Thursday, June 9, 2011

തൊഴിലുറപ്പ് പദ്ധതി ഇഴഞ്ഞ് നീങ്ങുന്നു,ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി അവതാളത്തില്‍

പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതി ഇഴഞ്ഞ് നീങ്ങുന്നു

മാനന്തവാടി: രാജ്യത്തിന് മാതൃകയായി തൊഴിലുറപ്പ് പദ്ധതിയില്‍ വയനാട് ജില്ല കൈവരിച്ച നേട്ടങ്ങള്‍ നഷ്ടമാവുന്നു. പഞ്ചായത്തുകളില്‍ യുഡിഎഫ് അധികാരമേറ്റതോടെയാണ് തൊഴിലുറപ്പ് പദ്ധതിയുടെ തകര്‍ച്ച ആരംഭിച്ചത്. രാജ്യത്ത് ഒന്നാംസ്ഥാനത്തെത്തിയ തവിഞ്ഞാല്‍ പഞ്ചായത്തില്‍പോലും തൊഴിലുറപ്പ് പദ്ധതി ഇഴഞ്ഞ് നീങ്ങുകയാണ്. ഗ്രാമസഭകള്‍ നിര്‍ദേശിച്ച 7159 പദ്ധതികളാണ് മാനന്തവാടി താലൂക്കിലുള്ളത്. ഇതില്‍ 1848 പദ്ധതികളുടെ എസ്റ്റിമേറ്റാണ് തയ്യാറായിട്ടുള്ളത്. സാങ്കേതികാനുമതി ലഭിച്ച 741പദ്ധതികളില്‍ ആകെ പണി പൂര്‍ത്തിയായത് 87എണ്ണമാണ്. തിരുനെല്ലി പഞ്ചാലയത്തില്‍ 86പദ്ധതികളും തൊണ്ടര്‍നാട്ടില്‍ ഒരു പദ്ധതിയുമാണ് നടപ്പിലായത്. ശേഷിക്കുന്ന അഞ്ചു പഞ്ചായത്തുകളിലും ഒരു പദ്ധതി പോലും നടപ്പായിട്ടില്ല.

കഴിഞ്ഞ നാലുവര്‍ഷക്കാലവും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതില്‍ പഞായത്തുകള്‍ മത്സരിക്കുകയായിരുന്നു. അഞ്ചുവര്‍ഷം കൊണ്ട് അഞ്ചുകോടി രൂപ ചെലവഴിച്ച് രാജ്യത്ത് ഒന്നാംസ്ഥാനത്തെത്തിയ തവിഞ്ഞാല്‍ പഞ്ചായത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു പ്രവൃത്തിയും നടന്നിട്ടില്ല. മന്ത്രി പി കെ ജയലക്ഷ്മിയുടെ വാര്‍ഡിലും ഒന്നും നടന്നില്ല. തൊഴിലുറപ്പ് പദ്ധതി യുപിഎ സര്‍ക്കാറിന്റെയും സോണിയാഗാന്ധിയുടെയും സ്വപ്നമാണെന്ന് വിശേഷിപ്പിച്ചവര്‍ തന്നെ ഈ പദ്ധതിയെ തകര്‍ക്കുകയാണ്.

തവിഞ്ഞാല്‍ പഞ്ചായത്തില്‍ 1275 പദ്ധതികളാണ് ഗ്രാമസഭകള്‍ അംഗീകരിച്ചത്. ഇതില്‍ ഒരു പദ്ധതിക്ക് പോലും ഭരണ-സാങ്കേതിക അനുമതികള്‍ ലഭിച്ചിട്ടില്ല. 749 പദ്ധതികളുള്ള എടവകയില്‍ 100പദ്ധതികള്‍ക്ക് സാങ്കേതിക അനുമതി ലഭിച്ചെങ്കിലും 17പ്രവൃത്തികള്‍ മാത്രമാണ് തുടങ്ങിയത്. 1829 പദ്ധതികള്‍ നടപ്പാക്കേണ്ട മാനന്തവാടിയില്‍ 40 പ്രവൃത്തികള്‍ക്ക് അനുമതിയായെങ്കിലും 12പ്രവൃത്തികള്‍ മാത്രമേ തുടങ്ങിയിട്ടുള്ളൂ. 1096 പ്രവൃത്തികള്‍ നടത്തേണ്ട വെള്ളമുണ്ടയില്‍ ഒന്നുമാത്രമാണ് തുടങ്ങിയത്. തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കാന്‍ മാര്‍ച്ച് 28ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശം നല്‍കിയെങ്കിലും തിരുനെല്ലി ഒഴികെ ഒരു പഞ്ചായത്തും നടപ്പാക്കിയില്ല. പദ്ധതി നടത്തിപ്പ് കാര്യമമാക്കാന്‍ യുഡിഎഫ് നേമിനികളായ 17പേരുള്‍പ്പെട്ട ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ഇവരും പദ്ധതിയില്‍ ഇടപെടുന്നില്ല.

ജില്ലയില്‍ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി അവതാളത്തില്‍

കല്‍പ്പറ്റ: ജില്ലയില്‍ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി അവതാളത്തില്‍ . മൂന്ന് മാസമായി ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ്മായി ചികിത്സ തേടിയെത്തുന്നവര്‍ക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥയാണുള്ളത്. സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ പണം ഇന്‍ഷൂറന്‍സ് കമ്പനികള്‍ നല്‍കാത്തതാണ് ചികിത്സ നിഷേധിക്കാന്‍ കാരണമെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. ഇത് ആശുപത്രിയിലെത്തുന്ന സാധാരണക്കാരായ രോഗികളെ വലക്കുന്നു.

ദാരിദ്ര്യ രേഖക്ക് താഴെയുള്ള ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് 30 രൂപ വാര്‍ഷിക രജിസ്ട്രേഷന്‍ ഫീസ് അടച്ചാല്‍ 30,000 രൂപയുടെ ആരോഗ്യ പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണ് സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി. ഈ പദ്ധതി പ്രകാരം കല്‍പ്പറ്റ ഗവ. ആശുപത്രി, വൈത്തിരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ , മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ , സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി എന്നീ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ലിയോ ഹോസ്പിറ്റല്‍ , സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹോസ്പിറ്റല്‍ , അഹല്യ കണ്ണാശുപത്രി എന്നീ സ്വകാര്യ ആശുപത്രികളില്‍നിന്നും ചികിത്സ ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ ഈ പദ്ധതി പ്രകാരമുള്ള ചികിത്സ നിഷേധിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

ഭാരിച്ച തുകയാണ് ഇന്‍ഷൂറന്‍സ് കമ്പനിക്കാര്‍ ഓരോ ആശുപത്രിക്കും കൈമാറാനുള്ളത്. സ്മാര്‍ട്ട് കാര്‍ഡ് ഉണ്ടായിട്ടും ചികിത്സ നിഷേധിക്കുന്നതിനാല്‍ രോഗികളായെത്തുന്നവര്‍ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ്. വയനാട് ജില്ലയില്‍ കഴിഞ്ഞവര്‍ഷം 3600 എപിഎല്‍ കുടംബങ്ങള്‍ ഉള്‍പ്പെടെ 57,157 കുടുംബങ്ങളാണ് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിരുന്നത്. 30,000 രൂപവരെയുള്ള സൗജന്യ ചികിത്സ വിവിധ ആശുപത്രികളില്‍ ഉറപ്പുനല്‍കുന്ന പദ്ധതിയാണിത്. ബിപിഎല്‍ കുടുംബങ്ങള്‍ 30 രൂപ രജിസ്ട്രേഷന്‍ ചാര്‍ജ് അടച്ചും എപിഎല്‍ കുടുംബങ്ങള്‍ 778 രൂപ അടച്ച്മാണ് പദ്ധതിയില്‍ അംഗങ്ങളായത്. ജനങ്ങള്‍ക്ക് ഉപകാര പ്രദമാകുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ ആവശ്യക്കാര്‍ക്ക് ഒരു ഗുണം കിട്ടാത്ത അവസ്ഥയിലാണിപ്പോള്‍ .

ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; പണവും ആര്‍സി ബുക്കുകളും പിടിച്ചെടുത്തു

കല്‍പ്പറ്റ: കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടര്‍ന്ന് സിവില്‍സ്റ്റേഷനിലെ ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 4500രൂപയും ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ ആറ് വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും പിടിച്ചെടുത്തു. വിജിലന്‍സ് സിഐമാരായ കെ അബ്ദുള്‍ഷെരീഫ്, ഷാജി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് ബുധനാഴ്ച പകല്‍ മൂന്നുമണിയോടെ ആര്‍ടിഒ ഓഫീസില്‍ റെയ്ഡ് നടത്തിയത്. ഇടപാടുകള്‍ക്കായി പണംവാങ്ങുന്നു, ഓഫീസില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നു തുടങ്ങിയ നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. വിജിലന്‍സ് സംഘം എത്തുമ്പോള്‍ അഞ്ച് ഏജന്റുമാര്‍ ഓഫീസിനകത്തുണ്ടായിരുന്നു. ഇവരാണ് ആര്‍സിബുക്കുകളും 1000 രൂപയും ഓഫീസിന്റെ മൂലയില്‍ ഉപേക്ഷിച്ചത്. ഓഫീസിലെ ഒരു യുഡി ക്ലാര്‍ക്കിന്റെ കൈയില്‍നിന്നാണ് കണക്കില്‍പ്പെടാത്ത 3,500രൂപ കണ്ടെടുത്തത്. പിടിച്ചെടുത്ത ആര്‍സിബുക്കുകള്‍ പരിശോധനക്കായി ആര്‍ടിഒയെ ഏല്‍പ്പിച്ചതായി വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. ബത്തേരി അഡീഷണല്‍ തഹസില്‍ദാര്‍ യു ജെ ജോസഫിന്റെ സാന്നിദ്ധ്യത്തിലാണ് റെയ്ഡ് നടന്നത്. ആര്‍ഡിഒ ഓഫീസിലെ ഒരു ജോയിന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ വാഹന റജിസ്ട്രേഷനില്‍ കൃത്രിമം നടത്തുകയും ബിനാമി പേരില്‍ വാഹനങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത സംഭവം നേരത്തെ വിവാദമായിരുന്നു. ഈ കേസില്‍ ജോയിന്റ് ആര്‍ടിഒ എല്‍ദോ വര്‍ഗീസിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ദേശാഭിമാനി 090611

1 comment:

  1. രാജ്യത്തിന് മാതൃകയായി തൊഴിലുറപ്പ് പദ്ധതിയില്‍ വയനാട് ജില്ല കൈവരിച്ച നേട്ടങ്ങള്‍ നഷ്ടമാവുന്നു. പഞ്ചായത്തുകളില്‍ യുഡിഎഫ് അധികാരമേറ്റതോടെയാണ് തൊഴിലുറപ്പ് പദ്ധതിയുടെ തകര്‍ച്ച ആരംഭിച്ചത്. രാജ്യത്ത് ഒന്നാംസ്ഥാനത്തെത്തിയ തവിഞ്ഞാല്‍ പഞ്ചായത്തില്‍പോലും തൊഴിലുറപ്പ് പദ്ധതി ഇഴഞ്ഞ് നീങ്ങുകയാണ്. ഗ്രാമസഭകള്‍ നിര്‍ദേശിച്ച 7159 പദ്ധതികളാണ് മാനന്തവാടി താലൂക്കിലുള്ളത്. ഇതില്‍ 1848 പദ്ധതികളുടെ എസ്റ്റിമേറ്റാണ് തയ്യാറായിട്ടുള്ളത്. സാങ്കേതികാനുമതി ലഭിച്ച 741പദ്ധതികളില്‍ ആകെ പണി പൂര്‍ത്തിയായത് 87എണ്ണമാണ്. തിരുനെല്ലി പഞ്ചാലയത്തില്‍ 86പദ്ധതികളും തൊണ്ടര്‍നാട്ടില്‍ ഒരു പദ്ധതിയുമാണ് നടപ്പിലായത്. ശേഷിക്കുന്ന അഞ്ചു പഞ്ചായത്തുകളിലും ഒരു പദ്ധതി പോലും നടപ്പായിട്ടില്ല.

    ReplyDelete