Tuesday, June 7, 2011

മൂലമ്പള്ളി: സമരക്കാരമായി ധാരണയായെന്ന് മന്ത്രി

മൂലമ്പള്ളിയില്‍ കുടിയൊഴിഞ്ഞവര്‍ക്കായി പ്രത്യേക പാക്കേജിന് രൂപംനല്‍കിയതായി റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമരസമിതിക്കാര്‍ ഉയര്‍ത്തിയ ആവശ്യങ്ങളില്‍ 12 വിഷയത്തില്‍ സര്‍ക്കാരും സമരസമിതിയും ധാരണയായി. പട്ടയമില്ലാത്ത 12 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും. പുനരധിവാസപ്രദേശത്ത് വെള്ളവും വെളിച്ചവുമുള്‍പ്പടെയുള്ള അവശ്യസൗകര്യങ്ങള്‍ ഒരുക്കും. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകള്‍ തീരുന്നതുവരെ പ്രതിമാസം അയ്യായിരം രൂപ അനുവദിക്കും. ബാങ്ക് വായ്പക്കായി പട്ടയ വ്യവസ്ഥയില്‍ ഇളവുനല്‍കും. തീരദേശ പരിപാലന നിയമം ബാധകമാവാത്തതരത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

മൂലമ്പിള്ളി പാക്കേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് മൂലമ്പിള്ളി നിവാസികള്‍ നടത്തിയ സമരം ഒത്തുതീര്‍ന്നതായി റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ സമരസമിതി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മൂലമ്പിള്ളി പാക്കേജ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ധാരണയായതായും മന്ത്രി അറിയിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മൂലമ്പിള്ളി പാക്കേജ് പ്രകാരം കുടിയൊഴിപ്പിക്കപ്പെട്ട 326 കുടുംബത്തില്‍ 299 പേര്‍ക്ക് പുനരധിവാസത്തിന് നേരത്തെ ഭൂമി അനുവദിച്ചിരുന്നു. ഇതില്‍ 287 പേര്‍ക്ക് പട്ടയവും നല്‍കി. സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ കോടതിയില്‍ പോയതിനാല്‍ പാക്കേജിന്റെ പരിധിയില്‍ വരാതിരുന്ന 13 കുടുംബത്തിനുകൂടി ഉടന്‍ പട്ടയം നല്‍കുമെന്നതാണ് തിങ്കളാഴ്ചത്തെ ചര്‍ച്ചയിലെ പ്രധാന തീരുമാനം. ചതുപ്പുനിലം ലഭിച്ച 12 കുടുംബത്തിന് വീട് നിര്‍മാണത്തിന് അടിത്തറയൊരുക്കാന്‍ 75,000 രൂപ വീതം അനുവദിക്കും. തൊഴില്‍സ്ഥാപനം നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ പുനഃസ്ഥാപിക്കാന്‍ സഹായം നല്‍കും. പുനരധിവാസത്തിനായി കണ്ടെത്തിയ 10 കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. തീരദേശ പരിപാലന നിയമത്തില്‍ നിന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. വീട് നിര്‍മാണത്തിന് അടിസ്ഥാന സൗകര്യം ഒരുക്കിയതിനുശേഷം ആറു മാസംവരെ പ്രതിമാസം 5,000 രൂപ വീതം വാടകയിനത്തില്‍ നല്‍കും. കഴിഞ്ഞ 27 മാസത്തെ കുടിശ്ശികയും നല്‍കും. നഷ്ടപരിഹാരത്തുകയുടെ വരുമാന നികുതി ഒഴിവാക്കാന്‍ നടപടിയെടുക്കും. ബാങ്ക് വായ്പ ലഭ്യമാക്കാന്‍ പട്ടയ വ്യവസ്ഥയില്‍ ഇളവു വരുത്തും. കിടപ്പാടം നഷ്ടപ്പെട്ട കുടുംബത്തിലെ ഒരംഗത്തിന് വീതം വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴില്‍ നല്‍കും. കേസുകള്‍ പിന്‍വലിക്കും. പാക്കേജ് സമയബന്ധിതമായി നടപ്പാക്കാന്‍ എറണാകുളം ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റി പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി കെ വി തോമസ്, മന്ത്രിമാരായ കെ ബാബു, കെ എം മാണി, എസ് ശര്‍മ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു. ചെങ്ങറ സമരവും ഒത്തുതീര്‍ക്കുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

deshabhimani 070611

1 comment:

  1. മൂലമ്പള്ളിയില്‍ കുടിയൊഴിഞ്ഞവര്‍ക്കായി പ്രത്യേക പാക്കേജിന് രൂപംനല്‍കിയതായി റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

    ReplyDelete