Sunday, July 24, 2011

മമതയുടേത് ഏകാധിപത്യത്തിന്റെ ഭാഷ: സൂര്യകാന്ത മിശ്ര

ഒതുക്കുന്നതില്‍ കോണ്‍ഗ്രസ് രോഷത്തില്‍

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏകാധിപത്യത്തിനെതിരെ സഖ്യകക്ഷിയായ കോണ്‍ഗ്രസില്‍ രോഷം പുകയുന്നു. ഭരണത്തില്‍ കോണ്‍ഗ്രസ് പങ്കാളിയാണങ്കിലും തൃണമൂല്‍ ഒരു കാര്യവും അവരുമായി ചര്‍ച്ചചെയ്യാറില്ല. മാത്രമല്ല, സര്‍ക്കാരിന്റെ മിക്ക പരിപാടിയില്‍നിന്നും കോണ്‍ഗ്രസ് മന്ത്രിമാരെ ഒഴിവാക്കുകയും ചെയ്യുന്നു. വ്യാഴാഴ്ച ബ്രിഗേഡ് പരേഡ് മൈതാനിയില്‍ തൃണമൂല്‍കോണ്‍ഗ്രസ് സംഘടിപ്പിച്ച വിജയാഘോഷ റാലി കോണ്‍ഗ്രസ് ബഹിഷ്കരിച്ചതും ഭിന്നത ശക്തമാകുന്നതിന്റെ സൂചനയാണ്. പിസിസി പ്രസിഡന്റായി പ്രദീപ് ഭട്ടാചാര്യ ചുമതലയേറ്റിട്ട് ഒന്നര മാസമായെങ്കിലും തൃണമൂല്‍കോണ്‍ഗ്രസ് അധ്യക്ഷകൂടിയായ മുഖ്യമന്ത്രി മമത ബാനര്‍ജിയോ മറ്റ് പ്രമുഖ നേതാക്കളോ അദ്ദേഹത്തെ ഇതുവരെ കാണാന്‍ കൂട്ടാക്കിയിട്ടില്ല. മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് ഒരു ക്യാബിനറ്റ് അംഗവും അഞ്ച് സഹമന്ത്രിമാരും ഉണ്ടെങ്കിലും അവര്‍ക്കൊന്നും കാര്യമായ ഒരു പണിയുമില്ല. സര്‍ക്കാരിന്റെ ഏതു ചെറിയ പരിപാടിയിലും തൃണമൂലിന്റെ മന്ത്രിമാര്‍മുതല്‍ പഞ്ചായത്ത് അംഗങ്ങള്‍വരെ പങ്കെടുക്കാറുണ്ടെങ്കിലും കോണ്‍ഗ്രസ് മന്ത്രിമാരെയും എംഎല്‍എമാരെയും ക്ഷണിക്കാറില്ല.

ബ്രിഗേഡ് പരേഡ് റാലിക്ക് തങ്ങളെ ക്ഷണിച്ചില്ലെന്ന് പ്രദീപ് ഭട്ടാചാര്യ പറഞ്ഞു. ഒരുമിച്ചാണ് തങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടതും വന്‍ വിജയം നേടിയതും. റാലിയെക്കുറിച്ച് തങ്ങളോട് ആലോചിച്ചിട്ടുപോലുമില്ല. തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തമായി നടത്തിയ റാലിയായതിനാല്‍&ലവേ;കോണ്‍ഗ്രസുകാരാരും പങ്കെടുക്കേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കിയിരുന്നു- ഭട്ടാചാര്യ പറഞ്ഞു സംസ്ഥാനത്തിന്റെ സാമ്പത്തികബുദ്ധിമുട്ട് പരിഹരിക്കാന്‍ പല തവണ കേന്ദ്രസഹായം അഭ്യര്‍ഥിച്ചിട്ടും ഒന്നും നല്‍കിയില്ലെന്ന് മമത കുറ്റപ്പെടുത്തിയതും കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. പല നേതാക്കളും മമതയുടെ തന്നിഷ്ടത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്.
(ഗോപി)

മമതയുടേത് ഏകാധിപത്യത്തിന്റെ ഭാഷ: സൂര്യകാന്ത മിശ്ര

കൊല്‍ക്കത്ത: പ്രതിപക്ഷം പത്ത് വര്‍ഷത്തേക്ക് മിണ്ടരുതെന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഭാഷ ജനാധിപത്യത്തിന്റേതല്ല, ഏകാധിപത്യത്തിന്റേതും പണാധിപത്യത്തിന്റേതുമാണെന്ന് പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര പറഞ്ഞു. നിയമസഭാ മന്ദിരത്തില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തിന്റെ നാവടക്കാന്‍ മമതയ്ക്കാവില്ല. അനീതിയും ജനദ്രോഹവും കണ്ട് പ്രതിപക്ഷം മിണ്ടാതിരിക്കില്ല. അടിയന്തരാവസ്ഥയില്‍ ഭരണവര്‍ഗം സംസാരിച്ച ഭാഷയിലാണ് വ്യാഴാഴ്ച ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെ റാലിയില്‍ മമത സംസാരിച്ചത്. തൃണമൂല്‍ പ്രവര്‍ത്തകരുടെ ധിക്കാരത്തിനു മുന്നില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ സംവിധാനം അപ്രസക്തമാകുന്നു. രണ്ടു മാസത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളൊന്നും നടന്നില്ലെന്ന മമതയുടെ അവകാശവാദം വസ്തുതാവിരുദ്ധമാണ്. 27 ഇടതുമുന്നണി പ്രവര്‍ത്തകര്‍ രണ്ടു മാസത്തിനുള്ളില്‍ തൃണമൂല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഈ സംഭവങ്ങളില്‍ കേസുണ്ട്. പോസ്റ്റുമോര്‍ട്ടം നടന്നിട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി കള്ളം പറയുകയാണ്. 1911 കര്‍ഷകരില്‍നിന്ന് നിര്‍ബന്ധിത പിഴയായി തൃണമൂല്‍ പ്രവര്‍ത്തകര്‍ 11.45 കോടി രൂപ പിടിച്ചുവാങ്ങി. 40,000 പേര്‍ തൃണമൂല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് വീടുകളില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടു. രണ്ടു മാസത്തിനുള്ളില്‍ 5268 ഇടതുമുന്നണി പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി. സായുധസമരമാണ് തങ്ങളുടെ പരിപാടിയെന്നു പ്രഖ്യാപിക്കുകയും അതനുസരിച്ച് അക്രമങ്ങള്‍ നടത്തുകയും ചെയ്ത മാവോയിസ്റ്റുകളടക്കമുള്ള തീവ്രവാദി സംഘടനകളുടെ പ്രവര്‍ത്തകരെ വിട്ടയക്കുന്നു. ഇവര്‍ സായുധസമരം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ടോ? മിശ്ര ചോദിച്ചു.

deshabhimani 240711

1 comment:

  1. പ്രതിപക്ഷം പത്ത് വര്‍ഷത്തേക്ക് മിണ്ടരുതെന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഭാഷ ജനാധിപത്യത്തിന്റേതല്ല, ഏകാധിപത്യത്തിന്റേതും പണാധിപത്യത്തിന്റേതുമാണെന്ന് പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര പറഞ്ഞു. നിയമസഭാ മന്ദിരത്തില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete