Monday, June 20, 2011

പഞ്ഞമാസമായപ്പോള്‍ അരിയും മണ്ണെണ്ണയും വെട്ടിക്കുറച്ചു

അരിയുടെയും മണ്ണെണ്ണയുടെയും വിഹിതം വെട്ടിക്കുറച്ചതോടെ സംസ്ഥാനത്ത് റേഷന്‍വിതരണം അവതാളത്തില്‍ . പഞ്ഞമാസമായിട്ടും അവശ്യസാധനങ്ങളുടെ റേഷന്‍വിഹിതം വെട്ടിക്കുറച്ചത് ബിപിഎല്‍ അടക്കമുള്ള ഉപയോക്താക്കളെയാണ് ഏറെ വലയ്ക്കുന്നത്. ജൂണില്‍ മണ്ണെണ്ണവിഹിതത്തില്‍ 28 ലക്ഷം ലിറ്റര്‍ വെട്ടിക്കുറച്ചു. മുന്‍മാസങ്ങളില്‍ പ്രതിമാസവിഹിതത്തില്‍നിന്ന് വെട്ടിക്കുറച്ച 12,44,000 ലിറ്റര്‍ കൂടി ചേര്‍ക്കുമ്പോള്‍ ആകെ കുറവ് 40,44,000 ലിറ്ററും. കാലവര്‍ഷത്തെ തുടര്‍ന്നുള്ള വൈദ്യുതി തടസ്സവും അപ്രഖ്യാപിത പവര്‍കട്ടും പതിവായ സാഹചര്യത്തില്‍ മണ്ണെണ്ണയ്ക്ക് ഉപയോഗം കൂടുമ്പോഴാണ് വിഹിതം വെട്ടിക്കുറച്ചത്.

സംസ്ഥാനത്തെ 73 ലക്ഷം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകളില്‍ 65,41,252 പേര്‍ക്ക് വൈദ്യുതി കണക്ഷനുണ്ട്. ഇവര്‍ക്ക് പ്രതിമാസം രണ്ട് ലിറ്റര്‍ വീതം മണ്ണെണ്ണയാണ് നല്‍കേണ്ടത്. പതിവുപോലെ ഈ മാസവും ഇതേതോതില്‍ മണ്ണെണ്ണ നല്‍കിയപ്പോള്‍ , 15ന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തില്‍ വിഹിതം ഒരു ലിറ്ററായി കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ വലിയ വിഭാഗം കാര്‍ഡ് ഉടമകള്‍ക്ക് മണ്ണെണ്ണ ആവശ്യത്തിന് ലഭിക്കില്ലെന്ന് ഉറപ്പായി. റേഷന്‍ കാര്‍ഡുടമകള്‍ക്കെല്ലാം റേഷന്‍ മണ്ണെണ്ണ ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി വാര്‍ത്താകുറിപ്പ് ഇറക്കിയിരുന്നെങ്കിലും അളവ് വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല.

എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് മാസം കിലോക്ക് 8.90 രൂപ നിരക്കില്‍ 10 കിലോ അരിയും 6.70 രൂപ നിരക്കില്‍ രണ്ട് കിലോ ഗോതമ്പും ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ , ഈ അളവില്‍ ഒരിടത്തും അരിയും ഗോതമ്പും ലഭിക്കുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പത്തുകിലോ അരി രണ്ടുരൂപ നിരക്കില്‍ എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് വിതരണംചെയ്തിരുന്നു. രണ്ടുരൂപ അരിയുടെ അളവും അഞ്ചുകിലോ വരെ പരിമിതപ്പെടുത്തി. 54 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് വിഹിതം വെട്ടിക്കുറച്ചത്. എന്നാല്‍ , ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് രണ്ടുരൂപ നിരക്കില്‍ 28 കിലോ അരിയും ഏഴ് കിലോ ഗോതമ്പും ലഭിക്കുന്നുവെന്നാണ് മന്ത്രി അവകാശപ്പെട്ടത്. പലയിടത്തും കാര്‍ഡ് ഉടമകള്‍ക്ക് ഇത് കൃത്യമായി ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. അരി സ്റ്റോക്കില്ലാത്തതാണ് കാരണമായി പറയുന്നത്. എവൈഎ കാര്‍ഡ് ഉടമകള്‍ക്ക് രണ്ടുരൂപ നിരക്കില്‍ 35 കിലോയും അന്നപൂര്‍ണ കാര്‍ഡുടമകള്‍ക്ക് 10 കിലോയും അരിവിതരണവും അവതാളത്തിലാണ്.

deshabhimani 200611

1 comment:

  1. അരിയുടെയും മണ്ണെണ്ണയുടെയും വിഹിതം വെട്ടിക്കുറച്ചതോടെ സംസ്ഥാനത്ത് റേഷന്‍വിതരണം അവതാളത്തില്‍ . പഞ്ഞമാസമായിട്ടും അവശ്യസാധനങ്ങളുടെ റേഷന്‍വിഹിതം വെട്ടിക്കുറച്ചത് ബിപിഎല്‍ അടക്കമുള്ള ഉപയോക്താക്കളെയാണ് ഏറെ വലയ്ക്കുന്നത്. ജൂണില്‍ മണ്ണെണ്ണവിഹിതത്തില്‍ 28 ലക്ഷം ലിറ്റര്‍ വെട്ടിക്കുറച്ചു. മുന്‍മാസങ്ങളില്‍ പ്രതിമാസവിഹിതത്തില്‍നിന്ന് വെട്ടിക്കുറച്ച 12,44,000 ലിറ്റര്‍ കൂടി ചേര്‍ക്കുമ്പോള്‍ ആകെ കുറവ് 40,44,000 ലിറ്ററും. കാലവര്‍ഷത്തെ തുടര്‍ന്നുള്ള വൈദ്യുതി തടസ്സവും അപ്രഖ്യാപിത പവര്‍കട്ടും പതിവായ സാഹചര്യത്തില്‍ മണ്ണെണ്ണയ്ക്ക് ഉപയോഗം കൂടുമ്പോഴാണ് വിഹിതം വെട്ടിക്കുറച്ചത്.

    ReplyDelete