Thursday, June 9, 2011

മെട്രോ റയിലും കേന്ദ്ര നിലപാടും

കൊച്ചി മെട്രോ റയില്‍ പദ്ധതി ചെന്നൈ മാതൃകയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായിരിക്കുകയാണ്. പദ്ധതി നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുകയും കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ പിന്നീട് പങ്കാളിയാവുകയും ചെയ്യുന്നതാണ് ചെന്നൈ മാതൃക. ചെന്നൈ മെട്രോ റയില്‍ പദ്ധതിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യപങ്കാളിത്തമാണുള്ളത്. പൂര്‍ണമായും പൊതുമേഖലയിലാണ് പദ്ധതി. അതുകൊണ്ടുതന്നെ ഈ മാതൃകയില്‍ കൊച്ചി മെട്രോ നടപ്പാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് യു ഡി എഫ് അധികാരത്തില്‍ വന്നതിനു പിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. അതില്‍നിന്ന് പിന്നോക്കം പോവാന്‍ അദ്ദേഹം തയ്യാറായത് സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കാനുതകുമെന്നതില്‍ സംശയമില്ല. 

കൊച്ചി മെട്രോ പദ്ധതി പൊതുമേഖലയില്‍ നടപ്പാക്കുകയെന്നതായിരുന്നു കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെയും നിലപാട്. രാജ്യത്തെ ആദ്യത്തേതും വിജയകരമായി പ്രവര്‍ത്തിക്കുന്നതുമായ ഡല്‍ഹി മെട്രോയുടെ മാതൃകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ അതിനു നിര്‍ദേശിച്ചിരുന്നത്. ഡല്‍ഹി മാതൃകയില്‍ പദ്ധതി നടപ്പാക്കാനാവുമെന്ന്, കൊച്ചി മെട്രോയുടെ സാധ്യതാ പഠനം നടത്തിയ ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവിധ തടസ്സവാദങ്ങള്‍ പറഞ്ഞ് പദ്ധതി വൈകിപ്പിക്കുകയാണ് അന്ന് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. സ്വകാര്യ പങ്കാളിത്തത്തിനു വേണ്ടി അവസാനം വരെ ശ്രമിച്ച ആസൂത്രണ കമ്മിഷനും നഗരവികസന മന്ത്രാലയവും ഒടുവില്‍ അനുമതി നല്‍കിയെങ്കിലും ധനമന്ത്രാലയം ഇല്ലാത്ത തടസ്സവാദങ്ങളുമായി രംഗത്തുവരികയായിരുന്നു. ഇതിനെത്തുടര്‍ന്ന് സംസ്ഥാനത്തുനിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അന്നു പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച സംഘത്തില്‍ അംഗമായിരുന്നു. സംഘത്തിനു നല്‍കിയ ഉറപ്പുകളൊന്നും പക്ഷേ, പാലിക്കപ്പെട്ടില്ല. കേന്ദ്ര അനുമതി വൈകിയതു മൂലം, സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടും പദ്ധതി അനിശ്ചിതത്വത്തിലാവുകയായിരുന്നു.

ചെന്നൈ മാതൃകയില്‍ പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയെങ്കില്‍ ഇക്കാലമത്രയും പദ്ധതി വൈകിച്ചതിന് എന്തു കാരണമാണ്, കേന്ദ്ര സര്‍ക്കാരിനു പറയാനുള്ളത്? കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് ചിറ്റമ്മ നയം സ്വീകരിക്കുകയെന്ന പഴയ തന്ത്രമായിരുന്നോ കേന്ദ്രത്തിലെ യു പി എ സര്‍ക്കാര്‍ കൊച്ചി മെട്രോയുടെ കാര്യത്തില്‍ പയറ്റിക്കൊണ്ടിരുന്നത്? ഒരു കാര്യവുമില്ലാതെ പദ്ധതി വൈകിപ്പിച്ചതിലൂടെ രണ്ടായിരം കോടിയുടെ അധിക ചെലവാണ് നടത്തിപ്പിലുണ്ടാവുക. 2250 കോടി ചെലവില്‍ നടപ്പാക്കാന്‍ കഴിയും എന്നു പ്രതീക്ഷിച്ചിരുന്ന പദ്ധതിക്കായി ഇനി 4500 കോടി ചെലവഴിക്കേണ്ടി വരുമെന്നാണ് ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്റെ പുതിയ കണക്കുകള്‍? ഇതിന് ആരാണ് ഉത്തരവാദിത്വം വഹിക്കുക?

ജനയുഗം മുഖപ്രസംഗം 090611

1 comment:

  1. കൊച്ചി മെട്രോ റയില്‍ പദ്ധതി ചെന്നൈ മാതൃകയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായിരിക്കുകയാണ്. പദ്ധതി നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുകയും കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ പിന്നീട് പങ്കാളിയാവുകയും ചെയ്യുന്നതാണ് ചെന്നൈ മാതൃക. ചെന്നൈ മെട്രോ റയില്‍ പദ്ധതിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യപങ്കാളിത്തമാണുള്ളത്. പൂര്‍ണമായും പൊതുമേഖലയിലാണ് പദ്ധതി. അതുകൊണ്ടുതന്നെ ഈ മാതൃകയില്‍ കൊച്ചി മെട്രോ നടപ്പാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് യു ഡി എഫ് അധികാരത്തില്‍ വന്നതിനു പിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. അതില്‍നിന്ന് പിന്നോക്കം പോവാന്‍ അദ്ദേഹം തയ്യാറായത് സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കാനുതകുമെന്നതില്‍ സംശയമില്ല.

    ReplyDelete