Thursday, June 9, 2011

കള്ളുഷാപ്പുകള്‍ കൂട്ടത്തോടെ അബ്കാരികള്‍ക്ക് വില്‍ക്കുന്നു

സംസ്ഥാനത്ത് കള്ളുഷാപ്പ് ലേലം വീണ്ടും റേഞ്ചടിസ്ഥാനത്തിലാക്കാന്‍ നീക്കം. അബ്കാരികള്‍ക്ക് കള്ളുഷാപ്പ് കൂട്ടമായി നല്‍കുന്നത് ആദ്യം നടപ്പാക്കുക തൃശൂര്‍ ജില്ലയിലാകും. പുതിയ മദ്യനയത്തെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങുന്നതിനുമുമ്പാണ് എക്സൈസ് മന്ത്രിയുടെ നീക്കം. എക്സൈസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ ഇതിനുള്ള നിര്‍ദേശം മന്ത്രി നേരിട്ട് നല്‍കി. ഗ്രൂപ്പ് അടിസ്ഥാനത്തിലും വ്യക്തിപരമായും തൊഴിലാളികളുടെ സഹകരണസംഘങ്ങള്‍ക്കും ഷാപ്പ് ലേലംചെയ്ത് നല്‍കിയത് അട്ടിമറിക്കപ്പെടുന്നതോടെ കള്ളുവ്യവസായംവീണ്ടും അബ്കാരി- സ്പിരിറ്റ് മാഫിയയുടെ കൈയിലാകും. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പരമാവധി ഏഴുഷാപ്പുകള്‍വരെയാണ് ഒന്നിച്ച് വില്‍പ്പന നടത്തിയിരുന്നത്. റേഞ്ചടിസ്ഥാനത്തില്‍ ലേലം തുടങ്ങുന്നതോടെ നൂറില്‍ കുറയാത്ത ഷാപ്പുകള്‍ ഓരോ അബ്കാരിയുടെയും കീഴിലാകും. ഇതു കള്ളുഷാപ്പുകളിലേക്ക് സ്പിരിറ്റ് ഒഴുക്കാനും കാരണമാകും.

കല്ലുവാതുക്കല്‍ മദ്യദുരന്തത്തെ തുടര്‍ന്നാണ് കള്ളുഷാപ്പുകളുടെ റേഞ്ചടിസ്ഥാനത്തിലുള്ള ലേലം അവസാനിപ്പിച്ചത്. അബ്കാരികള്‍ തമ്മിലുള്ള പടലപിണക്കം പലപ്പോഴും മദ്യദുരന്തത്തിന് കാരണമായതും റേഞ്ചടിസ്ഥാനത്തിലുള്ള ലേലം നിരോധനത്തിന് കാരണമായി. എല്‍ഡിഎഫ് സര്‍ക്കാരാണ് കള്ളുഷാപ്പുകളെ അഞ്ചുമുതല്‍ ഏഴുവരെയുള്ള ഗ്രൂപ്പുകളായി വില്‍ക്കാനും ദൂരപരിധി ഏകീകരിക്കാനും തീരുമാനിച്ചത്. വ്യാജമദ്യവില്‍പ്പനയും സ്പിരിറ്റ് കടത്തും തടയാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ നടപടി. പൂട്ടിക്കിടന്ന 1610 ഷാപ്പുകളില്‍ കഴിയുന്നത്ര പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി കൂടിയായിരുന്നു ലേലം നടപടി അവസാനിപ്പിച്ചത്. ഇതിന്റെ ഭാഗമായി കാസര്‍കോട്, കണ്ണൂര്‍ , കോഴിക്കോട് ജില്ലകളില്‍ പൂര്‍ണമായും എറണാകുളം ജില്ലയിലെ മൂന്നുറേഞ്ചിലും കള്ളുഷാപ്പുകള്‍ സഹകരണസംഘങ്ങള്‍ ഏറ്റെടുത്തു. സംഘങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ കള്ളുവിതരണം ചെയ്തതിനാല്‍ കള്ളിന്റെ ഉപഭോഗം കൂടാനും കാരണമായി. ഇത്തരത്തില്‍ സംസ്ഥാനത്താകെ കള്ളുഷാപ്പുകളെ സഹകരണസംഘങ്ങളെ ഏല്‍പ്പിക്കാനായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. മദ്യനിരോധനത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉദയഭാനു കമ്മിറ്റിയും ലഹരി കുറവായ കള്ള് പ്രോത്സാഹിപ്പിക്കണമെന്നും സഹകരണസംഘങ്ങളെ കള്ളുഷാപ്പ് നടത്തിപ്പ് ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

deshabhimani 090611

1 comment:

  1. സംസ്ഥാനത്ത് കള്ളുഷാപ്പ് ലേലം വീണ്ടും റേഞ്ചടിസ്ഥാനത്തിലാക്കാന്‍ നീക്കം. അബ്കാരികള്‍ക്ക് കള്ളുഷാപ്പ് കൂട്ടമായി നല്‍കുന്നത് ആദ്യം നടപ്പാക്കുക തൃശൂര്‍ ജില്ലയിലാകും. പുതിയ മദ്യനയത്തെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങുന്നതിനുമുമ്പാണ് എക്സൈസ് മന്ത്രിയുടെ നീക്കം. എക്സൈസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ ഇതിനുള്ള നിര്‍ദേശം മന്ത്രി നേരിട്ട് നല്‍കി. ഗ്രൂപ്പ് അടിസ്ഥാനത്തിലും വ്യക്തിപരമായും തൊഴിലാളികളുടെ സഹകരണസംഘങ്ങള്‍ക്കും ഷാപ്പ് ലേലംചെയ്ത് നല്‍കിയത് അട്ടിമറിക്കപ്പെടുന്നതോടെ കള്ളുവ്യവസായംവീണ്ടും അബ്കാരി- സ്പിരിറ്റ് മാഫിയയുടെ കൈയിലാകും. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പരമാവധി ഏഴുഷാപ്പുകള്‍വരെയാണ് ഒന്നിച്ച് വില്‍പ്പന നടത്തിയിരുന്നത്. റേഞ്ചടിസ്ഥാനത്തില്‍ ലേലം തുടങ്ങുന്നതോടെ നൂറില്‍ കുറയാത്ത ഷാപ്പുകള്‍ ഓരോ അബ്കാരിയുടെയും കീഴിലാകും. ഇതു കള്ളുഷാപ്പുകളിലേക്ക് സ്പിരിറ്റ് ഒഴുക്കാനും കാരണമാകും.

    ReplyDelete