Thursday, June 2, 2011

എച്ച് എം എല്‍ ഭൂമി

വൈത്തിരി താലൂക്ക് ലാന്റ് ബോര്‍ഡ് വസ്തുതകള്‍ പലതും പരിശോധിച്ചില്ല

കല്‍പറ്റ: ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശത്തിലെ അനധികൃത ഭൂമി സംബന്ധിച്ച് സര്‍ക്കാറില്‍ സമര്‍പ്പിച്ച സീലിംഗ് റിട്ടേണുകളില്‍ പലതും വസ്തുതാവിരുദ്ധമാണെന്ന് വിലയിരുത്തല്‍. കോടതി വ്യവഹാരങ്ങളിലും നിയമക്കുരുക്കിലും ഉള്‍പ്പെടുത്തി പ്രശ്‌ന പരിഹാരം അസാധ്യമാക്കുകയെന്ന ബോധപൂര്‍വ ശ്രമത്തിന്റെ ഭാഗമാണിതെന്നും സംശയിക്കപ്പെടുന്നു. പ്രശ്‌നത്തിന്റെ ഗൗരവം വിലയിരുത്താതെ ലാഘവബുദ്ധിയോടെ 1978 മുതല്‍ വൈത്തിരി താലൂക്ക് ലാന്റ് ബോര്‍ഡ് ഭൂമി പ്രശ്‌നം കൈകാര്യം ചെയ്തതായും സംശയിക്കേണ്ടിയിരിക്കുന്നു.

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ നിയോഗിച്ച ജസ്റ്റിസ് മനോഹരന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെയും ഇതിന്റെ തുടര്‍ച്ചയായി ലാന്റ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍ സജിത് ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലെയും കണ്ടെത്തലുകളാണ് ഈ സംശയം ബലപ്പെടുത്തുന്നത്. ഭൂമി സംബന്ധിച്ച സീലിംഗ് റിട്ടേണ്‍ ഗൗരവമായി പരിശോധിക്കേണ്ടിയിരുന്ന താലൂക്ക് ലാന്റ് ബോര്‍ഡ് പോലും അവാര്‍ഡ് പാസാക്കിയിട്ടുള്ളത് രേഖകള്‍ ആഴത്തില്‍ വിലയിരുത്താതെയും ഏറെക്കുറെ നിരുത്തവാദപരവുമായിട്ടാണ്. എച്ച് എം എല്‍ മിച്ചഭൂമി സംബന്ധിച്ച് 1982-ലാണ് വൈത്തിരി താലൂക്ക് ലാന്റ് ബോര്‍ഡിന്റെ അവാര്‍ഡ്.

കമ്പനി നല്‍കിയ സീലിംഗ് റിട്ടേണില്‍ താലൂക്ക് ലാന്റ് ബോര്‍ഡ്, സ്വന്തം ഭൂമി, പാട്ടഭൂമി, സ്വകാര്യ വനഭൂമി എന്നിവ തരംതിരിച്ച് രേഖപ്പെടുത്തുകയോ കെ എല്‍ ആര്‍ ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ല. 1978-ലാണ് എച്ച് എം എല്‍ മിച്ചഭൂമിയുടെ കേസ് ലാന്റ് ബോര്‍ഡ് പരിഗണിക്കുന്നത്. 1978-ല്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ (യു കെ) ലിമിറ്റഡ് എന്ന കമ്പനിക്ക് വേണ്ടി ഹാരിസണ്‍ ആന്റ് ക്രോസ്ഫീല്‍ഡ് ലിമിറ്റഡ് മാനേജരാണ് റിട്ടേണ്‍ ഫയല്‍ ചെയ്തത്. എന്നാല്‍ 1982 മുതല്‍ മലയാളം പ്ലാന്റേഷന്‍ ഇന്ത്യ ലിമിറ്റഡ് എന്ന പേരിലാണ് ലാന്റ് ബോര്‍ഡില്‍ നടപടികള്‍ തുടര്‍ന്നത്. മതിയായ രേഖകള്‍ പോലുമില്ലാതെയുള്ള കമ്പനിയുടെ പേര് മാറ്റം എന്തടിസ്ഥാനത്തിലാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിദേശ കമ്പനിയായിരുന്ന മലയാളം പ്ലാന്റേഷന്‍(യു കെ) ലിമിറ്റഡിന് സ്വാതന്ത്ര്യം ലഭിച്ച് 30 വര്‍ഷത്തിന് ശേഷം എങ്ങിനെ 90 ശതമാനം ഓഹരികള്‍ നിലനിര്‍ത്താനായി എന്നതിനെക്കുറിച്ചും ലാന്റ് ബോര്‍ഡ് പരിശോധിച്ചിട്ടില്ല. നിയമ പ്രകാരം ഇത് അന്യം നിന്ന ആസ്തികളില്‍ ഉള്‍പ്പെടേണ്ടതായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പരിശോധിക്കാതെയാണ് കമ്പനിയുടെ പക്കല്‍ 1845.22 ഏക്കര്‍ മിച്ചഭൂമി മാത്രമാണുള്ളതെന്ന് വൈത്തിരി താലൂക്ക് ലാന്റ് ബോര്‍ഡ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
(വി ജി വിജയന്‍)

janayugom 020611

1 comment:

  1. ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശത്തിലെ അനധികൃത ഭൂമി സംബന്ധിച്ച് സര്‍ക്കാറില്‍ സമര്‍പ്പിച്ച സീലിംഗ് റിട്ടേണുകളില്‍ പലതും വസ്തുതാവിരുദ്ധമാണെന്ന് വിലയിരുത്തല്‍. കോടതി വ്യവഹാരങ്ങളിലും നിയമക്കുരുക്കിലും ഉള്‍പ്പെടുത്തി പ്രശ്‌ന പരിഹാരം അസാധ്യമാക്കുകയെന്ന ബോധപൂര്‍വ ശ്രമത്തിന്റെ ഭാഗമാണിതെന്നും സംശയിക്കപ്പെടുന്നു. പ്രശ്‌നത്തിന്റെ ഗൗരവം വിലയിരുത്താതെ ലാഘവബുദ്ധിയോടെ 1978 മുതല്‍ വൈത്തിരി താലൂക്ക് ലാന്റ് ബോര്‍ഡ് ഭൂമി പ്രശ്‌നം കൈകാര്യം ചെയ്തതായും സംശയിക്കേണ്ടിയിരിക്കുന്നു.

    ReplyDelete