Thursday, June 16, 2011

സംസ്ഥാനത്ത് വ്യാജ മരുന്ന് വില്‍പ്പന തകൃതി

തൊടുപുഴ:  കേരളത്തില്‍ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സൗകര്യക്കുറവ് മുതലാക്കി വ്യാജമരുന്ന് ലോബി ഗുണനിലവാരം കുറഞ്ഞതും വ്യാജമരുന്നുകളും കേരളത്തില്‍ വ്യാപകമായി വിറ്റഴിക്കുന്നു. ആയിരക്കണക്കിന് വ്യാജ മരുന്നുകളാണ് സിറപ്പായും ക്യാപ്‌സൂളുകളായും സംസ്ഥാനത്തുടനീളം ദിവസവും വിറ്റഴിക്കുന്നത്. ജീവന്‍ രക്ഷാമരുന്നുകളും ഇതില്‍ ഉള്‍പ്പെടുന്നു. പനി, പ്രമേഹം തുടങ്ങിയ രോഗത്തിനുള്ള ഭൂരിപക്ഷം മരുന്നുകള്‍ക്കും ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റി നിഷ്‌കര്‍ഷിക്കുന്ന ഗുണമേന്മ ഇല്ല. ദിനംപ്രതി പ്രമേഹ രോഗികളുടെ എണ്ണം കേരളത്തില്‍ കൂടി വരുന്നത് മുതലെടുക്കാനാണ് മരുന്ന് കമ്പനികളുടെ നീക്കം. നിരവധി കമ്പനികളുടെ മരുന്നുകളാണ് പ്രമേഹ രോഗത്തിനായി ഇപ്പോള്‍ കേരളത്തില്‍ വില്‍പ്പനയ്ക്കുള്ളത്.

സ്വകാര്യ ആശുപത്രികളും മെഡിക്കല്‍ സ്റ്റോറുകളും കേന്ദ്രീകരിച്ചാണ് വ്യാജമരുന്ന് ലോബിയുടെ കച്ചവടം കൂടുതലായും നടക്കുന്നത്. ഡോക്ടര്‍മാരുടെ ആര്‍ത്തിയും സ്വകാര്യ ആശുപത്രി അധികൃതരുടെ ലാഭകൊതിയും മുതലെടുത്താണ് വ്യാജ മരുന്ന് ലോബി കച്ചവടം കൊഴുപ്പിക്കുന്നത്.

വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത ചെറുതും വലുതുമായ നൂറുകണക്കിന് മരുന്ന് കമ്പനികള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്. മരുന്ന് നിര്‍മാണത്തിലെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇവിടെ നിര്‍മിക്കുന്ന മരുന്നുകളുടെ ഏറ്റവും വലിയ വിപണി കേരളമാണ്.
മരുന്ന് നിര്‍മാണ നിയമപ്രകാരം കമ്പനി നിര്‍മിക്കുന്ന ഓരോ ബാച്ച് മരുന്നിന്റെയും അംസ്‌കൃത വസ്തുക്കള്‍ കമ്പനിയുടെ തന്നെ ലാബില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണം. നിര്‍മാണം പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ വീണ്ടും ലാബില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തുകയും വേണം. നിര്‍മാണം പൂര്‍ത്തിയാക്കിയ മരുന്നിന്റെ മൂന്ന് സാമ്പിളുകള്‍ പരിശോധനയ്ക്കായി സംസ്ഥാന ഡ്രഗ് കണ്‍ട്രോളറെ ഏല്‍പ്പിക്കണം. ഇതില്‍ ഒരു സാമ്പിള്‍ സംസ്ഥാന ഡ്രഗ് ടെസ്റ്റിംഗ് ലാബിലും ഒന്ന് കല്‍ക്കട്ടയിലുള്ള സെന്‍ട്രല്‍ ഡ്രഗ് ട്രെസ്റ്റ് ലാബിലും പരിശോധിക്കും. ഒരു സാമ്പിള്‍ സംസ്ഥാന ഡ്രഗ് ടെസ്റ്റ് ലാബില്‍ സൂക്ഷിക്കുകയും  ചെയ്യും. കമ്പനിയുമായി ഗുണനിലവാരത്തെ കുറിച്ച് തര്‍ക്കമുണ്ടയാല്‍ കോടതിയില്‍ ഹാജരാക്കാനാണ് ഒരു സാമ്പിള്‍ ലാബില്‍ സൂക്ഷിക്കുന്നത്.

കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന അലോപ്പതി, ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംസ്ഥാനത്ത് ഒരു ലാബ് മാത്രമാണ് ഉള്ളത്. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡ്രഗ് ടെസ്റ്റിംഗ് ലാബിലാകട്ടെ വര്‍ഷത്തില്‍ 10,000 ല്‍ താഴെ മാത്രം സാമ്പിളുകള്‍ പരിശോധിക്കാനുള്ള സൗകര്യം മാത്രമാണ് ഉള്ളത്. ആയുര്‍വേദ മരുന്നുകളുടെ പൂര്‍ണതോതിലുള്ള പരിശോധനയ്ക്കുള്ള സൗകര്യവും ഇവിടെയില്ല. ഇത് മുതലാക്കിയാണ് വ്യാജമരുന്ന് ലോബി കേരളത്തില്‍ പിടിമുറുക്കിയിരിക്കുന്നത്. എറണാകുളത്തെ കാക്കനാട് 50 കോടി രൂപ മുടക്കില്‍ നിര്‍മിക്കുന്ന റിജണല്‍ ഡ്രഗ് ടെസ്റ്റ് ലാബിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായിവരുന്നു. ഈ ലാബ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ കേരളത്തിലേക്കൊഴുകുന്ന വ്യാജമരുന്നുകള്‍ക്ക് ഒരു പരിധിവരെ തടയിടാനാവുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഷ്യം.
(ജോമോന്‍ വി സേവ്യര്‍)

വിവാദ മരുന്ന് കമ്പനിയുടെ മരുന്നുകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തു

തൊടുപുഴ: പ്രമേഹ രോഗത്തിനുള്ള ജിഎംപി-1 എം മരുന്നുള്‍പ്പെടെ ഹിമാചല്‍ പ്രദേശ് ആസ്ഥാനമായയുള്ള ഡണ്‍കോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ 12 ഇനം മരുന്നുകള്‍ ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തു. ഇടുക്കി ജില്ലയിലെ കമ്പനിയുടെ ഡീലറായ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഡ്രഗ് ഹൗസില്‍ നിന്നാണ് ഇന്നലെ മരുന്നുകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തത്. ജനയുഗം വാര്‍ത്തയെ തുടര്‍ന്ന് സംസ്ഥാന ഡ്രഗ് കണ്‍ട്രോളറുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം ഡ്രഗ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ ജയന്‍ ഫിലിപ്പാണ് മരുന്നുകള്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മരുന്നുകള്‍ തിരുവനന്തപുരത്തെ ഡ്രഗ് ടെസ്റ്റിംഗ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.

janayugom 160611

1 comment:

  1. കേരളത്തില്‍ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സൗകര്യക്കുറവ് മുതലാക്കി വ്യാജമരുന്ന് ലോബി ഗുണനിലവാരം കുറഞ്ഞതും വ്യാജമരുന്നുകളും കേരളത്തില്‍ വ്യാപകമായി വിറ്റഴിക്കുന്നു. ആയിരക്കണക്കിന് വ്യാജ മരുന്നുകളാണ് സിറപ്പായും ക്യാപ്‌സൂളുകളായും സംസ്ഥാനത്തുടനീളം ദിവസവും വിറ്റഴിക്കുന്നത്. ജീവന്‍ രക്ഷാമരുന്നുകളും ഇതില്‍ ഉള്‍പ്പെടുന്നു. പനി, പ്രമേഹം തുടങ്ങിയ രോഗത്തിനുള്ള ഭൂരിപക്ഷം മരുന്നുകള്‍ക്കും ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റി നിഷ്‌കര്‍ഷിക്കുന്ന ഗുണമേന്മ ഇല്ല. ദിനംപ്രതി പ്രമേഹ രോഗികളുടെ എണ്ണം കേരളത്തില്‍ കൂടി വരുന്നത് മുതലെടുക്കാനാണ് മരുന്ന് കമ്പനികളുടെ നീക്കം. നിരവധി കമ്പനികളുടെ മരുന്നുകളാണ് പ്രമേഹ രോഗത്തിനായി ഇപ്പോള്‍ കേരളത്തില്‍ വില്‍പ്പനയ്ക്കുള്ളത്.

    ReplyDelete