ഖനനം: റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കില്ലെന്ന് ലോകായുക്ത
ബംഗളൂരു: അനധികൃത ഖനനത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് വിശ്വാസമില്ലെന്നും സുപ്രീംകോടതിയിലാണ് തന്റെ പ്രതീക്ഷയെന്നും കര്‍ണാടക ലോകായുക്ത ജസ്റ്റിസ് എന്‍ സന്തോഷ് ഹെഗ്ഡെ. അന്വേഷണ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കില്ലെന്നും ജസ്റ്റിസ് ഹെഗ്ഡെ ബംഗളൂരുവില്‍ പറഞ്ഞു. ലോകായുക്തയുടെ ഫോണ്‍ ചോര്‍ത്തിയ സംഭവം അന്വേഷിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബിജെപി അധികാരത്തില്‍ വന്നതുമുതല്‍ തന്റെ ഫോണും നിരന്തരം ചോര്‍ത്തിയെന്ന് മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും ആരോപിച്ചു.
ഭൂമി കുംഭകോണക്കേസില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിന്റെ നടപടി ചോദ്യംചെയ്ത് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്ന് ജസ്റ്റിസ് ഹെഗ്ഡെ പറഞ്ഞു. ബല്ലാരിയിലെ അനധികൃതഖനനത്തെപ്പറ്റി വ്യക്തമായ തെളിവുണ്ട്. ഇതെല്ലാം അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അനധികൃതഖനനം അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി ലോകായുക്തയുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷ. റിപ്പോര്‍ട്ട് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ സമര്‍പ്പിക്കും- അദ്ദേഹം പറഞ്ഞു.
ലോകായുക്ത ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ജ്യോതിപ്രകാശ് മിര്‍ജി പറഞ്ഞു. ഞായറാഴ്ചയ്ക്കകം ഹാജരാകണമെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും 25നേ യെദ്യൂരപ്പ ഡല്‍ഹിയില്‍ എത്തൂ. ഡല്‍ഹിയില്‍ ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ ഗഡ്കരിയെയും മറ്റ് രണ്ടു നേതാക്കളെയും കണ്ട് മടങ്ങും. യെദ്യൂരപ്പയ്ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി കടുത്ത അതൃപ്തി അറിയിച്ചതായാണ് സൂചന. യെദ്യൂരപ്പയ്ക്കെതിരെ വിമതനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഏഴ് എംഎല്‍എമാരും ഞായറാഴ്ച ഡല്‍ഹിയില്‍ എത്തുമെന്ന് സൂചനയുണ്ട്.
(പി വി മനോജ്കുമാര്‍)
യെദ്യൂരപ്പയ്ക്കെതിരെ വീണ്ടും ആരോപണം
ബംഗളൂരു: ഖനന അഴിമതിയിലും ഭൂമികുംഭകോണക്കേസിലും പെട്ട് മുഖ്യമന്ത്രിസ്ഥാനം തുലാസിലായ ബി എസ് യെദ്യൂരപ്പയ്ക്കെതിരെ പുതിയ അഴിമതിയാരോപണം. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് അഞ്ചേക്കര്‍ സര്‍ക്കാര്‍ഭൂമി ബന്ധുക്കള്‍ക്ക് ലഭ്യമാക്കാന്‍ യെദ്യൂരപ്പ ഇടപെട്ടെന്നാണ് പുതിയ ആരോപണം. 2010 ഒക്ടോബറിലാണ് ഭൂമി ഇടപാട് നടന്നത്. കോടികള്‍ വില മതിക്കുന്ന ഭൂമി മക്കളായ ബി വൈ രാഘവേന്ദ്ര എംപി, ബി വൈ വിജയേന്ദ്ര എന്നിവര്‍ ഡയറക്ടര്‍മാരായുള്ള ദാവല്ലഗിരി പ്രോപ്പര്‍ട്ടീസിന് തുച്ഛവിലയ്ക്ക് ലഭ്യമാക്കാന്‍ ഇടപെട്ടെന്നാണ് ആരോപണം. നേരത്തെ ഡി ഇന്നേശപ്പയുടെ കൈവശമുണ്ടായിരുന്ന ഭൂമിയില്‍ മൂന്നേക്കര്‍ ബി ജി ചെന്നപ്പയ്ക്ക് വിറ്റു. 20 ദിവസത്തിനുശേഷം ഈ ഭൂമി ചെന്നപ്പ ദാവല്ലഗിരി പ്രോപ്പര്‍ട്ടീസിന് മറിച്ചുവില്‍ക്കുകയായിരുന്നു. ഇതില്‍ ഒരേക്കര്‍ ഭൂമി ദാവല്ലഗിരി പ്രോപ്പര്‍ട്ടീസ് ഒരു പ്രമുഖ ഖനനകമ്പനിക്ക് വിറ്റു.
deshabhimani 240711
ഖനന അഴിമതിയിലും ഭൂമികുംഭകോണക്കേസിലും പെട്ട് മുഖ്യമന്ത്രിസ്ഥാനം തുലാസിലായ ബി എസ് യെദ്യൂരപ്പയ്ക്കെതിരെ പുതിയ അഴിമതിയാരോപണം. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് അഞ്ചേക്കര്‍ സര്‍ക്കാര്‍ഭൂമി ബന്ധുക്കള്‍ക്ക് ലഭ്യമാക്കാന്‍ യെദ്യൂരപ്പ ഇടപെട്ടെന്നാണ് പുതിയ ആരോപണം.
ReplyDelete