Thursday, June 9, 2011

ലക്ഷ്യം മെറിറ്റ് സീറ്റ് തട്ടിയെടുക്കല്‍

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസും പ്രവേശനവും സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിയുമായി ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയില്‍ മാനേജ്മെന്റുകള്‍ അവരവരുടെ നിലപാടില്‍ ഉറച്ചുതന്നെ. എല്ലാവര്‍ക്കും ആവശ്യം ഒന്നാണ്- മെറിറ്റ് ക്വാട്ട പറ്റില്ല, കുറഞ്ഞ ഫീസുമില്ല. മാനേജ്മെന്റുകളുടെ ആവശ്യങ്ങള്‍ കേട്ട മന്ത്രിസഭാ ഉപസമിതി തീരുമാനമൊന്നുമെടുക്കാതെ ചര്‍ച്ച അവസാനിപ്പിച്ചു. 14ന് വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് അറിയിച്ചതെങ്കിലും കാര്യമായ തീരുമാനമുണ്ടാകാനിടയില്ല. 11 സ്വാശ്രയ മെഡിക്കല്‍ കോളേജുകളെ പ്രതിനിധാനംചെയ്യുന്ന മാനേജ്മെന്റ് അസോസിയേഷന്‍ , ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള മാനേജ്മെന്റ് ഫെഡറേഷന്‍ , എംഇഎസ് മാനേജ്മെന്റ് എന്നിവ മൂന്ന് തട്ടിലായി ഒരേ നിലപാടാണ് യോഗത്തില്‍ അവതരിപ്പിച്ചത്. ഇനിമുതല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസില്‍ കുട്ടികളെ പഠിപ്പിക്കാനാകില്ലെന്ന നിലപാടില്‍ ഐക്യമായിരുന്നു എല്ലാവര്‍ക്കും. ഫെഡറേഷന്‍കൂടി തയ്യാറാണെങ്കില്‍ 50 ശതമാനം സീറ്റ് ഈ വര്‍ഷവും നല്‍കാമെന്ന് പറയുന്ന അസോസിയേഷന്‍ ഭാരവാഹികള്‍ ഏകീകൃത ഫീസ് എന്ന പുതിയ ആവശ്യവും ഉന്നയിച്ചു. എല്ലാ വിദ്യാര്‍ഥികള്‍ക്കും മൂന്നര ലക്ഷം ഫീസ് എന്നാണ് പറയുന്നത്. ഇതിനര്‍ഥം മെറിറ്റ് വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവില്ല എന്നാണ്. സര്‍ക്കാര്‍ ആവശ്യമെങ്കില്‍ ഫീസിളവ് നല്‍കട്ടെ എന്ന വാദവും ഇവര്‍ ഉന്നയിച്ചു.
ഇതുതന്നെയാണ് ചെറിയ വ്യത്യാസത്തോടെ ഫെഡറേഷനും പറയുന്നത്. ഈ വര്‍ഷം സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന് വിദ്യാര്‍ഥികളെ എടുക്കില്ല. പക്ഷേ ഫീസ് എല്ലാവര്‍ക്കും ഒരുപോലെ, മൂന്നര ലക്ഷം വീതം. അസോസിയേഷനില്‍ അംഗമാണെങ്കിലും എംഇഎസ് മാനേജ്മെന്റ് വ്യത്യസ്ത നിലപാട് സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷത്തെ പോലെ മെറിറ്റും സാമൂഹ്യനീതിയും ഉറപ്പുവരുത്തി നാല് വ്യത്യസ്ത സ്ലാബുകളായി സര്‍ക്കാരിന് ഫീസ് നിശ്ചയിക്കാം. ബിപിഎല്‍ , സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്നവര്‍ , എസ്സി-എസ്ടി വിഭാഗം, മെറിറ്റിലെത്തുന്ന മറ്റുള്ളവര്‍ എന്നിങ്ങനെ നാലായി തിരിച്ചാണ് ഫീസ് നിര്‍ണയിക്കേണ്ടത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന ഫീസ് മെറിറ്റില്‍ എത്തുന്ന പൊതുവിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള 1,38,000 രൂപയാണ്. ഈ ഫീസ് ഘടനയും 50 ശതമാനം സീറ്റും അംഗീകരിക്കാമെന്നാണ് എംഇഎസ് നിലപാട്.

അതേസമയം ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനുകീഴിലുള്ള ഫെഡറേഷനും ഈ തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ തങ്ങളും സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ ദേശാഭിമാനിയോട് പറഞ്ഞു. പ്രവേശന നടപടികള്‍ ഏറെ മുന്നോട്ടുപോയതിനാല്‍ ഈ വര്‍ഷം ഒരു കാരണവശാലും 50 ശതമാനം സീറ്റ് വിട്ടുനല്‍കാനാകില്ലെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ജോര്‍ജ് പോള്‍ പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ 50 ശതമാനം നല്‍കാം. പക്ഷേ, ഏകീകൃത ഫീസ് ആയിരിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്‍കും. ഏകീകൃത ഫീസ് എന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോര്‍ജ് പോള്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് തുടങ്ങിയ കാലം തൊട്ട് ഫെഡറേഷന്‍ ഇതുതന്നെയാണ് പറയുന്നത്. സീറ്റ് നല്‍കാം. ഫീസ് എല്ലാവര്‍ക്കും ഒരുപോലെയാക്കണം. ഇക്കാരണം പറഞ്ഞ് ഓരോ വര്‍ഷവും കരാറില്‍നിന്ന് അവര്‍ പിന്മാറി. വരുംവര്‍ഷങ്ങളിലും അവര്‍ പഴയ നിലപാട് തുടരുമെന്നുറപ്പാണ്. ഇവരുടെ പാത പിന്തുടര്‍ന്ന് അസോസിയേഷനും എംഇഎസും കരാറില്‍നിന്ന് പിന്മാറുന്നതോടെ സ്വാശ്രയ മെഡിക്കല്‍ മേഖലയിലെ 100 ശതമാനം സീറ്റും മാനേജ്മെന്റുകളുടെ കൈയിലാകും.

കാത്തലിക് എന്‍ജി. കോളേജുകള്‍ക്ക് മുന്‍ വര്‍ഷത്തെ ഫീസ് ഈടാക്കാം

കൊച്ചി: കേരള കാത്തലിക് എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷനു കീഴിലുള്ള എന്‍ജിനിയറിങ് കോളേജുകള്‍ക്ക് ഇക്കൊല്ലം കഴിഞ്ഞവര്‍ഷത്തെ ഫീസ് ഈടാക്കാമെന്ന് ഹൈക്കോടതി. 2007-08ലെ ഫീസ് മാത്രമേ ഇക്കൊല്ലം ഈടാക്കാവൂ എന്ന ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. ചെറുതുരുത്തി ജ്യോതി, അമല്‍ജ്യോതി, മറിയന്‍ എന്‍ജിനിയറിങ് കോളേജുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്റെ ഉത്തരവ്. തങ്ങളുടെ വിശദീകരണം തേടാതെയാണ് മുഹമ്മദ് കമ്മിറ്റി നിര്‍ദേശമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഫീസ് നിര്‍ണയകാര്യത്തില്‍ മുഹമ്മദ് കമ്മിറ്റി സ്വീകരിച്ച നടപടി പ്രഥമദൃഷ്ട്യാ നിയമപരമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. കേരള പ്രൈവറ്റ് എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ പ്രവേശനകാര്യത്തില്‍ സര്‍ക്കാരുമായി ധാരണ ഉണ്ടാക്കിയിരുന്നില്ല. ഈ കാരണത്താലാണ് സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ ഇക്കൊല്ലം 2007-08ലെ ഫീസായ 40,000 രൂപ വാര്‍ഷികഫീസും 75,000 രൂപ ഡിപ്പോസിറ്റും മാത്രമേ ഈടാക്കാവൂ എന്ന് കമ്മിറ്റി നിര്‍ദേശിച്ചത്. എന്നാല്‍ , സര്‍ക്കാരുമായി പ്രവേശനകാര്യത്തില്‍ ധാരണ ഉണ്ടാക്കാന്‍ തീരുമാനമില്ലെന്നും തങ്ങള്‍ പ്രത്യേക അസോസിയേഷനായി നിലകൊള്ളുകയാണെന്നും മാനേജ്മെന്റുകള്‍ വാദിച്ചു. എന്നാല്‍ , മുഹമ്മദ് കമ്മിറ്റിക്ക് ഫീസ് നിശ്ചയിക്കുന്നതിന് ഉത്തരവ് തടസ്സമല്ലെന്ന് കോടതി പറഞ്ഞു.

ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു: എംഇഎസ്

ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് കീഴിലെ ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ വിദ്യാര്‍ഥി പ്രവേശന നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റി സര്‍ക്കാരിന് കത്ത് നല്‍കി. 100 ശതമാനം സീറ്റിലും ക്രിസ്ത്യന്‍ മാനേജ്മെന്റ് പ്രവേശനം നടത്തുന്നതിനേയും ഇതിന് കൂട്ടുനില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തെയും രൂക്ഷമായി വിമര്‍ശിച്ചാണ് എംഇഎസ് കത്ത് നല്‍കിയത്.

സാമുദായികതര്‍ക്കങ്ങള്‍ക്കിടയാക്കുന്ന നടപടികളാണ് ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടേതെന്നും ഇത് തടയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ 50 ശതമാനം സീറ്റ് സര്‍ക്കാര്‍ ക്വാട്ടയിലേക്ക് അനുവദിച്ചാലേ എംഇഎസും പകുതി സീറ്റ് സര്‍ക്കാര്‍ ക്വാട്ടയ്ക്ക് അനുവദിക്കൂവെന്ന് സ്വാശ്രയപ്രശ്നം ചര്‍ച്ചചെയ്യുന്ന മന്ത്രിസഭാ ഉപസമിതിയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നു. സാമൂഹികനീതി എല്ലാവര്‍ക്കും ബാധകമാക്കാനും സര്‍ക്കാരിന് നല്‍കിയ വാക്ക് പാലിക്കാനുമാണ് 50:50 സമ്പ്രദായം എംഇഎസ് അംഗീകരിക്കുന്നത്. എന്നാല്‍ , ന്യൂനപക്ഷഅവകാശങ്ങളുടെ പേരില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ജനങ്ങളെ വെല്ലുവിളിക്കുകയും സര്‍ക്കാരിനെ വഞ്ചിക്കുകയാണ്.

എംഇഎസ് കോളേജുകളില്‍ പകുതി സീറ്റില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസില്‍ മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. തങ്ങളുള്‍പ്പെടെ 11 മെഡിക്കല്‍ കോളേജും 15 ഡെന്റല്‍ കോളേജും 50 എന്‍ജിനിയറിങ് കോളേജും ഈ വിധത്തില്‍ പ്രവേശനം നടത്തുമ്പോള്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്തുകയാണ്. കൗണ്‍സിലിനു വേണ്ടി വാദിക്കുന്നത് കോണ്‍ഗ്രസ് എംഎല്‍എമാരും നേതാക്കളുമാണ്. മെഡിക്കല്‍ പി ജി സീറ്റില്‍ 50 ശതമാനം സീറ്റ് സര്‍ക്കാരിന് നല്‍കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടും 100 ശതമാനം സീറ്റിലും പ്രവേശനം നടത്തിയവരെ സര്‍ക്കാര്‍ പ്രതിനിധികള്‍ ന്യായീകരിക്കുന്നത് ശരിയല്ല. എംഇഎസ് 50 ശതമാനം സീറ്റ് പ്രവേശനം നടത്താതെ മാറ്റിവച്ചു. 50:50 ശതമാനം സമ്പ്രദായം തുടരണമെങ്കില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനേയും ഈ സംവിധാനത്തിലേക്ക് കൊണ്ടുവന്നേ പറ്റൂയെന്നും കത്തില്‍ പറയുന്നു.

deshabhimani 090611

1 comment:

  1. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസും പ്രവേശനവും സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിയുമായി ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയില്‍ മാനേജ്മെന്റുകള്‍ അവരവരുടെ നിലപാടില്‍ ഉറച്ചുതന്നെ. എല്ലാവര്‍ക്കും ആവശ്യം ഒന്നാണ്- മെറിറ്റ് ക്വാട്ട പറ്റില്ല, കുറഞ്ഞ ഫീസുമില്ല. മാനേജ്മെന്റുകളുടെ ആവശ്യങ്ങള്‍ കേട്ട മന്ത്രിസഭാ ഉപസമിതി തീരുമാനമൊന്നുമെടുക്കാതെ ചര്‍ച്ച അവസാനിപ്പിച്ചു. 14ന് വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് അറിയിച്ചതെങ്കിലും കാര്യമായ തീരുമാനമുണ്ടാകാനിടയില്ല. 11 സ്വാശ്രയ മെഡിക്കല്‍ കോളേജുകളെ പ്രതിനിധാനംചെയ്യുന്ന മാനേജ്മെന്റ് അസോസിയേഷന്‍ , ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള മാനേജ്മെന്റ് ഫെഡറേഷന്‍ , എംഇഎസ് മാനേജ്മെന്റ് എന്നിവ മൂന്ന് തട്ടിലായി ഒരേ നിലപാടാണ് യോഗത്തില്‍ അവതരിപ്പിച്ചത്. ഇനിമുതല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസില്‍ കുട്ടികളെ പഠിപ്പിക്കാനാകില്ലെന്ന നിലപാടില്‍ ഐക്യമായിരുന്നു എല്ലാവര്‍ക്കും. ഫെഡറേഷന്‍കൂടി തയ്യാറാണെങ്കില്‍ 50 ശതമാനം സീറ്റ് ഈ വര്‍ഷവും നല്‍കാമെന്ന് പറയുന്ന അസോസിയേഷന്‍ ഭാരവാഹികള്‍ ഏകീകൃത ഫീസ് എന്ന പുതിയ ആവശ്യവും ഉന്നയിച്ചു. എല്ലാ വിദ്യാര്‍ഥികള്‍ക്കും മൂന്നര ലക്ഷം ഫീസ് എന്നാണ് പറയുന്നത്. ഇതിനര്‍ഥം മെറിറ്റ് വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവില്ല എന്നാണ്. സര്‍ക്കാര്‍ ആവശ്യമെങ്കില്‍ ഫീസിളവ് നല്‍കട്ടെ എന്ന വാദവും ഇവര്‍ ഉന്നയിച്ചു.

    ReplyDelete