Thursday, June 9, 2011

വാര്‍ത്തകള്‍ ചുരുക്കത്തില്‍ - ചെങ്ങറ, മെട്രോ, ട്രോളിങ്ങ്..

ചെങ്ങറ പാക്കേജ് ഉടന്‍ നടപ്പാക്കും മുഖ്യമന്ത്രി

ചെങ്ങറ പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായി റവന്യൂമന്ത്രിയും കൃഷിമന്ത്രിയും ഇടുക്കിയും കാസര്‍കോടും സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇവിടെ നേരിട്ടെത്തി താമസക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കിയാണ് പദ്ധതി നടപ്പാക്കുക. കൊച്ചി മെട്രോ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പാക്കും. 184 കോടിയുടെ പ്രവൃത്തിയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. സ്ഥലം ഏറ്റെടുക്കുന്നതിനായി കൊച്ചി കോര്‍പറേഷന് 48 കോടിരൂപ അനുവദിക്കും. ഇതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിന് കലക്ടറെ ചുമതലപ്പെടുത്തി. കൊച്ചി കുടിവെള്ളപദ്ധതിയുടെ നടത്തിപ്പിന് സ്ഥലമേറ്റെടുക്കുന്നതിന് 11 കോടിയും അനുവദിക്കും. 2012 ല്‍ ആദ്യഘട്ടം പൂര്‍ത്തിയായില്ലെങ്കില്‍ ഈ പദ്ധതി നഷ്ടപ്പെടും. കോഴിക്കോട് ബംഗ്ലാദേശ് കോളനിയില്‍ വീട് നിര്‍മ്മാണത്തിനായി കലക്ടറുടെ ശുപാര്‍ശ പരിഗണിച്ച് പുതിയ പദ്ധതി നടപ്പാക്കും. കടലാക്രമണം തടയുന്നതിനുള്ള താല്‍ക്കാലിക സംവിധാനത്തിനായി 2 കോടി നല്‍കും. കടല്‍കയറി സ്ഥിരമായി ദുരന്തമുണ്ടാവുന്ന സ്ഥലങ്ങളില്‍ പുലിമുട്ട് നിര്‍മ്മിക്കും. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കും. എട്ട് ജില്ലകളില്‍ പ്ലസ് വണിന് സീറ്റുകള്‍ വര്‍ധിപ്പിച്ചു. ഇടിമിന്നലേറ്റും പാമ്പുകടിയേറ്റും മരിക്കുന്നവര്‍ക്ക് 1 ലക്ഷം രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചി മെട്രോ: സ്ഥലമെടുക്കാന്‍ അടിയന്തരനടപടി

കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കുന്നത് ത്വരിതപ്പെടുത്താന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഏല്‍പ്പിച്ച 154 കോടി രൂപയുടെ പ്രവൃത്തി ഉടന്‍ തുടങ്ങും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിനുസമീപം റെയില്‍വേ ഓവര്‍ബ്രിഡ്ജ് പണിയുന്നതിനായി സ്ഥലം ഏറ്റെടുക്കാന്‍ കൊച്ചി കോര്‍പറേഷന് 48 കോടി അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനാണ് മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ആവശ്യപ്പെട്ട സഹായം ഉടന്‍ നല്‍കും. 154 കോടിയുടെ പ്രവൃത്തികള്‍ ആരംഭിക്കാനാവശ്യമായ സ്ഥലം ഉടനെ ഏറ്റെടുക്കും. പ്രവൃത്തികളുടെ നിര്‍വഹണത്തിന് വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിനുസമീപത്ത് ഓവര്‍ബ്രിഡ്ജ് പണിയാന്‍ കൊച്ചി കോര്‍പറേഷന്‍ തീരുമാനമെടുത്തിരുന്നെങ്കിലും സ്ഥലം ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. 48 കോടിയാണ് സ്ഥലമെടുക്കാന്‍ വേണ്ടത്. ഇതുഅനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സ്ഥലമെടുപ്പാണ് മെട്രോപദ്ധതിക്ക് പ്രധാന തടസ്സമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നോര്‍ത്ത് ഓവര്‍ബ്രിഡ്ജ് പുനരുദ്ധാരണത്തിന് എട്ടു സെന്റ് സ്ഥലമേ വേണ്ടു. അതും തടസ്സമായി നില്‍ക്കുകയാണ്. കൊച്ചി കുടിവെള്ളപദ്ധതിക്ക് ഭൂമി ഏറ്റെടുക്കാന്‍ 11 കോടി അനുവദിച്ചു.

ട്രോളിങ് നിരോധനം 15 മുതല്‍

ഈമാസം 15 മുതല്‍ ജൂലൈ 31 വരെ സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിരോധനസമയത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള മഴക്കാല സമാശ്വാസപദ്ധതിയില്‍ സഹായം നല്‍കുന്നതിന് 10 കോടി അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. എപിഎല്‍ , ബിപിഎല്‍ വ്യത്യാസമില്ലാതെ ഈ സഹായം നല്‍കും.

കുട്ടനാട് പാക്കേജ്: 1000 കോടി ബജറ്റില്‍ വകയിരുത്തും

കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിനു മുന്നോടിയായി ബജറ്റില്‍ ആയിരം കോടി രൂപ വകകൊള്ളിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗം തീരുമാനിച്ചു. വേമ്പനാട്ട് കായല്‍ മലിനീകരണം തടയാന്‍ ഫലപ്രദ നടപടികള്‍ സ്വീകരിക്കുന്നതിന് പഠനം നടത്താനും തീരുമാനമായി. കുട്ടനാട് പാക്കേജില്‍ സംസ്ഥാനഗവര്‍മെന്റ് തുക വകകൊള്ളിക്കുകയും ചെലവിടുകയും ചെയ്തശേഷം കേന്ദ്ര ഫണ്ട് ലഭ്യമാക്കും. ഇതിന്റെ ഭാഗമായാണ് വെള്ളപ്പൊക്ക നിവാരണത്തിനായി 1000 കോടി അടുത്ത ബജറ്റില്‍ വകയിരുത്തുന്നത്. പദ്ധതി തുകയില്‍ 75 ശതമാനം തുക കേന്ദ്രം തരുമ്പോള്‍ 25 ശതമാനം സംസ്ഥാനമാണ് മുടക്കുക. പാക്കേജില്‍ 523 കോടിയുടെ പദ്ധതികള്‍ക്ക് ഇതിനകം അനുമതി ലഭിച്ചതായി ജലവിഭവ മന്ത്രി പി ജെ ജോസഫും കൃഷിമന്ത്രി കെ പി മോഹനനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

3500 കോടിയുടെ പദ്ധതിയാണ് മൂന്നു വര്‍ഷത്തില്‍ നടപ്പാക്കുക. പദ്ധതി പ്രവര്‍ത്തനം സുഗമമാക്കാന്‍ ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ സംവിധാനമുണ്ടാക്കും. കുട്ടനാട്ടിലെ എസി കനാല്‍ പുനുരുദ്ധരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധസമതിയെ നിയോഗിച്ചു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് ലഭിക്കും. കുട്ടനാടിനായി വാങ്ങിയ കൊയ്ത്ത് യന്ത്രങ്ങള്‍ അവിടത്തെ സാഹചര്യങ്ങള്‍ക്ക് യോജിച്ചതല്ലാത്തതിനാല്‍ അവ പാലക്കാടിന് നല്‍കും. കുട്ടനാടിന് ഈ വര്‍ഷം തന്നെ 150 യന്ത്രങ്ങള്‍ വാങ്ങി നല്‍കും.

തണ്ണീര്‍മുക്കം ബണ്ടിന്റെയും തോട്ടപ്പള്ളി സ്പില്‍വേയുടെ പുനരുദ്ധാരണം സംബന്ധിച്ച് ഐഐടി ചെന്നൈയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ മങ്കൊമ്പ് ഗവേഷണ കേന്ദ്രം വികസിപ്പിച്ച "പ്രത്യാശ" നെല്‍വിത്ത് കുട്ടനാട്ടില്‍ വ്യാപകമാക്കാനും തീരുമാനിച്ചു. ഉപ്പുരസത്തെ ചെറുക്കുന്നതും കൂടുതല്‍ വിളവു നല്‍കുന്നതുമാണ് വിത്ത്. വേമ്പനാട്ട് കായല്‍ മലിനീകരണം തടയുന്നതിന്റെ ഭാഗമായി പമ്പ, അച്ചന്‍കോവില്‍ , മണിമല, മീനച്ചില്‍ , മുവാറ്റുപുഴ ആറുകള്‍ സംരക്ഷിക്കണം. വേമ്പനാട്ട് കായല്‍ റാംസര്‍ സൈറ്റായി പ്രഖ്യപിച്ചിട്ടുള്ളതിനാല്‍ കേന്ദ്രഫണ്ട് ലഭ്യമാകുമെന്നും മന്ത്രിമാര്‍ പറഞ്ഞു.

മിന്നലേറ്റോ പാമ്പുകടിയേറ്റോ മരിച്ചാല്‍ ഒരുലക്ഷം

മിന്നലേറ്റോ പാമ്പുകടിയേറ്റോ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വീതം സഹായധനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പ്രകൃതിക്ഷോഭ ദുരിതാശ്വാസപദ്ധതിപ്രകാരമാണ് സഹായധനം നല്‍കുക. മിന്നലേറ്റ് മരിക്കുന്നത് കേന്ദ്രമാനദണ്ഡപ്രകാരം പ്രകൃതിക്ഷോഭ ദുരന്തത്തിന്റെ പരിധിയില്‍ വരില്ല. വീട് പൂര്‍ണമായി നശിക്കുന്നവര്‍ക്ക് കേന്ദ്രമാനദണ്ഡമനുസരിച്ച് 35,000 രൂപയേ ലഭിക്കു. ഇത് ഒരുലക്ഷമായി വര്‍ധിപ്പിച്ചു. ഭാഗികമായി വീട് നശിച്ചവര്‍ക്കുള്ള സഹായം 20,000ത്തില്‍ നിന്ന് 35,000 ആയി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടലാക്രമണം തടയാന്‍ ജലസേചനവകുപ്പ് അടിയന്തരനടപടിയെടുക്കും. താല്‍ക്കാലിക നടപടിക്ക് രണ്ടു കോടി രൂപ അനുവദിച്ചു. രൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ സ്ഥിരം പുലിമുട്ട് നിര്‍മിക്കുന്നത് ആലോചിക്കും. തീരദേശ അതോറിറ്റിയുടെ അനുമതിക്ക് വിധേയമായി കടല്‍ഭിത്തി പണിയും.

പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള വായ്പ മൂന്ന് ലക്ഷമാക്കി

പിന്നാക്ക കോര്‍പ്പറേഷന്‍ വഴി പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള നല്‍കുന്ന വായ്പ മൂന്ന് ലക്ഷമായി ഉയര്‍ത്തുമെന്ന് മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. നിലവില്‍ ഇത് രണ്ട് ലക്ഷമാണ്. പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കായി 55,000 സൈക്കിളുകള്‍ സൗജന്യമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു. എസ്്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ എന്‍ട്രന്‍സ് പരിശീലനം നല്‍കും. വിനോദസഞ്ചാര മേഖലയില്‍ നാല് പദ്ധതികള്‍ നൂറു ദിവസത്തിനുള്ളില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വര്‍ക്കല, പാലക്കാട്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പദ്ധതികളാണ് നടപ്പാക്കുക.

ദേശാഭിമാനി 090611

1 comment:

  1. ചെങ്ങറ പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായി റവന്യൂമന്ത്രിയും കൃഷിമന്ത്രിയും ഇടുക്കിയും കാസര്‍കോടും സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇവിടെ നേരിട്ടെത്തി താമസക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കിയാണ് പദ്ധതി നടപ്പാക്കുക.

    ReplyDelete