Friday, June 24, 2011

വീട്ടുജോലിക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്

ന്യൂഡല്‍ഹി: രാജ്യത്ത് അരക്കോടിയോളം വരുന്ന വീട്ടുജോലിക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. മുപ്പതിനായിരം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. പ്രീമീയം തുക കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ 75:25 അനുപാതത്തില്‍ പങ്കുവയ്ക്കണം. അസംഘടിത തൊഴിലാളികള്‍ക്കുള്ള ദേശീയ സാമൂഹ്യസുരക്ഷാനിധിയില്‍ നിന്നാണ് കേന്ദ്രം പദ്ധതിക്ക് പണം കണ്ടെത്തുക. പദ്ധതി പൂര്‍ണതോതില്‍ നിലവില്‍വന്നാല്‍ പ്രതിവര്‍ഷം 297 കോടി രൂപ ചെലവ് വരുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം കേന്ദ്ര തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നടപ്പുവര്‍ഷം പദ്ധതി തുടങ്ങും.അര്‍ഹരായവരെ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റും നടപ്പുസാമ്പത്തികവര്‍ഷം 29.70 കോടി രൂപ നീക്കിവയ്ക്കും. 2012-13 വര്‍ഷം 74.25 കോടിയും 2013-14 ല്‍ 148.50 കോടിയും 2014-15 ല്‍ 297 കോടിയും ചെലവഴിക്കും- ഖാര്‍ഗെ പറഞ്ഞു.

വീട്ടുജോലിക്കാരാണെന്നതിന് സാക്ഷ്യപത്രം സമര്‍പ്പിക്കുന്നവരെ മാത്രമേ പദ്ധതിയില്‍ ഉള്‍പ്പെടുത്തൂ. അംഗീകൃത ട്രേഡ്യൂണിയനുകള്‍ , വീട്ടുജോലിക്കാരുടെ ക്ഷേമത്തിനായുള്ള അംഗീകൃത അസോസിയേഷനുകള്‍ , വീട്ടുടമ, പൊലീസ് എന്നിവരില്‍ ചുരുങ്ങിയത് രണ്ടുപേരുടെ സാക്ഷ്യപത്രം സമര്‍പ്പിക്കണം. വീടുകളില്‍ വിവിധ ജോലിക്കായി നില്‍ക്കുന്ന ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. അസംഘടിത തൊഴിലാളികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സിന് സമാനമായാണ് വീട്ടുജോലിക്കാര്‍ക്കായുള്ള പദ്ധതിയും. നീതി വൈകുന്നത് ഒഴിവാക്കുന്നതിന് നീതി നിര്‍വഹണ- നിയമ പരിഷ്കരണ ദേശീയമിഷന് മന്ത്രിസഭായോഗം അനുമതി നല്‍കി. നേരത്തെ മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ്ജസ്റ്റിസുമാരുടെയും യോഗം മിഷന്‍ രേഖയ്ക്ക് അംഗീകാരം നല്‍കിയിരുന്നു. ദേശീയ മിഷനില്‍ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങള്‍ അഞ്ചുവര്‍ഷത്തിനകം സാക്ഷാല്‍ക്കരിക്കാനാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി അംബിക സോണി അറിയിച്ചു.

deshabhimani 240611

1 comment:

  1. രാജ്യത്ത് അരക്കോടിയോളം വരുന്ന വീട്ടുജോലിക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. മുപ്പതിനായിരം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. പ്രീമീയം തുക കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ 75:25 അനുപാതത്തില്‍ പങ്കുവയ്ക്കണം. അസംഘടിത തൊഴിലാളികള്‍ക്കുള്ള ദേശീയ സാമൂഹ്യസുരക്ഷാനിധിയില്‍ നിന്നാണ് കേന്ദ്രം പദ്ധതിക്ക് പണം കണ്ടെത്തുക. പദ്ധതി പൂര്‍ണതോതില്‍ നിലവില്‍വന്നാല്‍ പ്രതിവര്‍ഷം 297 കോടി രൂപ ചെലവ് വരുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം കേന്ദ്ര തൊഴില്‍മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നടപ്പുവര്‍ഷം പദ്ധതി തുടങ്ങും.അര്‍ഹരായവരെ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റും നടപ്പുസാമ്പത്തികവര്‍ഷം 29.70 കോടി രൂപ നീക്കിവയ്ക്കും. 2012-13 വര്‍ഷം 74.25 കോടിയും 2013-14 ല്‍ 148.50 കോടിയും 2014-15 ല്‍ 297 കോടിയും ചെലവഴിക്കും- ഖാര്‍ഗെ പറഞ്ഞു.

    ReplyDelete