗായിരുന്നു മുഖ്യമന്ത്രി. ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നതിന് നേതൃത്വം നല്‍കിയവരിലൊരാള്‍ ഉമാഭാരതിയായിരുന്നു. ബി ജെ പിയില്‍ നിന്നും പുറത്തുപോയശേഷം ഉമാഭാരതി സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയെങ്കിലും നിയമസഭ - ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ അവരുടെ പാര്‍ട്ടിക്ക് നേട്ടം കൊയ്യാനായില്ല. എന്നാല്‍ പല മണ്ഡലങ്ങളിലും ബി ജെ പിയുടെ പരാജയത്തിനു വഴിയൊരുക്കിയത് ഉമാഭാരതിയുടെ പാര്‍ട്ടിയുടെ സാന്നിധ്യമായിരുന്നു.

ലോധ് സമുദായത്തില്‍പ്പെട്ടവരാണ് ഉമാഭാരതിയും കല്യാണ്‍സിംഗും. കല്യാണ്‍സിംഗിനാണ് ഇപ്പോള്‍ ലോധ് സമുദായത്തില്‍ സ്വാധീനമുള്ളത്. ഉമാഭാരതിയെ ഉയര്‍ത്തിക്കാണിച്ചാല്‍ ലോധ് സമൂദായത്തിന്റെയും പൊതുവില്‍ പിന്നോക്കക്കാരുടെയും പിന്തുണ നേടാനാവുമെന്നാണ് ബി ജെ പി നേതാക്കന്‍മാരുടെ കണക്കുകൂട്ടല്‍.

ഉമാഭാരതി യു പിയില്‍ ബി ജെ പിയുടെ നേതാവായി ഉയര്‍ന്നുവരുന്നതില്‍ രാജ്‌നാഥ്‌സിംഗ്, കല്‍രാജ് മിശ്ര, ലാല്‍ജി ടാന്‍ഡന്‍, ഓംപ്രകാശ്‌സിംഗ്, ബി ജെ പി സംസ്ഥാന പ്രസിഡന്റ് സൂര്യപ്രതാപ് സാഹി തുടങ്ങിയവരെല്ലാം അസ്വസ്ഥരാണ്. ഉമാഭാരതിയുമായി യോജിച്ച് പ്രവര്‍ത്തിക്കുക പ്രയാസകരമാണെന്നാണ് ഇവരെല്ലാം രഹസ്യമായി പറയുന്നത്.

ഉമാഭാരതിയെ ഉയര്‍ത്തിക്കാണിക്കുന്നതുകൊണ്ട് യു പിയില്‍ ബി ജെ പിക്ക് നേട്ടമുണ്ടാകില്ലെന്നാണ്  കല്യാണ്‍സിംഗ് അഭിപ്രായപ്പെട്ടത്. ''തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട നേതാവാണ് ഉമാഭാരതി. അവരെ മുന്നില്‍നിര്‍ത്തി ബി ജെ പിക്ക് വിജയിക്കാനാവില്ല'' എന്നദ്ദേഹം പറഞ്ഞു.

യു പി നിയമസഭ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കി കളിക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നതെന്നതിന്റെ സൂചന കൂടിയാണ് ഉമാഭാരതിയുടെ തിരിച്ചുവരവ്. അയോധ്യാ പ്രശ്‌നം തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാന്‍ ഉമാഭാരതിയുടെ സാന്നിധ്യം സഹായകരമാകും.

പ്രദീപ് കപൂര്‍ janayugam 120611

1 comment:

  1. ബി ജെ പിയുടെ തീപ്പൊരി നേതാവായി അറിയപ്പെട്ടിരുന്ന ഉമാഭാരതി തിരിച്ചെത്തിയത് പാര്‍ട്ടിയില്‍ ചേരിപോരിന് വഴിതുറക്കും. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ഉമാഭാരതി, എല്‍ കെ അദ്വാനിയെ പരസ്യമായി അധിഷേപിച്ചതിനെ തുടര്‍ന്നാണ് ബി ജെ പിയില്‍ നിന്നും പുറന്തള്ളപ്പെട്ടത്. ഇപ്പോള്‍ ആര്‍ എസ് എസ് ഇടപെട്ടാണ് ഉമാഭാരതിയെ തിരിച്ചുകൊണ്ടുവന്നിരിക്കുന്നത്.

    ReplyDelete