മഥുര: നോയ്ഡമുതല്‍ ആഗ്രവരെ പണിയുന്ന യമുന എക്സ്പ്രസ് ഹൈവേക്ക് ഇരുവശത്തും ടൗണ്‍ഷിപ് നിര്‍മിക്കാന്‍ കൃഷിഭൂമി തുഛവിലക്കെടുത്ത് സ്വകാര്യക്കമ്പനികള്‍ക്ക് മറിച്ചുവില്‍ക്കുന്നതിനെതിരെ കര്‍ഷകപ്രക്ഷോഭം ശക്തമായി. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ കിസാന്‍സഭയുടെ നേതൃത്വത്തിലുള്ള സമരം മഥുര പ്രദേശത്താണ് ശക്തിപ്രാപിച്ചത്. 165 കിലോമീറ്റര്‍ ദൂരത്തില്‍ പണിപുരോഗമിക്കുന്ന ഹൈവേക്കിരുവശവുമായി 15 മുതല്‍ 20 വരെ കീലോമീറ്റര്‍ വീതിയിലാണ് ടൗണ്‍ഷിപ്പിനായി കൃഷിഭൂമി ഏറ്റെടുത്തത്. കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കണമെന്നും കൃഷിഭൂമി ഇല്ലാതാകുന്നതോടെ തൊഴില്‍നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് കിടപ്പാടം കെട്ടാന്‍ സ്ഥലം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കിസാന്‍സഭയുടെ പ്രക്ഷോഭം.
മഥുരയില്‍ നടന്ന രണ്ടുദിവസത്തെ കര്‍ഷക ധര്‍ണ കിസാന്‍സഭാ അധ്യക്ഷന്‍ എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്തു. സ്വയം ലാഭമുണ്ടാക്കിയും കോര്‍പറേറ്റ് കമ്പനികള്‍ക്ക് വന്‍ലാഭത്തിന് അവസരം നല്‍കുകയുംവഴി മായാവതിസര്‍ക്കാര്‍ കര്‍ഷകരെ കൊള്ളയടിക്കുകയാണെന്ന് എസ്ആര്‍പി പറഞ്ഞു. റോഡ് നിര്‍മാണത്തിനും പാലം നിര്‍മാണത്തിനും കര്‍ഷകര്‍ എതിരല്ല. എന്നാല്‍ , പൊതുആവശ്യത്തിനെന്ന പേരില്‍ ചുളുവിലയ്ക്ക് കൃഷിഭൂമി ഏറ്റെടുത്ത് സ്വകാര്യക്കമ്പനികള്‍ക്ക് മറിച്ചുവില്‍ക്കുന്നതിനോടാണ് എതിര്‍പ്പ്. നവഉദാര നയങ്ങള്‍ മൂലം രാജ്യത്ത് സ്വന്തമായി ഭൂമിയില്ലാത്തവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. പകുതിയിലേറെ കര്‍ഷകര്‍ കടക്കെണിയിലായി. ഈ സാഹചര്യത്തിലാണ് കൃഷിഭൂമി കൊള്ളയടിക്കുന്നത്. യുപി സര്‍ക്കാര്‍ നയം തിരുത്തുംവരെ പ്രക്ഷോഭം തുടരും-എസ്ആര്‍പി പറഞ്ഞു.
ഒന്നരവര്‍ഷംമുമ്പ് ബലമായാണ് ടൗണ്‍ഷിപ്പിന് ഭൂമി ഏറ്റെടുത്തത്. കര്‍ഷകര്‍ക്ക് ചതുരശ്ര മീറ്ററിന് 80 രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കിസാന്‍സഭയുടെ സമരത്തിലൂടെ നോയിഡയിലും മറ്റും വില കൂട്ടാന്‍ തയ്യാറായി. എന്നാല്‍ , ഭൂരിപക്ഷം പ്രദേശത്തും പഴയ വിലതന്നെ. നോയിഡയില്‍ വിലകൂട്ടിയതോടെ ആഗ്രവരെയുള്ള കര്‍ഷകര്‍ കിസാന്‍സഭയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനിറങ്ങി. ഭട്ട-പര്‍സോളില്‍ കഴിഞ്ഞമാസം പ്രക്ഷോഭത്തില്‍ രണ്ട് പൊലീസുകാരും രണ്ടു കര്‍ഷകരും കൊല്ലപ്പെട്ടിരുന്നു. നോയിഡ, ഗ്രേറ്റര്‍ നോയിഡ, അലിഗഡ്, മഥുര, ആഗ്ര പ്രദേശങ്ങളിലെ 1400 ഗ്രാമങ്ങള്‍ ഏറ്റെടുത്ത് ജെപിഗ്രൂപ്പിന് 800-1200 രൂപയ്ക്ക് നല്‍കി. ഇവര്‍ വീണ്ടും വന്‍വിലയ്ക്ക് കോര്‍പറേറ്റുകള്‍ക്ക് മറിച്ചുവില്‍ക്കുകയാണ്. എന്നാല്‍ , കര്‍ഷകര്‍ക്ക് അതിന്റെ വിഹിതം കിട്ടുന്നില്ല. ഏറ്റെടുക്കുന്ന ഭൂമി വ്യവസായത്തിനും വ്യാപാരത്തിനും ഫ്ളാറ്റുകള്‍ക്കായി തരംതിരിച്ച് അതിനനുസരിച്ച് വിലനിശ്ചയിക്കണമെന്നും ലാഭവിഹിതം നല്‍കണമെന്നാണ് ആവശ്യം. എട്ടുവരിപ്പാതക്ക് ഇരുവശത്തും വ്യപാരസമുച്ചയങ്ങള്‍ , വ്യവസായങ്ങള്‍ , സ്പോര്‍ട്സ് കോംപ്ലക്സുകള്‍ , അപ്പാര്‍ട്ടുമെന്റുകള്‍ , റെയ്സ്കോഴ്സ്, മോട്ടോര്‍റെയ്സ് ട്രാക്കുകള്‍ , മാളുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി വന്‍പദ്ധതിയാണ് നടപ്പാവുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ ആഗ്രവരെയുള്ള പ്രദേശം ദേശീയ തലസ്ഥാന മേഖല(എന്‍സിആര്‍)യുടെ ഭാഗമാകും. ഹൈവേ പൂര്‍ത്തിയായാല്‍ ന്യൂഡല്‍ഹിയില്‍നിന്ന് ആഗ്രയിലേക്കുള്ള യാത്രാസമയം അഞ്ചില്‍നിന്ന് രണ്ടരമണിക്കൂറായി കുറയും.
(ദിനേശ്വര്‍മ)
കര്‍ണാടകത്തില്‍ ലക്ഷം ഏക്കര്‍ കൃഷിഭൂമി ഏറ്റെടുക്കുന്നു
ബംഗളൂരു: വ്യവസായം തുടങ്ങാനെന്ന പേരില്‍ കര്‍ണാടകത്തില്‍വന്‍തോതില്‍ കൃഷിഭൂമി ഏറ്റെടുക്കുന്നു. കര്‍ഷകപ്രതിഷേധം മറികടന്നാണ് നടപടി. കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് വ്യവസായപദ്ധതികള്‍ക്കായി ഒരുലക്ഷം ഏക്കര്‍ കൃഷിഭൂമി ഏറ്റെടുക്കുന്നതിനായി ഭൂബാങ്ക് നയം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. തുച്ഛവിലയ്ക്ക് ഭൂമി ഏറ്റെടുത്ത് വന്‍കിടക്കാര്‍ക്ക് മറിച്ചുനല്‍കാനാണ് ഭരണതലത്തിലുള്ള നീക്കം. ചില മന്ത്രിമാരുടെ ബന്ധുക്കളുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് സ്ഥാപനങ്ങളുടെ താല്‍പ്പര്യപ്രകാരമാണ് അധികം ഭൂമി ഏറ്റെടുക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ബംഗളൂരുവില്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപകസംഗമത്തിന്റെ പേരിലാണ് ഭൂമി ഏറ്റെടുക്കല്‍ . കര്‍ഷകക്ഷേമത്തിന് പ്രത്യേക ബജറ്റ് അവതരിപ്പിച്ചതിനുപിന്നാലെ, തുച്ഛമായ വില നല്‍കി കൃഷിഭൂമി ഏറ്റെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞു. ഏക്കറിന് ഒന്നരമുതല്‍ മൂന്നുലക്ഷം രൂപവരെയാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. ബെല്ലാരി, ബാഗല്‍കോട്ട്, ബിജാപുര്‍ , ശിവമോഗ എന്നിവിടങ്ങളിലും ബംഗളൂരു പരിസരങ്ങളിലുമാണ് കൃഷിഭൂമി ഏറ്റെടുക്കുന്നത്. ഇതിനെതിരെയുള്ള കര്‍ഷകപ്രക്ഷോഭത്തെ പൊലീസിനെയും മറ്റും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്.
1998ല്‍ ബംഗളൂരു- മൈസൂരു അതിവേഗപാതയ്ക്കായി നൈസ് കമ്പനിക്ക് (നന്ദി ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ എന്റര്‍പ്രൈസസ്) ദക്ഷിണ ബംഗളൂരുവിലെ ഗോണിപുര, ഷിഗേഹള്ളി, തിപ്പൂര്‍ എന്നീ ഗ്രാമങ്ങളിലെ 1916 ഏക്കര്‍ കൃഷിഭൂമി ഏറ്റെടുത്തിരുന്നു. അന്ന് ഏക്കറിന് ഒന്നരലക്ഷം രൂപയാണ് നഷ്ടപരിഹാരം അനുവദിച്ചത്. എന്നാല്‍ , കര്‍ഷകസമരത്തെയും സുപ്രീംകോടതി ഇടപെടലിനെയും തുടര്‍ന്ന് നഷ്ടപരിഹാരത്തുക ഏക്കറിന് 40 ലക്ഷം രൂപവരെയായി വര്‍ധിപ്പിച്ചിരുന്നു. ആഗോള നിക്ഷേപകസംഗമത്തിലെ കരാര്‍പ്രകാരം 913 പദ്ധതിയാണ് തയ്യാറായിട്ടുള്ളത്. പദ്ധതികളെല്ലാം നടപ്പാകാന്‍ 43,000 ഹെക്ടര്‍ ഭൂമി മതിയെന്നിരിക്കെ 57,000 ഹെക്ടര്‍ കൃഷിഭൂമി കൂടുതല്‍ ഏറ്റെടുക്കുകയാണ്. അതിനിടെ, കര്‍ഷകപ്രതിഷേധത്തെതുടര്‍ന്ന് ബാഗല്‍കോട്ട് ജില്ലയിലെ മുദ്ദോളില്‍ കൃഷിഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം സര്‍ക്കാര്‍ റദ്ദുചെയ്തു.
deshabhimani 190611
നോയ്ഡമുതല്‍ ആഗ്രവരെ പണിയുന്ന യമുന എക്സ്പ്രസ് ഹൈവേക്ക് ഇരുവശത്തും ടൗണ്‍ഷിപ് നിര്‍മിക്കാന്‍ കൃഷിഭൂമി തുഛവിലക്കെടുത്ത് സ്വകാര്യക്കമ്പനികള്‍ക്ക് മറിച്ചുവില്‍ക്കുന്നതിനെതിരെ കര്‍ഷകപ്രക്ഷോഭം ശക്തമായി. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ കിസാന്‍സഭയുടെ നേതൃത്വത്തിലുള്ള സമരം മഥുര പ്രദേശത്താണ് ശക്തിപ്രാപിച്ചത്. 165 കിലോമീറ്റര്‍ ദൂരത്തില്‍ പണിപുരോഗമിക്കുന്ന ഹൈവേക്കിരുവശവുമായി 15 മുതല്‍ 20 വരെ കീലോമീറ്റര്‍ വീതിയിലാണ് ടൗണ്‍ഷിപ്പിനായി കൃഷിഭൂമി ഏറ്റെടുത്തത്. കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കണമെന്നും കൃഷിഭൂമി ഇല്ലാതാകുന്നതോടെ തൊഴില്‍നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് കിടപ്പാടം കെട്ടാന്‍ സ്ഥലം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കിസാന്‍സഭയുടെ പ്രക്ഷോഭം.
ReplyDelete