Friday, June 24, 2011

സ്വര്‍ണാഭരണങ്ങളില്‍ ക്യാന്‍സര്‍ മൂലകം: കേന്ദ്രം ഗൗരവത്തോടെ കാണണം- ഹൈക്കോടതി

കൊച്ചി: സ്വര്‍ണാഭരണങ്ങളില്‍ ക്യാന്‍സറിനു കാരണമാവുന്ന മൂലകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തല്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് ഹൈക്കോടതി. ഇക്കാര്യം കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനോടും അഡ്വക്കറ്റ് ജനറലിനോടും ജസ്റ്റിസുമാരായ എ കെ ബഷീറും പി ക്യൂ ബര്‍ക്കത്ത് അലിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു.

നിലവിലെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് നിയമപ്രകാരം മൂലകങ്ങള്‍ സംബന്ധിച്ച പരിശോധന സാധ്യമല്ലെന്ന് ബിസ് ഡയറക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സ്വര്‍ണാഭരണങ്ങളില്‍ ചേര്‍ക്കുന്ന ഇരിഡിയം, റുഡേറിയം എന്നീ മൂലകങ്ങളാണ് ക്യാന്‍സറിന് കാരണമാകുന്നത്. ആഭരണങ്ങള്‍ ഉണ്ടാക്കാനുള്ള സ്വര്‍ണ മിശ്രിതവും അവ വിളക്കിച്ചേര്‍ക്കാനുപയോഗിക്കുന്ന വസ്തുക്കളും ഇറിഡിയം, റുഡേനിയം മുക്തമായിരിക്കണമെന്ന് ഭേദഗതികൊണ്ടുവരാന്‍ തീരുമാനം ഉണ്ടെങ്കിലും വാണിജ്യമന്ത്രാലയവും ഉപഭോക്തൃ മന്ത്രാലയവും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കംമൂലം നിയമഭേദഗതിയുടെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്ന് ബിസ് ഡയറക്ടര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തിന് മുഖ്യപരിഗണന നല്‍കാത്തത് ഖേദകരമാണെന്ന് കോടതി പറഞ്ഞു. സ്വര്‍ണാഭരണങ്ങളില്‍ ഇത്തരം മൂലകങ്ങള്‍ ഉപയോഗിക്കുന്നതു ക്യാന്‍സറിനു കാരണമാവുമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ എന്‍ ശങ്കരമേനോന്‍ അയച്ച കത്ത് സ്വമേധയാ ഹര്‍ജിയായി പരിഗണിച്ചാണ് കോടതി നടപടി. ബിസ് ഡയറക്ടര്‍ തിങ്കളാഴ്ച ഹാജരാവാനും കോടതി നിര്‍ദേശിച്ചു.

deshabhimani 240611

1 comment:

  1. സ്വര്‍ണാഭരണങ്ങളില്‍ ക്യാന്‍സറിനു കാരണമാവുന്ന മൂലകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തല്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് ഹൈക്കോടതി. ഇക്കാര്യം കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനോടും അഡ്വക്കറ്റ് ജനറലിനോടും ജസ്റ്റിസുമാരായ എ കെ ബഷീറും പി ക്യൂ ബര്‍ക്കത്ത് അലിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു.

    ReplyDelete