Thursday, June 2, 2011

മാതൃഭാഷാ പഠനം: അവഗണനയ്ക്ക് നീതീകരണമില്ല

മലയാളഭാഷയെ അവഗണിക്കാനും അവഹേളിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെയും ഒരുകൂട്ടം ഉദ്യോഗസ്ഥരുടെയും ശ്രമം അങ്ങേയറ്റം അപലപനീയവും നാടിന് അപമാനകരവുമാണ്. മാതൃഭാഷയായ മലയാളം ഒന്നാംഭാഷയാക്കണമെന്നും നിര്‍ബന്ധിത പാഠ്യവിഷയമാക്കണമെന്നുമുള്ള ആവശ്യം നിരവധി പതിറ്റാണ്ടുകളായി കേരളത്തില്‍ നിലനില്‍ക്കുന്നതാണ്. മാതൃഭാഷാ സ്‌നേഹികളും വിദ്യാഭ്യാസ വിചക്ഷണരും അധ്യാപകശ്രേഷ്ഠന്‍മാരും സാംസ്‌കാരികനായകന്‍മാരുമെല്ലാം ഈ ആവശ്യത്തിന്റെ യുക്തിഭദ്രത ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. ഭരണഭാഷ മലയാളമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കുന്നതിനും ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനുമായി സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിക്കുകയും പ്രാരംഭനടപടികള്‍ക്ക് തുടക്കമിടുകയും ചെയ്‌തെങ്കിലും പിന്നീട് വന്ന സര്‍ക്കാരുകള്‍ക്ക് അത് മുന്നോട്ടുകൊണ്ടു പോകാനായില്ല. തുടര്‍ന്നുള്ള കാലത്താണ് പുതുതലമുറയില്‍ നിന്ന് മാതൃഭാഷ കൂടുതല്‍ കൂടുതല്‍ അന്യവല്‍ക്കരിക്കപ്പെട്ടത്. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാപനവും മലയാളികളുടെ സാംസ്‌കാരികബോധത്തിലുണ്ടായ അപചയവും മലയാളഭാഷ മാറ്റിനിര്‍ത്തപ്പെടുന്നതിന് കാരണമായി.

തെല്ലും ഗുണകരമല്ലാത്ത ഈ അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായാണ് ഇക്കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ മാതൃഭാഷ നിര്‍ബന്ധിത പഠനവിഷയമാക്കാന്‍ തീരുമാനിച്ചത്. കക്ഷിരാഷ്ട്രീയഭേദമന്യേ ഏവരാലും സ്വാഗതം ചെയ്യപ്പെട്ടതും ശ്ലാഘനീയവുമായിരുന്നു ആ നടപടി. എന്നാല്‍ ഈ മഹത്തായ തീരുമാനത്തില്‍ നിന്ന് ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ പിന്നോക്കം പോകുന്നതാണ് കേരളം കാണുന്നത്. മലയാളം നിര്‍ബന്ധിത പഠനവിഷയമാക്കുന്ന കാര്യം ഈ അധ്യയനവര്‍ഷം നടപ്പാക്കാനാവില്ല എന്നാണ് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് പറയുന്നത്. അതിന് കാരണമായി അദ്ദേഹം പറഞ്ഞ കാര്യങ്ങളാകട്ടെ യുക്തിയും ന്യായവുമില്ലാത്തതാണു താനും. മാതൃഭാഷാ പഠനത്തിനുള്ള പീരിയഡുകള്‍ വര്‍ധിപ്പിക്കുന്നത് അനായാസകരമായ കാര്യമല്ലെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. ആഴ്ചയില്‍ ആറുമണിക്കൂര്‍ എന്നതാണ് നിലവിലുള്ള മലയാളപഠന സമയം. അത് ഏഴുമണിക്കൂറായി വര്‍ധിപ്പിക്കുക എന്നത് പ്രയാസകരമാണെന്ന നിലപാട് ആശ്ചര്യകരമാണ്. കേന്ദ്ര സിലബസ് അവലംബിക്കുന്ന നൂറുകണക്കിന് വിദ്യാലയങ്ങളില്‍ മലയാളഭാഷ പടിക്കു പുറത്താണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനപ്രകാരം ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാതൃഭാഷാ പഠനം നിര്‍ബന്ധിതമാവണം. എന്നാല്‍ ഇടതുസര്‍ക്കാരിന്റെ തീരുമാനത്തെ സംബന്ധിച്ച് വിശദീകരണ ഉത്തരവ് പുറപ്പെടുവിക്കാനോ തുടര്‍നടപടികള്‍ സ്വീകരിക്കാനോ യു ഡി എഫ് സര്‍ക്കാര്‍ സന്നദ്ധമായില്ലെന്ന് മാത്രമല്ല, മാതൃഭാഷാ പഠനത്തിന് എതിരായി പരോക്ഷമായി നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു.

ഭാഷകള്‍ മണ്‍മറഞ്ഞു പോകുന്ന ദുരവസ്ഥയെക്കുറിച്ച് ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെയും അനധികൃത വിദ്യാലയങ്ങളുടെയും അതിപ്രസരം മലയാളഭാഷയെ പുതുതലമുറയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതു നമ്മുടെ മാതൃഭാഷയുടെ ആയുസിനെക്കുറിച്ചും ആശങ്ക ഉയര്‍ത്തുന്നുണ്ട്. 'എന്റെ മലയാളത്തെ എന്തു ചെയ്തു' എന്ന് നമ്മുടെ കവികള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ആകുലപ്പെടുന്നുണ്ട്. അണ്‍ എയ്ഡഡ്- അനധികൃത വിദ്യാലയങ്ങള്‍ പുതുതലമുറയില്‍ നിന്ന് മലയാളഭാഷയെ അകറ്റിനിര്‍ത്തുകയും ആംഗലേയഭാഷയില്‍ സംസാരിക്കുന്നതാണ് അഭിമാനത്തിന്റെ ചിഹ്നമെന്ന മൗഢ്യം അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ വിപല്‍ക്കരമായ പ്രവണതയ്ക്ക് പ്രചുരപ്രചാരം നല്‍കാന്‍ കേരളത്തിലെ ഒരുപറ്റം രക്ഷകര്‍ത്താക്കള്‍ യത്‌നിക്കുന്ന ദൗര്‍ഭാഗ്യകരമായ അനുഭവവും കാണാതിരുന്നുകൂടാ.

നമ്മുടെ സംസ്ഥാനത്തെപ്പോലെ മാതൃഭാഷയെ ഒഴിവാക്കുകയും ഇകഴ്ത്തുകയും ചെയ്യുന്ന പ്രവണത മറ്റു സംസ്ഥാനങ്ങളിലൊന്നും കാണുക സാധ്യമല്ല. മാതൃഭാഷയെ തങ്ങളുടെ സ്വത്വബോധത്തിന്റെയും അഭിമാനത്തിന്റെയും അടയാളമായി കരുതുന്നവരാണവര്‍. ആംഗലഭാഷ തീര്‍ച്ചയായും പഠിക്കേണ്ടതുതന്നെ. ലോകമെങ്ങും ഉള്ള ആശയവിനിമയത്തിന് അത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ അതിന്റെ പേരില്‍ മാതൃഭാഷ ഉപേക്ഷിക്കപ്പെടുന്നതിന് ന്യായീകരണമില്ല. ഒരു ജനതയുടെ സംസ്‌കാരത്തിന്റെയും സ്വത്വത്തിന്റെയും ഭാഗമാണ് മാതൃഭാഷ. മര്‍ത്യന് പെറ്റമ്മ മാതൃഭാഷയാണെന്നും മറ്റുള്ള ഭാഷകള്‍ കേവലം വളര്‍ത്തമ്മമാരാണെന്നും മഹാകവി വള്ളത്തോള്‍ പാടിയതു ഈ സത്യത്തെ മുന്‍നിര്‍ത്തിയാണ്.
ഡോ. ആര്‍ വി ജി മേനോന്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശപ്രകാരം മാതൃഭാഷാപഠനം നിര്‍ബന്ധിതമാക്കുകയും പീരിയഡുകള്‍ വര്‍ധിപ്പിക്കുകയും ചെയ്ത എല്‍ ഡി എഫ് സര്‍ക്കാരിന്റെ നടപടിയെ അട്ടിമറിക്കാനുള്ള നീക്കം ചെറുക്കപ്പെടേണ്ടതാണ്. അണ്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വക്താക്കളും മലയാള പഠനത്തിന്റെ പീരിയഡ് വര്‍ധനവില്‍ അസ്വസ്ഥത പൂണ്ട തല്‍പ്പരകക്ഷികളും ഈ അട്ടിമറിക്ക് പിന്നില്‍ ചരടുവലിക്കുന്നുണ്ടെന്ന ആക്ഷേപം ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മാതൃഭാഷയെ അവമതിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയും എല്‍ ഡി എഫ് സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുകയും വേണം. അതിനായി എല്ലാ മാതൃഭാഷാ സ്‌നേഹികളും ഒന്നിച്ച് ശബ്ദമുയര്‍ത്തുകയും വേണം.

ജനയുഗം മുഖപ്രസംഗം 020611

2 comments:

  1. മലയാളഭാഷയെ അവഗണിക്കാനും അവഹേളിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെയും ഒരുകൂട്ടം ഉദ്യോഗസ്ഥരുടെയും ശ്രമം അങ്ങേയറ്റം അപലപനീയവും നാടിന് അപമാനകരവുമാണ്. മാതൃഭാഷയായ മലയാളം ഒന്നാംഭാഷയാക്കണമെന്നും നിര്‍ബന്ധിത പാഠ്യവിഷയമാക്കണമെന്നുമുള്ള ആവശ്യം നിരവധി പതിറ്റാണ്ടുകളായി കേരളത്തില്‍ നിലനില്‍ക്കുന്നതാണ്. മാതൃഭാഷാ സ്‌നേഹികളും വിദ്യാഭ്യാസ വിചക്ഷണരും അധ്യാപകശ്രേഷ്ഠന്‍മാരും സാംസ്‌കാരികനായകന്‍മാരുമെല്ലാം ഈ ആവശ്യത്തിന്റെ യുക്തിഭദ്രത ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. ഭരണഭാഷ മലയാളമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കുന്നതിനും ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനുമായി സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിക്കുകയും പ്രാരംഭനടപടികള്‍ക്ക് തുടക്കമിടുകയും ചെയ്‌തെങ്കിലും പിന്നീട് വന്ന സര്‍ക്കാരുകള്‍ക്ക് അത് മുന്നോട്ടുകൊണ്ടു പോകാനായില്ല. തുടര്‍ന്നുള്ള കാലത്താണ് പുതുതലമുറയില്‍ നിന്ന് മാതൃഭാഷ കൂടുതല്‍ കൂടുതല്‍ അന്യവല്‍ക്കരിക്കപ്പെട്ടത്. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാപനവും മലയാളികളുടെ സാംസ്‌കാരികബോധത്തിലുണ്ടായ അപചയവും മലയാളഭാഷ മാറ്റിനിര്‍ത്തപ്പെടുന്നതിന് കാരണമായി.

    ReplyDelete
  2. മാതൃഭാഷയായ മലയാളം പഠിക്കാതെ തന്നെ ഒരാള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ജോലി നേടാനും കഴിയുമെന്ന സ്ഥിതി കേരളത്തില്‍ മാത്രമാണുള്ളള്ളത് .തമിഴ്‌നാടും കര്‍ണാടകയും ആന്ധ്രയും ഉള്‍പ്പടെ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്‌കൂള്‍ പഠനകാലത്ത് മാതൃഭാഷ നിര്‍ബന്ധിതമാണ്.സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ഔദ്യോഗികവും സാമൂഹികവും ഭരണപരവും സാമ്പത്തികവുമായ എല്ലാ ഇടപാടുകളിലും മലയാളത്തിന്റെ ഉപയോഗം നിര്‍ബന്ധിതമായിരിക്കാനുള്ള അവകാശം ഓരോ മലയാളിയുടെയും ജന്മവകാശമാണ് .കേരളത്തിൽ ഒരു ഇംഗ്ലീഷ് അധിനിവേശ ലോബി ഉണ്ടെന്നുള്ളത് വാസ്തവമാണ്.അത് കൊണ്ടാണല്ലോ മലയാളം ഭാഷയുടെ നിലനില്പിനായി പോരാടേണ്ടി വരുന്നത്. കോടതി ഭാഷ മലയാളമാക്കുന്നതിനെതിരെ ഒരു കൂട്ടം ആളുകള വേറെയും. മലയാളം നന്നായി എഴുതാനും വായിക്കാനും അറിയാത്തവർ എങ്ങനെയാണു സാധാരണ ജനങ്ങളോട് ഇടപെഴുകുന്നത്?പൊതു ജനത്തെ ഭരണത്തിൽ നിന്ന് അകറ്റി നിർത്താനുള്ള എളുപ്പ മാർഗമാണ് ഇംഗ്ലീഷിൽ ഉള്ള ഉത്തരവുകളും ഭരണവും. ഭരണഭാഷ മലയാളമാക്കി മാറ്റിയ സാഹചര്യത്തില്‍, മലയാളം പഠിക്കാത്തവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ എത്തിയാല്‍ ഫയലുകളില്‍ മലയാളത്തില്‍ കുറിപ്പ് എഴുതാനോ, മലയാളത്തിലെഴുതിയ കാര്യങ്ങള്‍ വായിച്ചു മനസിലാക്കാനോ പോലും കഴിയാതെ വരും.മലയാളം ഭരണ ഭാഷ എന്ന നിലയിലേക്ക് ഉയർത്തപെട്ടു കഴിഞ്ഞു.എന്നാൽ തീരുമാനം നടപ്പാക്കേണ്ട ഉദ്യോഗ വർഗ്ഗം ഇംഗ്ലീഷ് ഭരണം വിടാൻ മടിച്ചു നില്ക്കുകയാണ്.ഇംഗ്ലീഷിൽ എഴുതുന്നതും സംസാരിക്കുന്നതും ഇപ്പൊഴുമൊരു ദുരഭിമാനമായി കൊണ്ട് നടക്കുന്നു.ഭാരതീയരെ അടിമകളെന്നും ഭാരതീയ ഭാഷകളെ അടിമകളുടെ ഭാഷയെന്നും മുദ്ര കുത്തിയ ബ്രിറ്റിഷുകാരുടെ കാൽകീഴിൽ കിടക്കാനാണ് ചിലർക്ക് താല്പര്യം.ഈ കുട്ടി സായിപ്പുമാരുടെ ദേശ സ്നേഹം ഭയങ്കരം തന്നെ.കേരളത്തില്‍ 96 ശതമാനത്തിലധികംപേര്‍ മലയാളം മാതൃഭാഷയായുള്ളവരാണ്. കര്‍ണാടകത്തില്‍ 75 ഉം ആന്ധ്രയില്‍ 89 ഉം തമിഴ്‌നാട്ടില്‍ 83 ഉമാണ് അതത് സംസ്ഥാനഭാഷ മാതൃഭാഷയായുള്ളവര്‍. എന്നിട്ടും ഈ സംസ്ഥാനങ്ങിലൊക്കെ അതത് ഭാഷകള്‍ അറിഞ്ഞാലേ സര്‍ക്കാര്‍ ജോലി ലഭിക്കൂവെന്നാണ് നിയമം.
    malayalatthanima.blogspot.in

    ReplyDelete