Wednesday, June 1, 2011

എകെജിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ മുക്കൂട്ടുമുന്നണി മുട്ടുമടക്കി

എ കെ ജിയുടെ കഠിനവും തീക്ഷ്ണവുമായ അമരാവതി സമരത്തിലൂടെ നേടാനായത് പിറന്ന മണ്ണില്‍ മലയോര കര്‍ഷകരുടെ ജീവിക്കാനുള്ള അവകാശം. എണ്ണമറ്റ സമരങ്ങള്‍ക്ക് എ കെ ജി നേതൃത്വം നല്‍കിയിട്ടുണ്ടെങ്കിലും ഇത്രയേറെ ക്ലേശവും ബുദ്ധിമുട്ടും സഹിച്ച സമരം മുമ്പും ശേഷവും ഉണ്ടായിട്ടില്ലെന്ന് എകെജി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജീവിക്കാനൊരല്‍പ്പം മണ്ണുതേടി മലനാട്ടിലെത്തി പ്രതികൂല സാഹചര്യങ്ങളെ കീഴടക്കി ജീവിതം മെല്ലെ പുഷ്ടിപ്പെടുത്തുമ്പോഴായിരുന്നു കര്‍ഷകരെ നിരാലംബരാക്കി തെരുവിലേക്ക് വലിച്ചെറിയപ്പെട്ടത്. ഒരു ഘട്ടത്തില്‍ കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍തന്നെ കര്‍ഷകജനതയുടെ അന്ധകരായി മാറി. ഭൂമിയില്ലാത്തവരും തൊഴില്‍രഹിതരുമായ പാവങ്ങളെയാണ് ഹൈറേഞ്ചില്‍ സര്‍ക്കാര്‍ കുടിയിരുത്തിയത്. കൈവശക്കാരെ ഒഴിപ്പിക്കില്ലെന്നും ഭൂരഹിതര്‍ക്ക് എവിടെയെങ്കിലും ഭൂമി നല്‍കുമെന്നും 1957ലെ ഇ എം എസ് മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ചുള്ള പരിരക്ഷയും ആ മന്ത്രിസഭയുടെ അവസാന നാളുകള്‍വരെ കര്‍ഷകര്‍ക്ക് നല്‍കി.

എന്നാല്‍ ആ ജനകീയ സര്‍ക്കാരിനെ വിമോചന സമരത്തിലൂടെ തകര്‍ത്തെറിഞ്ഞ രാഷ്ട്രീയ ശക്തികളും പിന്നീട് അധികാരത്തില്‍വന്ന മുക്കൂട്ട് മുന്നണി മന്ത്രിസഭയും കുടിയേറ്റ കര്‍ഷകരോട് കൊടുംപാതകം ചെയ്യുകയായിരുന്നു. ഈ കര്‍ഷക വിരുദ്ധ നിലപാട് വീണ്ടും ആവര്‍ത്തിക്കുന്നത് കേരളം പലതവണ കണ്ടെങ്കിലും കര്‍ഷകര്‍ക്കായി മുതലക്കണ്ണീരൊഴുക്കുന്ന രാഷ്ട്രീയ നയം പലതവണ പരീക്ഷിക്കപ്പെട്ടു. വേണ്ടിവന്നാല്‍ രക്തരൂക്ഷിതമായ ബലപ്രോയോഗത്തിലൂടെ കര്‍ഷക ജനതയെ കുടിയൊഴിപ്പിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന പട്ടംതാണുപിള്ളയും ഉപമുഖ്യമന്ത്രി ആര്‍ ശങ്കറും പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. കര്‍ഷകരുടെ പ്രതിഷേധശബ്ദം അടയ്ക്കാന്‍ പട്ടാളത്തെയും ഇറക്കി.

നാട്ടിലെവിടെയും കര്‍ഷകദ്രോഹ നടപടിയുണ്ടായെന്നറിഞ്ഞാല്‍ ഓടിയെത്തുന്ന എ കെ ജി സ്വന്തം ജീവന്‍പോലും അവഗണിച്ചാണ് അമരാവതി സമരഭൂമിയിലെത്തിയത്. 1961 ജൂണ്‍ അഞ്ചിന് കോട്ടയത്ത് നടന്ന വമ്പിച്ച കര്‍ഷക സമ്മേളനത്തിലാണ് കുടിയിറക്കിനെതിരെ നിരാഹാരസമരം പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം കുമളി അമരാവതിയില്‍ കര്‍ഷകരോടൊപ്പം നിരാഹാരം തുടങ്ങിയത് രാജ്യത്താകെ ചര്‍ച്ചയായി.

വൈകിട്ട് സമരകേന്ദ്രത്തിലെത്തിയ എകെജിയെയും ഇഎംഎസിനെയും മറ്റ് നേതാക്കളെയും സ്ത്രീകളും കുട്ടികളും അഭയാര്‍ഥികളും അടങ്ങുന്ന വന്‍ജനാവലി സ്നേഹപൂര്‍വം വരവേറ്റു. ഞങ്ങള്‍ രാവിലെ മുതല്‍ മഴ നനഞ്ഞ് നില്‍ക്കുകയാണെന്നും ഇനിയും എത്രനേരം വേണമെങ്കിലും കാത്തുനില്‍ക്കാന്‍ തയ്യാറാണെന്നും ജനാവലി അറിയിച്ചതോടെ എകെജി അനാരോഗ്യം മറന്ന് സമരപ്പന്തലില്‍ നിരാഹാര സമരം ആരംഭിച്ചു. സമരപ്പന്തലിലേക്ക് നാനാതുറകളിലുള്ളവരുടെ വന്‍ പ്രവാഹം തന്നെയുണ്ടായി. ക്രിസ്ത്യാനി സ്ത്രീകള്‍ ബൈബിളുമായി എകെജിയുടെ സമീപം നിന്ന് ജീവനുവേണ്ടി പ്രാര്‍ഥിച്ചു. പിന്നീട് സര്‍വമത പ്രാര്‍ഥനയും നാടാടെ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും അലയടിച്ചു. നാടാകെ വീശിയടിച്ച പ്രതിഷേധ കൊടുങ്കാറ്റില്‍ കോണ്‍ഗ്രസ് ഭരണാധികാരികള്‍ മുട്ടുമടക്കി. ഏത് എ കെ ജി, എന്ത് സമരം എന്ന് പുഛിച്ച് തള്ളിയ പട്ടംതാണുപിള്ളതന്നെ പാവങ്ങളുടെ പടത്തലവന് മുമ്പില്‍ കീഴ്പ്പെടുന്ന ചരിത്രം കുറിക്കപ്പെട്ടു. ഈ സമരം പിന്നീട് മറ്റ് സമരങ്ങള്‍ക്ക് ആവേശവും ഉന്‍മേഷനും പകരുന്നതായി.
(കെ ടി രാജീവ്)

ഓര്‍മകള്‍ പുതുക്കി കീരിത്തോട്ടില്‍ കര്‍ഷകസംഗമം 7ന്

ചെറുതോണി: ഒരുതുണ്ട് ഭൂമിക്കുവേണ്ടി നടന്നിട്ടുള്ള പോരാട്ടങ്ങള്‍ ചരിത്രമാവുകയാണ്. ഈ സമരത്തില്‍ പങ്കെടുത്ത് കൊടിയ മര്‍ദ്ദനത്തിന്റെയും ജയില്‍വാസത്തിന്റെയും പട്ടിണിയുടെയും ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളുമായി ഇന്നും ജീവിച്ചിരിക്കുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. ഇവരുടെ വാക്കുകളും ഓര്‍മകളും പുതുതലമുറ ചിന്തിക്കാവുന്നതിലും അപ്പുറമാണ്. പ്രകൃതിദുരന്തങ്ങളും വന്യമൃഗങ്ങളുടെ ആക്രമണവും മാറാരോഗങ്ങളും അലട്ടുന്ന കര്‍ഷകനുമേല്‍ കുടിയിറക്കെന്ന മരണമണിയുമായി അധികാരവര്‍ഗത്തിന്റെ ആരാച്ചാരന്‍മാര്‍ ഓടിയെത്തി വന്‍ദുരന്തമാണ് വിതച്ചത്. കൃഷിദേഹണ്ഡങ്ങള്‍ വെട്ടിനിരത്തിയും വീടുകള്‍ക്ക് തീയിട്ടും ഇവര്‍ സംഹാരതാണ്ഡവമാടി. അമരാവതിയിലും ചുരുളി കീരിത്തോട്ടിലും അയ്യപ്പന്‍കോവിലിലും വണ്ണപ്പുറത്തുമെല്ലാം നടന്ന ഭൂസമരങ്ങള്‍ കര്‍ഷകമനസുകളില്‍ ഇന്നും നിലകൊള്ളുന്നതാണ്.

അമരാവതി സമരത്തിന്റെ അമ്പതാം വാര്‍ഷികവും അഖിലേന്ത്യ കിസാന്‍സഭയുടെ 75-ാം വാര്‍ഷികവും ആഘോഷിക്കുന്ന ഈ കാലയളവില്‍ ഭൂമിക്കുവേണ്ടിയുള്ള ഐതിഹാസികമായ പോരാട്ടങ്ങള്‍ സാക്ഷ്യംവഹിച്ച കീരിത്തോട്ടില്‍ ആയിരക്കണക്കിന് കര്‍ഷകരെ അണിനിരത്തി ജൂണ്‍ ഏഴിന് ജില്ലാതല സെമിനാര്‍ നടത്തും. ചുരുളി കീരിത്തോട് പ്രദേശങ്ങളില്‍ ജീവിച്ചിരിക്കുന്ന സമരഭടന്‍മാര്‍ക്കും പ്രദേശത്തെ കര്‍ഷകര്‍ക്കും സമരത്തിന്റെ ഓര്‍മപുതക്കലാകുമത്.

പോരാട്ടങ്ങള്‍ക്കൊടുവില്‍ 1965 ജൂണ്‍ ഒന്നുമുതല്‍ തുടരെ 105ദിവസം നടന്ന കേസ് കര്‍ഷകര്‍ക്ക് അനുകൂലമായി വിധിയെഴുതി. ഇതേതുടര്‍ന്ന് അന്നത്തെ ഗവര്‍ണര്‍ ഭരണം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതോടെ കേസ് പിന്നെയും നീണ്ടു. 1967ല്‍ ഇ എം എസ് മന്ത്രിസഭ വീണ്ടും അധികാരത്തില്‍വന്നു. ഈ മന്ത്രസഭ ഹൈക്കോടതിയില്‍നിന്നും കേസ് പിന്‍വലിച്ചു. കര്‍ഷകര്‍ക്കനുകൂലമായ നിലപാട് സ്വീകരിച്ചു. ചുരുളി കീരിത്തോട്ടില്‍നിന്നും കുടിയിറക്കിയ മുഴുവന്‍ കര്‍ഷകര്‍ക്കും അതേ ഭൂമിതന്നെ നല്‍കി ചരിത്രം തിരുത്തി.

ഏഴിന് നടക്കുന്ന കര്‍ഷക സെമിനാറില്‍ കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍ , സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം എം എം മണി, എന്‍ വി ബേബി, സി വി വര്‍ഗീസ്, എന്‍ ശിവരാജന്‍ എന്നിവര്‍ പങ്കെടുക്കും. സെമിനാറിന്റെ ഭാഗമായി എകെജിയോടൊപ്പം സമരത്തില്‍ പങ്കെടുക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തവരെ ആദരിക്കും.
(കെ സന്തോഷ്കുമാര്‍)

deshabhimani 310511 & 010611

1 comment:

  1. എ കെ ജിയുടെ കഠിനവും തീക്ഷ്ണവുമായ അമരാവതി സമരത്തിലൂടെ നേടാനായത് പിറന്ന മണ്ണില്‍ മലയോര കര്‍ഷകരുടെ ജീവിക്കാനുള്ള അവകാശം. എണ്ണമറ്റ സമരങ്ങള്‍ക്ക് എ കെ ജി നേതൃത്വം നല്‍കിയിട്ടുണ്ടെങ്കിലും ഇത്രയേറെ ക്ലേശവും ബുദ്ധിമുട്ടും സഹിച്ച സമരം മുമ്പും ശേഷവും ഉണ്ടായിട്ടില്ലെന്ന് എകെജി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജീവിക്കാനൊരല്‍പ്പം മണ്ണുതേടി മലനാട്ടിലെത്തി പ്രതികൂല സാഹചര്യങ്ങളെ കീഴടക്കി ജീവിതം മെല്ലെ പുഷ്ടിപ്പെടുത്തുമ്പോഴായിരുന്നു കര്‍ഷകരെ നിരാലംബരാക്കി തെരുവിലേക്ക് വലിച്ചെറിയപ്പെട്ടത്. ഒരു ഘട്ടത്തില്‍ കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍തന്നെ കര്‍ഷകജനതയുടെ അന്ധകരായി മാറി. ഭൂമിയില്ലാത്തവരും തൊഴില്‍രഹിതരുമായ പാവങ്ങളെയാണ് ഹൈറേഞ്ചില്‍ സര്‍ക്കാര്‍ കുടിയിരുത്തിയത്. കൈവശക്കാരെ ഒഴിപ്പിക്കില്ലെന്നും ഭൂരഹിതര്‍ക്ക് എവിടെയെങ്കിലും ഭൂമി നല്‍കുമെന്നും 1957ലെ ഇ എം എസ് മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ചുള്ള പരിരക്ഷയും ആ മന്ത്രിസഭയുടെ അവസാന നാളുകള്‍വരെ കര്‍ഷകര്‍ക്ക് നല്‍കി.

    ReplyDelete