Thursday, June 2, 2011

കൃഷ്ണഗിരിയിലെ സ്ഥലം സര്‍ക്കാറിന് ഏറ്റെടുക്കാം

കല്‍പ്പറ്റ: സ്വന്തമായും കുടുംബാംഗങ്ങളുടെ പേരിലും സ്വത്തുവകകള്‍ ഏറെയുണ്ടായിട്ടും അന്യായമായി കൈവശംവെക്കുന്ന സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കാത്ത ജനപ്രതിനിധിയുടെ നടപടി വയനാട്ടില്‍ വീണ്ടും ചര്‍ച്ചയാകും. ഹൈക്കോടതി വിധിയോടെ കൃഷ്ണഗരിയിലെ 13.83 ഏക്കര്‍ സ്ഥലം സര്‍ക്കാരിന് ഏറ്റെടുക്കാം. ഈ ഭൂമിയില്‍നിന്ന് ആദിവാസികളെ ഇറക്കിവിട്ടപ്പോള്‍ കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പൊലീസ് സംരക്ഷണവും ഇനി പിന്‍വലിക്കാം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലം അനുസരിച്ചുതന്നെ ആറ് കോടിയിലേറെ രൂപയുടെ ആസ്തി എം വി ശ്രേയാംസ്കുമാറിനുണ്ട്. ഇതുള്ളപ്പോഴാണ് സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നയാള്‍ സര്‍ക്കാര്‍ ഭൂമി കൈവശംവെക്കുന്നതെന്നത് വൈരുധ്യമാണ്. മാത്രമല്ല, ഭൂമി പതിച്ചുനല്‍കണം എന്ന് ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ ഭൂമിയാണ് കൈവശംവെക്കുന്നത് എന്ന് അദ്ദേഹംതന്നെ സമ്മതിക്കുകയുമാണ്.

കൃഷ്ണഗിരി വില്ലേജില്‍ ശ്രേയാംസ് കൈവശംവെക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ആദിവാസികള്‍ക്ക് വിതരണംചെയ്യണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ക്ഷേമസമിതി നേതൃത്വത്തില്‍ ശക്തമായ സമരമാണ് ജില്ലയില്‍ ഉയര്‍ന്നുവന്നിരുന്നത്. ഈ 14 ഏക്കര്‍ ഭൂമി വിട്ടുകൊടുക്കാതെ കോടതിയില്‍ നേരിടാനാണ് ശ്രേയാംസ്കുമാര്‍ ശ്രമിച്ചത്. ബത്തേരി കോടതിയില്‍ കേസ് നിലവിലുള്ളപ്പോഴാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. 2007 ല്‍ നല്‍കിയ ഈ ഹരജിയിലാണ് ബുധനാഴ്ച ജസ്റ്റിസ് സിരിജഗന്‍ തീര്‍പ്പാക്കിയത്.

ദേശീയപാതയില്‍ കൃഷ്ണഗിരി വില്ലേജിലെ ഈ ഭൂമി കാപ്പിത്തോട്ടമാണ്. സെന്റിന് ലക്ഷങ്ങളാണ് ഇവിടെ സ്ഥലത്തിന്റെ മാര്‍ക്കറ്റ് വില. എന്നാല്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഈ സ്ഥലവും സ്വന്തം പേരില്‍ ചേര്‍ത്തു. ഇതുള്‍പ്പെടെയുള്ള 62.23 ഏക്കര്‍ സ്ഥലത്തിന് കേവലം രണ്ടര കോടിയാണ് സത്യവാങ്മൂലത്തില്‍ കാണിച്ചത്. സത്യവാങ്മൂലം അനുസരിച്ച് കല്‍പ്പറ്റ വില്ലേജിലെ മുവട്ടിക്കുന്നില്‍ ബ്ലോക്ക് നമ്പര്‍ 18ല്‍ റി.സ. 343 ല്‍ ഒന്നര ഏക്കര്‍ കൃഷിഭൂമി ശ്രേയാംസിന്റെ പേരിലുണ്ട്. തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കല വില്ലേജില്‍ 25 സെന്റില്‍ നാലിനൊരു ഭാഗത്തിനും അവകാശമുണ്ട്. പുറമേ ബംഗളൂരുവിലും സ്ഥലമുണ്ട്. ഭാര്യ കവിതയുടെ പേരില്‍ തൃക്കാക്കര നോര്‍ത്ത് വില്ലേജില്‍ കളമശേരിയിലും കോഴിക്കോട് ജില്ലയില്‍ ചേമഞ്ചേരി വില്ലേജിലും സ്ഥലമുണ്ട്. ഇതിനെല്ലാംപുറമെ അച്ഛന്‍ എം പി വീരേന്ദ്രകുമാറും കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന ചന്ദ്രപ്രഭ ട്രസ്റ്റിന്റെ കീഴിലുള്ള കോടികളുടെ സ്വത്തിനും ശ്രേയാംസിന് അവകാശമുണ്ട്. മാതൃഭൂമി പത്രം, റേഡിയോ, അണിയറയിലുള്ള ടി വി ചാനല്‍ എന്നിവ ഇതിനുപുറമേയാണ്. ഇതെല്ലാം കൈവശംവെച്ച് കോടികളുടെ വരുമാനമുള്ളയാള്‍ക്ക് സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുത്തുകൂടെയെന്നാണ് ചോദ്യമുയരുന്നത്.

സ്ഥലം ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണംചെയ്യണം

കല്‍പറ്റ: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ അനധികൃതമായി കൈവശംവെക്കുന്ന കൃഷ്ണഗിരിയിലെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. ആദിവാസി ക്ഷേമസമിതിയും ഭൂസമര സഹായസമിതിയും നടത്തിയ സമരത്തിനുള്ള അംഗീകാരമാണ് കോടതി വിധി. ഭൂമി ഏറ്റെടുത്ത് ഭൂരഹിതരായ ആദിവാസികള്‍ക്ക് വിതരണംചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണം- സി കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. അനധികൃതമായി കൈവശം വെച്ചിട്ടുള്ള 14 ഏക്കര്‍ ഭൂമി സര്‍ക്കാറിനെ തിരിച്ചേല്‍പ്പിക്കാന്‍ എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എ തയ്യാറാവണമെന്ന് സിപിഐ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്വം അദ്ദേഹം നിര്‍വഹിക്കണം. സ്വയം വിട്ടുകൊടുക്കുന്നില്ലെങ്കില്‍ പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണംചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണം. എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ഭൂമി ഏറ്റെടുത്തതിനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവ്കൂടിയായ ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റ് നേതാക്കളും പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. അനധികൃതമായാണ് ശ്രേയാംസ്കുമാര്‍ ഭൂമി കൈവശം വെച്ചതെങ്കില്‍ അത് പിടിച്ചെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ പ്രസ്താവിച്ചതുമാണ്. ഈ ഭൂമി സംബന്ധിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഹൈക്കോടതി വിധി. കോടതി വിധി മാനിക്കാന്‍ ജനപ്രതിനിധിയെന്ന നിലയില്‍ ശ്രേയാംസ്കുമാര്‍ സന്നദ്ധനാവണം. സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടാന്‍ അവസരം ഉണ്ടാക്കിയാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തും. അതിനാല്‍ ഉടന്‍ തന്നെ ഇവിടെ സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിക്കുകയും അപേക്ഷ ക്ഷണിച്ച് ഇത് ഭൂരഹിതര്‍ക്കായി വിതരണം ചെയ്യുകയും വേണമെന്ന് സിപിഐ ജില്ലാ കൗണ്‍സില്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 020611

1 comment:

  1. സ്വന്തമായും കുടുംബാംഗങ്ങളുടെ പേരിലും സ്വത്തുവകകള്‍ ഏറെയുണ്ടായിട്ടും അന്യായമായി കൈവശംവെക്കുന്ന സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കാത്ത ജനപ്രതിനിധിയുടെ നടപടി വയനാട്ടില്‍ വീണ്ടും ചര്‍ച്ചയാകും. ഹൈക്കോടതി വിധിയോടെ കൃഷ്ണഗരിയിലെ 13.83 ഏക്കര്‍ സ്ഥലം സര്‍ക്കാരിന് ഏറ്റെടുക്കാം. ഈ ഭൂമിയില്‍നിന്ന് ആദിവാസികളെ ഇറക്കിവിട്ടപ്പോള്‍ കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പൊലീസ് സംരക്ഷണവും ഇനി പിന്‍വലിക്കാം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റയില്‍ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ചപ്പോള്‍ നല്‍കിയ സത്യവാങ്മൂലം അനുസരിച്ചുതന്നെ ആറ് കോടിയിലേറെ രൂപയുടെ ആസ്തി എം വി ശ്രേയാംസ്കുമാറിനുണ്ട്. ഇതുള്ളപ്പോഴാണ് സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നയാള്‍ സര്‍ക്കാര്‍ ഭൂമി കൈവശംവെക്കുന്നതെന്നത് വൈരുധ്യമാണ്. മാത്രമല്ല, ഭൂമി പതിച്ചുനല്‍കണം എന്ന് ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ ഭൂമിയാണ് കൈവശംവെക്കുന്നത് എന്ന് അദ്ദേഹംതന്നെ സമ്മതിക്കുകയുമാണ്.

    ReplyDelete