Saturday, June 18, 2011

എംബിബിഎസ്: എല്ലാ സീറ്റും കച്ചവടത്തിന്

സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ എംബിബിഎസ് സീറ്റിലും മാനേജ്മെന്റ് സ്വന്തംനിലയ്ക്ക് പ്രവേശനം നടത്തും. ക്രിസ്ത്യന്‍ മാനേജുമെന്റ് ഫെഡറേഷന് സര്‍ക്കാര്‍ കീഴടങ്ങിയതാണ് മെറിറ്റ്ക്വാട്ട പൂര്‍ണ്ണമായും ഇല്ലാതാകുന്ന സ്ഥിതിയുണ്ടാക്കിയത്. ഇതോടെ ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസ് നിരക്കില്‍ പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുമെന്ന് ഉറപ്പായി. മന്ത്രിസഭാ ഉപസമിതിയുമായി വ്യാഴാഴ്ച രാത്രി കോട്ടയത്തു നടന്ന ചര്‍ച്ചയില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനുകീഴിലെ മാനേജുമെന്റ് ഫെഡറേഷന്റെ കോളേജുകളില്‍ നൂറുശതമാനവും മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനം നടത്താന്‍ ധാരണയായിരുന്നു. ഈസാഹചര്യത്തില്‍ തങ്ങളും മുഴുവന്‍ സീറ്റിലും സ്വന്തംനിലയ്ക്ക് പ്രവേശനം നടത്തുമെന്ന് എംഇഎസും മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷനും വ്യക്തമാക്കി.

ഈ സാഹചര്യം സൃഷ്ടിച്ചത് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലാണെന്ന് എംഇഎസ് കുറ്റപ്പെടുത്തി. എംബിബിഎസ് പ്രവേശനത്തിനുള്ള സമയം കഴിഞ്ഞെന്ന് കൗണ്‍സില്‍ പറയുന്നത് തെറ്റാണെന്ന് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെപ്തംബര്‍ 30 വരെ സമയമുണ്ട്. എംഡി കോഴ്സുകളുടെ പ്രവേശന നടപടികള്‍ മെയ് 30ന് അവസാനിച്ചതാണ്. ഈ പ്രവേശന നടപടികളില്‍ വിട്ടുവീഴ്ചയാകാമെന്ന് കൗണ്‍സില്‍ പറയുന്നുണ്ട്. ഈ നിലപാട് കാപട്യമാണ്. ഇവരെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഒരു നീക്കുപോക്കിനും സന്നദ്ധമാകില്ലെന്നും എല്ലാവര്‍ക്കും ഏക മാനദണ്ഡം ഉണ്ടാകണമെന്നും സാമൂഹ്യനീതി നടപ്പാക്കണമെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രതിനിധി അഡ്വ. സാജന്‍ പ്രസാദും ഇന്റര്‍ചര്‍ച് കൗണ്‍സിലിന് കീഴടങ്ങിയ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചു. തങ്ങളും എല്ലാസീറ്റിലും സ്വന്തംനിലയില്‍ പ്രവേശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ഈ വര്‍ഷം പരിഹരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തൃശൂരില്‍ പ്രതികരിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം ആവശ്യമായ സാവകാശം കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ കോളേജുകള്‍ ഒഴികെയുള്ള 11 മെഡിക്കല്‍ കോളേജുകളുമായി കഴിഞ്ഞവര്‍ഷം വരെ സര്‍ക്കാര്‍ ധാരണയുണ്ടായിരുന്നു. ഇതിന് കഴിഞ്ഞിരുന്നെങ്കില്‍ ഈ വര്‍ഷവും എംബിബിഎസിന് 750 സീറ്റ് മെറിറ്റ് ക്വോട്ടയില്‍ ലഭിക്കുമായിരുന്നു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് കീഴിലെ കോളേജുകളിലെ 200സീറ്റ് അടക്കം എംബിബിഎസിനു മെറിറ്റ് ക്വോട്ടയില്‍ 950 സീറ്റുണ്ട്. ഈ സീറ്റുകള്‍ വില്‍പ്പന നടത്താനുള്ള അവസരമാണ് സര്‍ക്കാര്‍ മാനേജ്മെന്റുകള്‍ക്കു നല്‍കിയിരിക്കുന്നത്. 30 മുതല്‍ 40 ലക്ഷം രൂപവരെയാണ് മാനേജ്മെന്റ് സീറ്റിന് വാങ്ങുന്ന തലവരി. ആയിരത്തോളം സീറ്റുകളുടെ വില്‍പ്പനയിലൂടെ 300 കോടിയോളം രൂപ കൊള്ളയടിക്കാന്‍ മാനേജുമെന്റുകള്‍ക്ക് അവസരം ലഭിക്കും. യുഡിഎഫും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലും തെരഞ്ഞെടുപ്പിനു മുമ്പുണ്ടാക്കിയ രഹസ്യധാരണ പ്രകാരമാണ് എംബിബിഎസ് മെറിറ്റ് ക്വാട്ട അട്ടിമറിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ എം മാണിയും ഇതിന് നേതൃത്വം നല്‍കി.

ഈ വര്‍ഷം മുഴുവന്‍ സീറ്റിലും മാനേജ്മെന്റുകള്‍ക്ക് സ്വന്തം നിലയില്‍ പ്രവേശനം നടത്താന്‍ ധാരണയായെന്നാണ് മന്ത്രി കെ എം മാണിയും ക്രിസ്ത്യന്‍ മാനേജ്മെന്റ് ഫെഡറേഷന്‍ കോ ഓര്‍ഡിനേറ്റര്‍ ജോര്‍ജ് പോളും ചര്‍ച്ചയ്ക്കുശേഷം പറഞ്ഞത്. അവശേഷിക്കുന്ന കോളേജുകളും സ്വന്തം നിലയില്‍ പ്രവേശനം നടത്തിയാല്‍ എതിര്‍ക്കില്ലെന്ന സൂചനയാണ് മാണിയുടെ വാക്കുകളിലുള്ളത്. മെഡിക്കല്‍ പിജി പ്രവേശനത്തില്‍ മെറിറ്റ് ക്വോട്ട തട്ടിയെടുക്കാന്‍ മാനേജുമെന്റുകള്‍ക്ക് അവസരം നല്‍കിയതിനുപിന്നാലെയാണ് എംബിബിഎസ് പ്രവേശനത്തിലും ഒത്തുകളി നടന്നത്. സ്വാശ്രയ എന്‍ജിനിയറിങ് മാനേജ്മെന്റുകളും സര്‍ക്കാരിനെ സ്വാധീനിച്ച് ഇതേ വഴിക്ക് നീങ്ങാന്‍ തീരുമാനിച്ചുകഴിഞ്ഞു. പതിമൂവായിരത്തിലേറെ മെറിറ്റ് സീറ്റാണ് ഈ കോളേജുകളില്‍ ഉള്ളത്. എന്‍ജിനിയറിങ് മെറിറ്റ് ക്വോട്ടയ്ക്കുള്ള ലിസ്റ്റ് സര്‍ക്കാര്‍ വൈകിക്കുന്നത് ഈ കച്ചവടത്തിന് കൂട്ടുനില്‍ക്കാനാണ്. 22ന് എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റുമായി നടത്തുന്ന ചര്‍ച്ചയും പ്രഹസനമാകാനാണ് സാധ്യത.

മെഡിക്കല്‍ പിജി: സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാന്‍ ഹര്‍ജി


മെഡിക്കല്‍ പിജി സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സര്‍ക്കാരിന്റെ അലംഭാവമാണ് പ്രവേശനം നടത്താന്‍ നിര്‍ബന്ധിതമാക്കിയതെന്നും സീറ്റുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. മെഡിക്കല്‍ പിജി പ്രവേശനം മെയ് 31നകം പൂര്‍ത്തിയാക്കണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെയും സുപ്രീംകോടതിയുടെയും നിബന്ധനപ്രകാരമാണ് പ്രവേശനം നടത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

ദേശാഭിമാനി 180611

1 comment:

  1. സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ എംബിബിഎസ് സീറ്റിലും മാനേജ്മെന്റ് സ്വന്തംനിലയ്ക്ക് പ്രവേശനം നടത്തും. ക്രിസ്ത്യന്‍ മാനേജുമെന്റ് ഫെഡറേഷന് സര്‍ക്കാര്‍ കീഴടങ്ങിയതാണ് മെറിറ്റ്ക്വാട്ട പൂര്‍ണ്ണമായും ഇല്ലാതാകുന്ന സ്ഥിതിയുണ്ടാക്കിയത്. ഇതോടെ ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസ് നിരക്കില്‍ പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുമെന്ന് ഉറപ്പായി. മന്ത്രിസഭാ ഉപസമിതിയുമായി വ്യാഴാഴ്ച രാത്രി കോട്ടയത്തു നടന്ന ചര്‍ച്ചയില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനുകീഴിലെ മാനേജുമെന്റ് ഫെഡറേഷന്റെ കോളേജുകളില്‍ നൂറുശതമാനവും മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനം നടത്താന്‍ ധാരണയായിരുന്നു. ഈസാഹചര്യത്തില്‍ തങ്ങളും മുഴുവന്‍ സീറ്റിലും സ്വന്തംനിലയ്ക്ക് പ്രവേശനം നടത്തുമെന്ന് എംഇഎസും മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷനും വ്യക്തമാക്കി.

    ReplyDelete