Thursday, June 16, 2011

പൊലീസില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ധിക്കുന്നു: ഹൈക്കോടതി

സംസ്ഥാന പൊലീസ് സേനയില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ധിച്ചുവരുകയാണെന്ന് ഹൈക്കോടതി. സമീപകാലത്ത് നടന്ന കസ്റ്റഡി മരണങ്ങളിലും ഗുണ്ടകളെ ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസ് ഓഫീസറുടെ നടപടിയും ഇതിന് ഉദാഹരണമാണെന്ന് ജസ്റ്റിസ് എസ് സിരിജഗന്‍ വിലയിരുത്തി. പൊലീസിനെതിരായ പരാതികള്‍ അടുത്തകാലത്തായി വളരെയധികം വര്‍ധിച്ചുവരുന്നുണ്ട്. ഇത്തരം പരാതികളുടെയും മറ്റും സാഹചര്യം പരിശോധിക്കുമ്പോള്‍ സംസ്ഥാനത്ത് ഇതവസാനിപ്പിക്കാന്‍ നിയമപരമായ ഒരു പുതിയ കാഴ്ചപ്പാട് കൂടിയേതീരൂവെന്ന് കോടതി വ്യക്തമാക്കി. പൊലീസുകാരും ക്രിമിനലുകളുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകള്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുണ്ട്. അടുത്തിടെ പൊലീസ് സേനയിലേക്കുനടന്ന തിരഞ്ഞെടുപ്പില്‍ പരിശീലനത്തിനെത്തിയ നൂറില്‍പ്പരം പേര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കോടതി ഉത്തരവിന്റെ ബലത്തിലാണ് അവര്‍ക്ക് പരിശീലനത്തിന് അവസരമുണ്ടാക്കിയത്. ഇതു സംബന്ധിച്ച ഒരു കേസിലെ ഹര്‍ജിക്കാരനായ കണ്ണൂര്‍ നീലേശ്വരം സ്വദേശി എം ശ്രീകുമാറിന്റെ പരാതി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

കെഎപി ബറ്റാലിയനില്‍ കോണ്‍സ്റ്റബിളായി സെലക്ഷന്‍ ലഭിച്ച ശ്രീകുമാര്‍ ഒരു ക്രിമിനല്‍ കേസിലെ അഞ്ചാം പ്രതിയാണ്. എന്നാല്‍ കേസില്‍ ശിക്ഷ ലഭിച്ചിട്ടില്ല. ക്രിമിനല്‍ കേസ് നിലവിലുള്ള കാരണം ഇയാളെ പരിശീലനത്തിന് വിളിച്ചില്ല. കോടതി ഇടപെട്ട് പരിശീലനം പൂര്‍ത്തിയാക്കിയെങ്കിലും പി എസ് സി നിയമനം നല്‍കിയില്ല. ഈ നടപടിക്കെതിരെയാണ് ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തേ സമാനമായ കേസുകള്‍ ഡിവിഷന്‍ ബെഞ്ചിന് വീടാന്‍ തീരുമാനിച്ചതുപൊലെ ഈ ഹര്‍ജിയും ഡിവിഷന്‍ ബഞ്ചിനുമാറ്റി.
ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടവരെ പൊലീസ് സേനയില്‍ നിയമിച്ചാല്‍ അവര്‍ അധികാരം ജനങ്ങള്‍ക്കുനേരേ പ്രയോഗിക്കും. ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് സാധാരണ ജനങ്ങളാണ്. ഇത്തരക്കാര്‍ക്ക് പൊലീസില്‍ നിയമനം നല്‍കാനാകുമോയെന്നത് സംബന്ധിച്ച് നിയമത്തില്‍ പുനപ്പരിശോധന ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.

അതിനിടെ പൊലീസില്‍ ക്രിമിനല്‍ ബന്ധമുള്ള ഓഫിസര്‍മാരുടെ ലിസ്റ്റ് വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരി നല്‍കിയ ഹര്‍ജി സര്‍ക്കാരിന്റെ നിലപാടിനായി മാറ്റിയിരിക്കുകയാണ്.

janayugom 160611

1 comment: