Friday, July 15, 2011

ഭീകരരെക്കുറിച്ച് സൂചനയില്ല

മുംബൈ: രാജ്യം വിറങ്ങലിച്ച മുംബൈ സ്ഫോടനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ സംബന്ധിച്ച് ഇതുവരെ ഒരു സൂചനയുമില്ല. ദേശീയ അന്വേഷണ ഏജന്‍സിയും മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡും നടത്തുന്ന അന്വേഷണത്തില്‍ നിന്ന് കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഭീകരര്‍ അമോണിയം നൈട്രേറ്റ് നിറച്ച ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ടൈമറുകള്‍ ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഇതിനിടെ ചാവേറാക്രമണമാണോയെന്ന സംശയവും അധികൃതര്‍ ഉന്നയിച്ചു.18 പേര്‍ മരിച്ചെന്നും 131 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഔദ്യോഗിക സ്ഥിരീകരണം. 23 പേരുടെ നില ഗുരുതരമാണ്. സ്ഫോടനം നടന്ന പ്രദേശങ്ങളിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനുകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. ഭീകരാക്രമണത്തിനു ശേഷം മുംബൈയില്‍ കനത്ത മഴ പെയ്തത് തെളിവുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമോയെന്ന ആശങ്കയുണ്ട്. ഈയിടെ പിടിയിലായ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെ സംഘം ചോദ്യം ചെയ്തുവരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, ആഭ്യന്തരമന്ത്രി പി ചിദംബരം എന്നിവര്‍ വ്യാഴാഴ്ച മുംബൈയിലെത്തി.

ബുധനാഴ്ച വൈകിട്ട് ഏഴോടെ മുംബൈയിലെ തിരക്കേറിയ പ്രദേശങ്ങളായ ദാദര്‍ , സാവേരി ബസാര്‍ , ഓപ്പറ ഹൗസ് എന്നിവിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം സംബന്ധിച്ച് സംസ്ഥാന, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നില്ലെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം ആഭ്യന്തരമന്ത്രി പി ചിദംബരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ , ഇത് രഹസ്യാന്വേഷണവിഭാഗങ്ങളുടെ വീഴ്ചയല്ലെന്നും അദ്ദേഹം വാദിച്ചു. ഇന്ത്യയെ ശത്രുതയോടെ കാണുന്ന എല്ലാ ഭീകരസംഘടനകളും അന്വേഷണപരിധിയില്‍ വരും. വളരെ രഹസ്യമായാണ് സ്ഫോടനം ആസൂത്രണം ചെയ്തത്. ടൈമര്‍ ഉപയോഗിച്ചാണ് ഐഇഡി പൊട്ടിച്ചത്. റിമോട്ട് ഉപയോഗിക്കാനുള്ള സാധ്യതയില്ല. ദാദറില്‍ ബസ് സ്റ്റോപ്പിലാണ് ബോംബ് സ്ഥാപിച്ചത്. ഓപ്പറ ഹൗസില്‍ റോഡിലും സാവേരി ബസാറില്‍ മോട്ടോര്‍ സൈക്കിളിലുമാണ് ബോംബ് വച്ചത്. ഏതെങ്കിലും ഒരു ഭീകരസംഘടനയെ ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നില്ല. ആരും ഇതേവരെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും ചിദംബരം പറഞ്ഞു. ഇന്ത്യ-പാക് ചര്‍ച്ച അട്ടിമറിക്കാനുള്ള നീക്കമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും മന്ത്രി പറഞ്ഞു.

മുംബൈയിലെത്തിയ ചിദംബരം ഉന്നതതലയോഗം വിളിച്ചുചേര്‍ക്കുകയും ചെയ്തു. കേന്ദ്ര മന്ത്രിസഭാ യോഗം റദ്ദാക്കി വ്യാഴാഴ്ച വൈകിട്ട് മുംബൈയിലെത്തിയ മന്‍മോഹന്‍സിങ് സ്ഥിതിഗതി വിലയിരുത്തി. മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സ്ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രില്‍ കഴിയുന്നവരെ മന്‍മോഹനും സോണിയയും സന്ദര്‍ശിച്ചു.

ചാവേറാക്രമണമെന്നു സംശയം

മുംബൈ: മുംബൈ സ്ഫോടനം ചാവേറാക്രമണമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിങ് പറഞ്ഞു. സ്ഫോടനം നടന്ന പ്രദേശത്തുനിന്ന് ലഭിച്ച മൃതദേഹത്തില്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി എന്‍എസ്ജി ഡയറക്ടര്‍ ജനറല്‍ അറിയിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. എല്ലാ സാധ്യതയും പരിശോധിച്ചുവരികയാണെന്നും സിങ് പറഞ്ഞു.

എന്നാല്‍ , ചാവേറാക്രമണമാണെന്ന നിഗമനത്തില്‍ എത്താന്‍ സമയമായിട്ടില്ലെന്ന് മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സേനയുടെ തലവന്‍ രാകേഷ് മരിയ പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിന് സാധ്യതയില്ലെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി യു കെ ബന്‍സാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ബോംബിന്റെ അവശിഷ്ടം മൃതശരീരത്തില്‍ കണ്ടതുകൊണ്ടു മാത്രം ചാവേറാക്രമണമെന്ന നിഗമനത്തില്‍ എത്തരുതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-പാക് ചര്‍ച്ചയ്ക്ക് മാറ്റമില്ല; ഹിലരി എത്തും

ന്യൂഡല്‍ഹി: മുംബൈ സ്ഫോടനത്തിന്റെ പശ്ചാത്തലമുണ്ടെങ്കിലും, നേരത്തെ നിശ്ചയിച്ച ഇന്ത്യ-പാക് ചര്‍ച്ചയ്ക്കോ അമേരിക്കന്‍ വിദേശ സെക്രട്ടറി ഹിലരി ക്ലിന്റന്റെ സന്ദര്‍ശനത്തിനോ മാറ്റമുണ്ടാകില്ലെന്ന് വിദേശമന്ത്രി എസ് എം കൃഷ്ണ അറിയിച്ചു. ഉടന്‍ നടക്കാനിരിക്കുന്ന ഇന്ത്യ-പാക് വിദേശമന്ത്രിതല ചര്‍ച്ച മാറ്റിവയ്ക്കാനുദ്ദേശിക്കുന്നില്ല. മുംബൈ സ്ഫോടനം രാജ്യത്തിന് വലിയ നടുക്കമുണ്ടാക്കിയ സംഭവമാണ്. കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുകതന്നെ ചെയ്യും. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്ക് കൂടിയുള്ള ജാഗ്രതാ മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനം. ഇന്ത്യയില്‍ തീവ്രവാദപ്രവര്‍ത്തനം തുടരുകയാണ്- എസ് എം കൃഷ്ണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

19, 20 തീയതികളിലാണ് ഹിലരി ഇന്ത്യയിലെത്തുന്നത്. അമേരിക്കയും ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനൊപ്പം ഇന്ത്യയുടെ അതിര്‍ത്തി രാജ്യങ്ങളായ പാകിസ്ഥാന്‍ , അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള സഹായത്തോടെ നടക്കുന്ന തീവ്രവാദി ആക്രമണവും ചര്‍ച്ചയ്ക്ക് വരും. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷം ഹിലരി ചെന്നൈയില്‍ പൊതുപരിപാടിയിലും പങ്കെടുക്കും. അതിനിടെ, ഇന്ത്യയില്‍ വിദേശ ശക്തികളുടെ സഹായത്തോടെ നടക്കുന്ന ഭീകരാക്രമണം നേരിടാന്‍ എല്ലാ സഹായവും നല്‍കുമെന്ന് ഇന്ത്യയിലെ അമേരിക്കന്‍ പ്രതിനിധി പീറ്റര്‍ ബര്‍ളി പറഞ്ഞു. ഹിലരി നിശ്ചയിച്ച ദിവസം ഇന്ത്യയിലെത്തും. 2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തമായിട്ടുണ്ട്. പാക്-അഫ്ഗാന്‍ അതിര്‍ത്തികളില്‍ ഇന്ത്യക്കുള്ള ആശങ്ക ഞങ്ങള്‍ മനസ്സിലാക്കുന്നു. ആണവകരാര്‍ നടപ്പാക്കാന്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും മുംബൈ സ്ഫോടനത്തെക്കുറിച്ച് അമേരിക്കയ്ക്ക് ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായിരുന്നില്ലെന്നും പീറ്റര്‍ പറഞ്ഞു.

deshabhimani 150711

1 comment:

  1. മുംബൈ: രാജ്യം വിറങ്ങലിച്ച മുംബൈ സ്ഫോടനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ സംബന്ധിച്ച് ഇതുവരെ ഒരു സൂചനയുമില്ല. ദേശീയ അന്വേഷണ ഏജന്‍സിയും മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡും നടത്തുന്ന അന്വേഷണത്തില്‍ നിന്ന് കാര്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഭീകരര്‍ അമോണിയം നൈട്രേറ്റ് നിറച്ച ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ടൈമറുകള്‍ ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഇതിനിടെ ചാവേറാക്രമണമാണോയെന്ന സംശയവും അധികൃതര്‍ ഉന്നയിച്ചു.18 പേര്‍ മരിച്ചെന്നും 131 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഔദ്യോഗിക സ്ഥിരീകരണം. 23 പേരുടെ നില ഗുരുതരമാണ്. സ്ഫോടനം നടന്ന പ്രദേശങ്ങളിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷനുകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. ഭീകരാക്രമണത്തിനു ശേഷം മുംബൈയില്‍ കനത്ത മഴ പെയ്തത് തെളിവുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമോയെന്ന ആശങ്കയുണ്ട്. ഈയിടെ പിടിയിലായ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെ സംഘം ചോദ്യം ചെയ്തുവരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, ആഭ്യന്തരമന്ത്രി പി ചിദംബരം എന്നിവര്‍ വ്യാഴാഴ്ച മുംബൈയിലെത്തി.

    ReplyDelete