Tuesday, July 12, 2011

ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതിയില്‍ ആശുപത്രികള്‍ക്ക്‌ കിട്ടാനുള്ളത്‌ 40 കോടി

കൊച്ചി: സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതിയില്‍ ചേര്‍ന്നവരുടെ ചികിത്സാചിലവിനത്തില്‍ സ്വകാര്യ ഇന്‍ഷ്വറന്‍സ്‌ കമ്പനികള്‍ സംസ്ഥാനത്തെ ആശുപത്രികള്‍ക്ക്‌ നല്‍കാനുള്ള കുടിശ്ശിക 40 കോടി കവിഞ്ഞു. മെഡിക്കല്‍ കോളജുകളടക്കം സര്‍ക്കാരാശുപത്രികള്‍ക്കാണ്‌ ഇതില്‍ 35 കോടിയും കിട്ടാനുള്ളത്‌.

കോഴിക്കോട്‌ മെഡിക്കല്‍ കോളജിന്‌ മാത്രം അഞ്ചു കോടി രൂപയാണ്‌ ലഭിക്കാനുള്ളത്‌. തൃശ്ശൂര്‍ മെഡിക്കല്‍ കോളജ്‌ (ഒന്നരകോടി), ആലപ്പുഴ ജനറല്‍ ആശുപത്രി (80 ലക്ഷം), ഇടുക്കി ജില്ലാ ആശുപത്രി (34 ലക്ഷം), കോട്ടയം ജില്ലാ ആശുപത്രി (40 ലക്ഷം), മലപ്പുറം ജില്ലാ ആശുപത്രി (5 ലക്ഷം), വയനാട്‌ ജില്ലാ ആശുപത്രി (68 ലക്ഷം), കാസര്‍കോട്‌ ജില്ലാ ആശുപത്രി (78 ലക്ഷം), കണ്ണൂര്‍ ജില്ലാ ആശുപത്രി (30 ലക്ഷം), എറണാകുളം ജനറല്‍ ആശുപത്രി ( 75 ലക്ഷം), ചേര്‍ത്തല താലുക്ക്‌ ആശുപത്രി (35 ലക്ഷം) എന്നിവയാണ്‌ ഭീമമായ തുക ലഭിക്കാനുള്ള ആശുപത്രികള്‍.

മാസങ്ങളായി ഇന്‍ഷ്വറന്‍സ്‌ കമ്പനി ഫണ്ട്‌ നല്‍കാതെ പദ്ധതിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതിനിടയില്‍ കൂടുതല്‍ ആശുപത്രികളിലേക്ക്‌ പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കവും തുടങ്ങി. പ്രശ്‌നം പരിഹരിക്കാതെ പദ്ധതി കൂടുതല്‍ ആശുപത്രികളില്‍ നടപ്പിലാക്കുന്നതിന്‌ പിന്നില്‍ സര്‍ക്കാറിന്‌ രഹസ്യ അജണ്ടയുണ്ടെന്ന ആരോപണവും ശക്തമാണ്‌.

യുണൈറ്റഡ്‌ ഇന്ത്യ ഇന്‍ഷ്വറന്‍സ്‌ കമ്പനിയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ഇന്‍ഷ്വറന്‍സ്‌ ഏജന്‍സികളായ എം ഡി ഇന്ത്യ, ഹെല്‍ത്ത്‌ ഇന്ത്യ, മെഡികെയര്‍, മെഡ്‌ സേവ്‌, മെഡി അസിറ്റ്‌ തുടങ്ങിയ ഏജന്‍സികളാണ്‌ സംസ്ഥാനത്ത്‌ പദ്ധതിയുടെ ഫണ്ട്‌ വിനിയോഗം നടത്തുന്നത്‌. എന്നാല്‍, ഈ കമ്പനി മാസങ്ങളായി ഫണ്ട്‌ അനുവദിക്കുന്നില്ലെന്നാണ്‌ ആശുപത്രികളുടെ പരാതി. ആശുപത്രികള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ഏജന്‍സികള്‍ കാരണം ബോധ്യപ്പെടുത്താതെ നിരസിക്കുന്നതായും ആശുപത്രി അധികൃതര്‍ പരാതിപ്പെടുന്നു. പദ്ധതി പ്രകാരം രോഗികള്‍ക്ക്‌ അനുവദിച്ച യാത്ര ചിലവായ 100 രൂപ മാസങ്ങളായി ഒരാശുപത്രികളിലും ഇന്‍ഷ്വറന്‍സ്‌ കമ്പനി നല്‍കുന്നില്ല. ചില സാങ്കേതിക കാരണങ്ങള്‍ ആരോപിച്ചാണ്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനികള്‍ പദ്ധതി ആനുകൂല്യം നല്‍കാന്‍ മടിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. രോഗികളുടെ ചികിത്സാ സഹായത്തിനുള്ള രേഖകള്‍ ആശുപത്രി അധികൃതര്‍ ഇന്‍ഷ്വറന്‍സ്‌ കമ്പനിക്ക്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ നല്‍കിയിട്ടും `ഓണ്‍ലൈന്‍ തകരാറ്‌' പറഞ്ഞ്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനി ഫണ്ട്‌ അനുവദിക്കുന്നില്ലെന്നാണ്‌ ആശുപത്രി അധികൃതര്‍ പറയുന്നത്‌. ഇപ്പോള്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക്‌ പദ്ധതി പ്രകാരമുള്ള ആനുകൂല്യം നല്‍കാന്‍ കഴിയുന്നില്ലെന്നും ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ പദ്ധതിയെ കുറിച്ചറിയാന്‍ ടോള്‍ ഫ്രീ നമ്പറായി നല്‍കിയിട്ടുള്ള നമ്പറുകള്‍ പല ജില്ലകളിലും പ്രവര്‍ത്തിക്കുന്നില്ല.

എന്നാല്‍ ഫണ്ട്‌ അനുവദിക്കേണ്ട രീതിയില്‍ റിപ്പോര്‍ട്ടുകള്‍ യഥാസമയം ഏജന്‍സികളില്‍ എത്തിക്കാന്‍ ആശുപത്രി അധികൃതര്‍ കാട്ടുന്ന അലംഭാവമാണ്‌ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതി പ്രകാരമുള്ള ഫണ്ട്‌ വിനിയോഗത്തിന്‌ തടസ്സമെന്ന്‌ നാല്‌ ജില്ലകളില്‍ ഫണ്ട്‌ വിതരണം നടത്തി വരുന്ന എറണാകുളം മെഡ്‌സേവ്‌ റീജണല്‍ മാനേജര്‍ അനില്‍ നായര്‍ ജനയുഗത്തോട്‌ പറഞ്ഞു.

ആശുപത്രികളില്‍ `സ്‌മാര്‍ട്ട്‌ കാര്‍ഡു'മായി ചികിത്സക്കെത്തുന്ന അംഗങ്ങള്‍ക്കാണ്‌ ഇന്‍ഷ്വറന്‍സ്‌ പദ്ധതി പ്രകാരമുളള ചികിത്സാ സഹായം ലഭിക്കുന്നത്‌. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക്‌ മരുന്നിനും മറ്റ്‌ ചികിത്സാ സൗകര്യങ്ങള്‍ക്കും ചെലവായ തുകയുടെ ബില്ലുകള്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതിയുടെ ഓഫീസില്‍ നല്‍കിയാല്‍ തുക ഉടന്‍ നല്‍കുന്ന രീതിയിലാണ്‌ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്‌. എന്നാല്‍, പദ്ധതിയുടെ തുടക്കത്തില്‍ ഇതേ രീതിയില്‍ തുക നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ ഇത്‌ പാളിയിരിക്കയാണ്‌.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്‌ട്രീയ സ്വാസ്ഥ്യ ബീമയോജനയും ( ആര്‍ എസ്‌ ബി വൈ) സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതിയും (ചിസ്‌) സംയോജിപ്പിച്ചാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌

ആര്‍ ഗോപകുമാര്‍ janayugom 120711

1 comment:

  1. സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ പദ്ധതിയില്‍ ചേര്‍ന്നവരുടെ ചികിത്സാചിലവിനത്തില്‍ സ്വകാര്യ ഇന്‍ഷ്വറന്‍സ്‌ കമ്പനികള്‍ സംസ്ഥാനത്തെ ആശുപത്രികള്‍ക്ക്‌ നല്‍കാനുള്ള കുടിശ്ശിക 40 കോടി കവിഞ്ഞു. മെഡിക്കല്‍ കോളജുകളടക്കം സര്‍ക്കാരാശുപത്രികള്‍ക്കാണ്‌ ഇതില്‍ 35 കോടിയും കിട്ടാനുള്ളത്‌.

    ReplyDelete