Friday, June 3, 2011

ബി ജെ പി നേതൃത്വത്തില്‍ പോര് മുറുകുന്നു

അഴിമതിപ്രശ്‌നത്തില്‍ നടത്തിയ ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബി ജെ പി പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഈ യോഗങ്ങളുടെ ഒരു സവിശേഷത ബി ജെ പിയുടെ മുഖ്യമന്ത്രിമാരെ ദേശീയതലത്തിലെ പൊതുയോഗങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തി എന്നതാണ്. അതിന്റെ കാരണം വ്യക്തമാണ്. മുഖ്യമന്ത്രിമാരെ പങ്കെടുപ്പിക്കുമ്പോള്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയെയും ക്ഷണിക്കേണ്ടി വരും. അഴിമതിക്ക് എതിരായ ക്യാമ്പയിനില്‍ യെദ്യൂരപ്പ പങ്കെടുത്താല്‍ ജനങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്നതിനെക്കുറിച്ച് ബി ജെ പി ദേശീയ നേതൃത്വത്തിനു നല്ല ധാരണയുണ്ട്. ഒട്ടനവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രിയാണ് യെദ്യൂരപ്പ.

അഴിമതിവിരുദ്ധ ക്യാമ്പയിനില്‍ നിന്ന് യെദ്യൂരപ്പയെ മാത്രമല്ല, കര്‍ണാടക മന്ത്രിസഭയില്‍ അംഗങ്ങളായ ബെല്ലാരി സഹോദരന്‍മാരെയും കൂടി ഒഴിച്ചുനിര്‍ത്താന്‍ ബി ജെ പി നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. യെദ്യൂരപ്പ ഇപ്പോള്‍ ബെല്ലാരി സഹോദരന്‍മാരെ തള്ളിപ്പറയുന്നുണ്ടെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയാകുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് അവരായിരുന്നു. ഖനിമാഫിയയുടെ പര്യായമായി അറിയപ്പെടുന്ന ബെല്ലാരി സഹോദരന്‍മാരായ റെഡ്ഢിമാരുടെ പണവും ആള്‍ബലവുമാണ് ദക്ഷിണേന്ത്യയില്‍ ആദ്യമായി ഭരണം കൈയടക്കാനുള്ള ഭൂരിപക്ഷം ബി ജെ പിക്ക് ഉറപ്പാക്കിയത്. തിരഞ്ഞെടുപ്പല്‍ ഖനിമാഫിയ ഒഴുക്കിയതു കോടിക്കണക്കിന് രൂപയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബി ജെ പിക്ക് തനിച്ചു ഭൂരിപക്ഷമുണ്ടായിരുന്നില്ല. കോണ്‍ഗ്രസ്സിന്റെയും ജനതാദളിന്റെയും എം എല്‍ എമാരെ ചാക്കിട്ടുപിടിച്ചു ഭൂരിപക്ഷം ഉറപ്പാക്കിയത് ഖനിമാഫിയയാണ്.

ബി ജെ പി ദേശീയ നേതൃത്വത്തില്‍ ബെല്ലാരി സഹോദരന്മാരുടെ സംരക്ഷകയായി അറിയപ്പെട്ടിരുന്നത് ലോക്‌സഭയിലെ ബി ജെ പി നേതാവായ സുഷമ സ്വരാജാണ്. സുഷമയും ബെല്ലാരി സഹോദരന്‍മാരുമായുള്ള ബന്ധം സുദൃഢമായത് 1999ല്‍ സുഷമ ബെല്ലാരി ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചപ്പോഴാണ്. സോണിയാഗാന്ധിക്ക് എതിരായിട്ടായിരുന്നു സുഷമ സ്വരാജ് മത്സരിച്ചത്.

യെദ്യൂരപ്പയും ബെല്ലാരി സഹോദരന്‍മാരും തമ്മില്‍ തെറ്റുകയും മുഖ്യമന്ത്രിയെ മാറ്റാന്‍ സംഘടിതശ്രമം നടക്കുകയും ചെയ്തപ്പോള്‍ ബി ജെ പിയുടെ ദേശീയ നേതൃത്വത്തില്‍ ബെല്ലാരി സഹോദരന്‍മാര്‍ക്കൊപ്പം ഉറച്ചുനിന്നത് സുഷമ സ്വരാജായിരുന്നു. അങ്ങനെയുള്ള സുഷമ സ്വരാജ് ഇപ്പോള്‍ ബെല്ലാരി സഹോദരന്‍മാരെ തള്ളിപ്പറഞ്ഞത് ബി ജെ പി വൃത്തങ്ങളിലും സജീവചര്‍ച്ചയായിട്ടുണ്ട്. അവര്‍ തമ്മില്‍ തെറ്റാനുള്ള കാരണം വ്യക്തമായിട്ടില്ല. ഖനിമാഫിയയുമായി ബന്ധം തുടരുന്നത് തന്റെ രാഷ്ട്രീയഭാവിക്ക് ഗുണകരമാവില്ലെന്ന് സുഷമ തിരിച്ചറിഞ്ഞതാകാം ഒരു കാരണമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ബെല്ലാരി സഹോദരന്‍മാരില്‍ നിന്നും സ്വയം അകന്നുവെന്ന് വ്യക്തമാക്കുക മാത്രമല്ല, സുഷമ സ്വരാജ് ചെയ്തത്. ബെല്ലാരി സഹോദരന്‍മാരായ ജനാര്‍ദ്ദന റെഡ്ഢിയെയും കരുണാകര റെഡ്ഢിയെയും കര്‍ണാടകമന്ത്രിസഭയില്‍ അംഗങ്ങളാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് അരുണ്‍ ജെയ്റ്റ്‌ലിയാണെന്ന് ആരോപിക്കുകയും ചെയ്തു. രാജ്യസഭയിലെ പ്രതിപക്ഷനേതാവാണ് ജെയ്റ്റ്‌ലി.

സുഷമ സ്വരാജും ജെയ്റ്റ്‌ലിയും തമ്മിലുള്ള പോര് തുടങ്ങിയിട്ട് കുറെക്കാലമായി. ഇടയ്ക്കിടെ അത് പരസ്യമാവുകയും ചെയ്യും. കേന്ദ്ര വിജിലന്‍സ് കമ്മിഷണറായി പി ജെ തോമസിനെ നിയമിച്ചതിനെതിരായി സുപ്രിംകോടതി വിധി വന്നപ്പോള്‍, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നിയമനത്തിന്റെ ഉത്തരവാദിത്വം സ്വയം ഏല്‍ക്കുകയും മാപ്പുപറയുകയും ചെയ്തിരുന്നു. പ്രശ്‌നം അതോടെ അവസാനിപ്പിക്കണമെന്നായിരുന്നു സുഷമ സ്വരാജിന്റെ അഭിപ്രായം. എന്നാല്‍ അതു പാടില്ലെന്നും ദേശവ്യാപക ക്യാമ്പയിന്‍ ഈ പ്രശ്‌നത്തില്‍ തുടരണമെന്നും ജെയ്റ്റ്‌ലി വാദിച്ചു. ബി ജെ പി പ്രസിഡന്റ് നിതിന്‍ ഗഡ്കാരി ഈ തര്‍ക്കത്തില്‍ ജയ്റ്റ്‌ലിയുടെ പക്ഷത്തായിരുന്നു. ബെല്ലാരി സഹോദരന്‍മാരെ സഹായിച്ചത് ജെയ്റ്റ്‌ലിയാണെന്ന സുഷമയുടെ ആരോപണം ഉയര്‍ത്തിയ വിവാദത്തിലും ഗഡ്കാരി ജയ്റ്റ്‌ലിയെയാണ് പിന്തുണയ്ക്കുന്നത്.

സുഷമ സ്വരാജും ജെയ്റ്റ്‌ലിയും തമ്മിലുള്ള തര്‍ക്കങ്ങള്‍, ബി ജെ പിയുടെ ഉന്നത നേതൃസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള മത്സരത്തിന്റെ ഭാഗമാണെന്നാണ് രാഷ്ട്രീയനിരീക്ഷകരെല്ലാം ചൂണ്ടിക്കാണിക്കുന്നത്. അടല്‍ ബിഹാരി വാജ്‌പേയി ഇപ്പോള്‍ തന്നെ സജീവമല്ല. അദ്വാനിയും വൈകാതെ സജീവപ്രവര്‍ത്തനത്തില്‍ നിന്നു പിന്‍മാറും. രണ്ടാംനിര നേതാക്കന്‍മാര്‍ ഇവരുടെ സ്ഥാനം ഏറ്റെടുക്കും. സുഷമ സ്വരാജും അരുണ്‍ ജെയ്റ്റ്‌ലിയും ഇതിനുള്ള മത്സരത്തിലാണ്. ബി ജെ പിയ്ക്ക് പുറത്തും പൊതുസമ്മതി നേടുന്നത് ഭാവിയില്‍ പ്രധാനമന്ത്രിപദത്തിലേക്ക് മത്സരിക്കാന്‍ സഹായകമാകുമെന്ന് സുഷമ സ്വരാജ് കണക്കുകൂട്ടുന്നു. ബെല്ലാരി സഹോദരന്‍മാരില്‍ നിന്നും അകല്‍ച്ച പാലിക്കുന്നത് ഇതിന്റെ ഭാഗമാണ്.

എന്നാല്‍ ബി ജെ പിയുടെ നേതൃത്വത്തില്‍ ആരു വരണമെന്നു തീരുമാനിക്കുന്നത് ആര്‍ എസ് എസ് ആണ്. പണ്ട് സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരുന്ന സുഷമ സ്വരാജിന് ആര്‍ എസ് എസ് പ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെടാനാവില്ല. അരുണ്‍ ജെയ്റ്റ്‌ലിക്ക് ആര്‍ എസ് എസുമായി കൂടുതല്‍ അടുപ്പമുണ്ട്. എന്നാല്‍ നഗരജീവിതശൈലിയുള്ളവരോട് ആര്‍ എസ് എസിന് പൊതുവില്‍ താല്‍പര്യക്കുറവാണ്. ഇത് ജെയ്റ്റ്‌ലിക്ക് പ്രതികൂലമായ ഘടകമാണ്.
(അമൂല്യ ഗാംഗുലി)

ജനയുഗം 030611

1 comment:

  1. അഴിമതിപ്രശ്‌നത്തില്‍ നടത്തിയ ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബി ജെ പി പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഈ യോഗങ്ങളുടെ ഒരു സവിശേഷത ബി ജെ പിയുടെ മുഖ്യമന്ത്രിമാരെ ദേശീയതലത്തിലെ പൊതുയോഗങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തി എന്നതാണ്. അതിന്റെ കാരണം വ്യക്തമാണ്. മുഖ്യമന്ത്രിമാരെ പങ്കെടുപ്പിക്കുമ്പോള്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയെയും ക്ഷണിക്കേണ്ടി വരും. അഴിമതിക്ക് എതിരായ ക്യാമ്പയിനില്‍ യെദ്യൂരപ്പ പങ്കെടുത്താല്‍ ജനങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്നതിനെക്കുറിച്ച് ബി ജെ പി ദേശീയ നേതൃത്വത്തിനു നല്ല ധാരണയുണ്ട്. ഒട്ടനവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രിയാണ് യെദ്യൂരപ്പ.

    ReplyDelete