Thursday, June 23, 2011

സര്‍ക്കാര്‍ പിന്മാറ്റം കടുത്ത അനീതി: സിപിഐ എം

ഉന്നത വിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതി ഉറപ്പുവരുത്തേണ്ട സര്‍ക്കാര്‍ അതില്‍നിന്ന് പിന്തിരിയുന്നത് കടുത്ത അനീതിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ വിദ്യാര്‍ഥിപ്രവേശനം, ഫീസ് നിര്‍ണയം എന്നിവയില്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേക നിലപാടില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചതിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ യഥാര്‍ഥമുഖം വെളിപ്പെട്ടിരിക്കയാണ്. പഠിക്കാന്‍ സമര്‍ഥരും സാമ്പത്തികമായി പിന്നണിയില്‍ നില്‍ക്കുന്നവരുമായ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും യുഡിഎഫ് സര്‍ക്കാര്‍ തീ തീറ്റിക്കുകയാണ്.

സ്വാശ്രയ സ്ഥാപനങ്ങളുടെ പ്രവേശനവും ഫീസും നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രത്യേക സമിതി രൂപീകരിക്കാമെന്ന് ഇനാംദാര്‍ കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനത്തിനും ഫീസ് നിര്‍ണയത്തിനും ജസ്റ്റിസ് പി എ മുഹമ്മദ് അധ്യക്ഷനായി പ്രത്യേക കമ്മിറ്റിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപംനല്‍കിയത്. എന്നാല്‍ , സ്വാശ്രയ മാനേജ്മെന്റുകളുടെ വിദ്യാഭ്യാസക്കച്ചവടത്തിന് കൂട്ടുനിന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയെ ഹൈക്കോടതിയില്‍ തള്ളിപ്പറഞ്ഞിരിക്കുകയാണ്. സ്വാശ്രയ മെഡിക്കല്‍കോളേജിലെ 50 ശതമാനം പിജി മെറിറ്റ് സീറ്റ് ഏറ്റെടുത്ത് ഉത്തരവിറക്കി രണ്ടാഴ്ച പിന്നിട്ടിട്ടും തുടര്‍നടപടിയെടുക്കാതെ സര്‍ക്കാര്‍ മാനേജ്മെന്റുകളുമായി ഒത്തുകളിക്കുകയാണ്. സീറ്റ് ഏറ്റെടുത്തതിനെതിരെ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ച് കേസില്‍ കക്ഷിചേരാനും നിയമ നടപടി ശക്തമാക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍കോളേജുകളിലെ മുഴുവന്‍ എംബിബിഎസ് സീറ്റിലും മാനേജ്മെന്റുകള്‍ക്ക് സ്വന്തം നിലയില്‍ പ്രവേശനം നടത്താനുള്ള അവസരമാണ് യുഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്.

എംബിബിഎസ് കോഴ്സിന് മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച ഫീസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച മുഹമ്മദ് കമ്മിറ്റിയെ കൈയൊഴിഞ്ഞ് സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് അനുകൂലമായി യുഡിഎഫ് സര്‍ക്കാര്‍ തുറന്ന നിലപാടെടുത്തത് ജനാധിപത്യത്തെയും സാമൂഹ്യനീതിയെയും ഭഭരണഘടനയോടുള്ള സാമൂഹ്യ പ്രതിബദ്ധതയെയും ലംഘിക്കുന്നതാണ്. ഇതിനെതിരെ ശക്തിയായി പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളോടും സാമൂഹ്യനീതി കാംക്ഷിക്കുന്നവരോടും സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

deshabhimani 230611

1 comment:

  1. ഉന്നത വിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതി ഉറപ്പുവരുത്തേണ്ട സര്‍ക്കാര്‍ അതില്‍നിന്ന് പിന്തിരിയുന്നത് കടുത്ത അനീതിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ വിദ്യാര്‍ഥിപ്രവേശനം, ഫീസ് നിര്‍ണയം എന്നിവയില്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേക നിലപാടില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചതിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ യഥാര്‍ഥമുഖം വെളിപ്പെട്ടിരിക്കയാണ്. പഠിക്കാന്‍ സമര്‍ഥരും സാമ്പത്തികമായി പിന്നണിയില്‍ നില്‍ക്കുന്നവരുമായ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും യുഡിഎഫ് സര്‍ക്കാര്‍ തീ തീറ്റിക്കുകയാണ്.

    ReplyDelete