Tuesday, July 19, 2011

തലസ്ഥാന ജില്ലയോട്അവഗണന മാത്രം

കേരളത്തിന്റെ സമഗ്രവികസനത്തില്‍ തലസ്ഥാനജില്ലയ്ക്ക് അതിന്റേതായ പ്രാധാന്യത്തോടുകൂടിയ വികസന കാഴ്ചപ്പാട് ഉണ്ടാകേണ്ടതുണ്ട്. ചില ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും കഴിഞ്ഞകാലങ്ങളില്‍ അവതരിപ്പിച്ച ബജറ്റുകളിലെല്ലാം തലസ്ഥാനത്തിന് കിട്ടേണ്ട പ്രാധാന്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ , അതില്‍നിന്ന് പാടേ വ്യത്യസ്തമാണ്് കെ എം മാണി അവതരിപ്പിച്ച ബജറ്റ്. 2011 ഫെബ്രുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ തിരുവനന്തപുരം ജില്ലയുടെയും തലസ്ഥാനനഗരത്തിന്റെയും ദീര്‍ഘവീക്ഷണത്തോടുകൂടിയ വികസനത്തിന് പര്യാപ്തമായ പദ്ധതികളാണ് വിഭാവനംചെയ്തത്.

2011 ഫെബ്രുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലും മാന്ദ്യവിരുദ്ധ പാക്കേജിലുമായി 3,000 കോടി രൂപയുടെ വിവിധ പദ്ധതികളാണ് തിരുവനന്തപുരം ജില്ലയ്ക്ക് അനുവദിച്ചത്. കെ എം മാണി ഇവയൊക്കെ വെട്ടിമാറ്റിയെന്നുമാത്രമല്ല പുതിയ ഒരു പദ്ധതിപോലും അനുവദിക്കാന്‍ തയ്യാറായതുമില്ല. രണ്ടു ബജറ്റും താരതമ്യപഠനം നടത്തിയാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. കെ എം മാണിയുടെ ബജറ്റില്‍ എടുത്തുപറഞ്ഞിട്ടുള്ള 48 സുപ്രധാന പദ്ധതിയില്‍ ഒരെണ്ണംപോലും തിരുവനന്തപുരം ജില്ലയ്ക്ക് അനുവദിച്ചിട്ടില്ല. എന്നാല്‍ , 12 പുതിയ പദ്ധതിയാണ് കോട്ടയം ജില്ലയ്ക്കു മാത്രമായി ഉള്‍പ്പെടുത്തിയത്. തിരുവനന്തപുരം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് തോമസ് ഐസക്കിന്റെ ബജറ്റില്‍ അനുവദിച്ച 250 കോടി രൂപയുടെ പ്രത്യേക നഗരവികസന പാക്കേജ് പൂര്‍ണമായും ഒഴിവാക്കി. ആറ്റുകാല്‍ക്ഷേത്രവുമായി ബന്ധപ്പെട്ട് 478 കോടി രൂപയുടെ മാസ്റ്റര്‍പ്ലാന്‍ അംഗീകരിക്കുകയും ബജറ്റില്‍ 10 കോടി രൂപ വകയിരുത്തുകയും ചെയ്ത സ്ഥാനത്ത് കെ എം മാണി ഇത് പരാമര്‍ശിക്കാന്‍പോലും തയ്യാറായില്ല. വിമര്‍ശങ്ങള്‍ ഉയര്‍ന്നപ്പോള്‍ മറുപടി പ്രസംഗത്തില്‍ 12 കോടി അനുവദിക്കാന്‍ നിര്‍ബന്ധിതനാവുകയാണുണ്ടായത്.

നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി 42 കോടിയുടെ കുളത്തൂര്‍ -ശ്രീകാര്യം-മണ്ണന്തല-പേരൂര്‍ക്കട റോഡ്, 240 കോടി രൂപയുടെ മംഗലപുരം-പോത്തന്‍കോട്-കരകുളം-പേയാട്-വിഴിഞ്ഞം എന്‍എച്ച് ബൈപാസ് ഔട്ടര്‍ റിങ് റോഡ്, പൂവാര്‍മുതല്‍ പൊന്നാനിവരെയുള്ള 279 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 420 കോടി രൂപയുടെ തീരദേശ ഹൈവേ, പാറശാലമുതല്‍ കൊല്ലംവരെയുള്ള 253 കോടി രൂപയുടെ 129 കിലോമീറ്റര്‍ മലയോര ഹൈവേപദ്ധതി, നെടുമങ്ങാട്-ഷൊര്‍ല്ലാക്കോട് സംസ്ഥാന പാത, 640 കോടി രൂപയുടെ കരമന-കളിയിക്കാവിള സംസ്ഥാന പാത തുടങ്ങി സുപ്രധാന റോഡ് വികസനപദ്ധതികള്‍ പുതിയ ബജറ്റില്‍ കാണാനില്ല. കൂടാതെ, ചെറുതും വലുതുമായ നിരവധി റോഡുകള്‍ക്ക് അനുവദിച്ച തുകയും വെട്ടിമാറ്റി. തലസ്ഥാനനഗരവികസനവുമായി ബന്ധപ്പെട്ട് തിരുമല, വട്ടിയൂര്‍ക്കാവ്, മെഡിക്കല്‍കോളേജ്, പേരൂര്‍ക്കട, ശ്രീകാര്യം എന്നീ അഞ്ച് പ്രധാന ജങ്ഷന്‍ വികസിപ്പിക്കുന്ന പദ്ധതി, 145 കോടി രൂപയുടെ ശാസ്തമംഗലം-വട്ടിയൂര്‍ക്കാവ്-പേരൂര്‍ക്കട റോഡുകളുടെ നവീകരണപദ്ധതി, 765 കോടി രൂപയുടെ സമഗ്ര ജില്ലാ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള തിരുവനന്തപുരം നെയ്യാര്‍ഡാം റോഡ്, വാമനപുരം-ആറ്റിങ്ങല്‍ -ചിറയിന്‍കീഴ് റോഡ് തുടങ്ങിയ പദ്ധതികളും പുതിയ ബജറ്റില്‍നിന്ന് ഒഴിവാക്കി.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്ഥലമേറ്റെടുക്കുന്നതിനു മതിയായ തുക ബജറ്റില്‍ അനുവദിച്ചിട്ടില്ല. സ്ഥലം ഏറ്റെടുക്കുന്നതിനും ചാക്ക മേല്‍പ്പാലം നിര്‍മിക്കുന്നതിനുമായി 100 കോടി രൂപയാണ് കഴിഞ്ഞ സര്‍ക്കാര്‍ ചെലവഴിച്ചത്. കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന് 150 കോടി രൂപമാത്രം വകയിരുത്തിയത് ഈ പദ്ധതിയെ തകര്‍ക്കാനാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ബജറ്റില്‍ അന്തര്‍സര്‍വകലാശാല ഫിലിം സിറ്റിക്കനുവദിച്ച ഒരു കോടി രൂപ, കെല്‍ട്രോണ്‍ പുനരുദ്ധാരണത്തിനുള്ള 50 കോടി രൂപ, ലൈഫ് സയന്‍സ് പാര്‍ക്കിന് അനുവദിച്ച അഞ്ചു കോടി രൂപ, എന്‍ജിനിയറിങ് കോളേജിന് അനുവദിച്ച 10 കോടി രൂപ എന്നിവയും പുതുക്കിയ ബജറ്റില്‍നിന്ന് വെട്ടിമാറ്റി. ഉള്ളൂര്‍ഭവനം, എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷന്‍ , മുണ്ടശ്ശേരി ഫൗണ്ടേഷന്‍ , ചെമ്പഴന്തി ശ്രീനാരായണ പഠനകേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച തുകയും കാണാനില്ല. തിരുവനന്തപുരത്തെ ദീര്‍ഘകാല ആവശ്യമായ ഹൈക്കോടതി ബെഞ്ചിനെക്കുറിച്ച് പരാമര്‍ശമേയില്ല. കഴിഞ്ഞവര്‍ഷത്തെ കനത്ത മഴമൂലം കോടിക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായത്. റോഡുകള്‍ തകര്‍ന്നു. തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരിന് കോടിക്കണക്കിനു രൂപ പ്രത്യേകമായി അനുവദിക്കേണ്ടിവന്നു. ഈ ജില്ലയിലെ 131 റോഡ് മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിക്കുന്നതിന് 184 കോടി രൂപ അനുവദിച്ചു. അതുപോലെ 276 റോഡ് പുനരുദ്ധരിക്കുന്നതിന് 184 കോടി രൂപയും അനുവദിച്ചു.

ശാസ്തമംഗലം ജങ്ഷന്‍വരെ വന്നുനില്‍ക്കുന്ന തലസ്ഥാനനഗര റോഡ് വികസന പദ്ധതി വട്ടിയൂര്‍ക്കാവ്-നെട്ടയം-പേരൂര്‍ക്കടവരെ വികസിപ്പിക്കുന്നതിന് 145 കോടി രൂപയുടെ ഭരണാനുമതിയും എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കി. തലസ്ഥാന നഗരവികസനത്തിന് 250 കോടി രൂപയുടെ പ്രത്യേക പാക്കേജ് തോമസ് ഐസക് പ്രഖ്യാപിച്ചപ്പോള്‍ കെ എം മാണി 30 കോടിമാത്രം അനുവദിച്ച് തിരുവനന്തപുരം ജില്ലയെ നാണംകെടുത്തി. അരുവിക്കരയില്‍ കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിക്കുന്നതിന് 50 ലക്ഷം, പൂവച്ചലില്‍ ലോക കര്‍ഷകമാര്‍ക്കറ്റ് നിര്‍മിക്കുന്നതിന് 25 ലക്ഷം തുടങ്ങി ഒരു പഞ്ചായത്തിന്റെ ബജറ്റില്‍ ഉള്‍പ്പെടുത്താന്‍മാത്രം യോഗ്യമായ ചെറുകിട പദ്ധതികള്‍ പ്രഖ്യാപിച്ച് തിരുവനന്തപുരത്തെ അപമാനിക്കുകയാണ് ധനമന്ത്രി ചെയ്തത്. തലസ്ഥാന ജില്ലയുടെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമായ നിരവധി പദ്ധതിയാണ് പുതിയ ബജറ്റില്‍ ഒഴിവാക്കപ്പെട്ടത്. ഇത് നീതീകരിക്കാനാകില്ല. മാണി അവതരിപ്പിച്ച ബജറ്റ് തിരുവനന്തപുരത്തിന്റെ സമഗ്രവികസനത്തെ മരവിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തലസ്ഥാന ജില്ലയെ പാടേ അവഗണിച്ചതില്‍ ശക്തമായ പ്രതിഷേധം രാഷ്ട്രീയത്തിനതീതമായി ഉയര്‍ന്നുവരേണ്ട സന്ദര്‍ഭമാണിത്.

എം വിജയകുമാര്‍ deshabhimani 190711

1 comment:

  1. കേരളത്തിന്റെ സമഗ്രവികസനത്തില്‍ തലസ്ഥാനജില്ലയ്ക്ക് അതിന്റേതായ പ്രാധാന്യത്തോടുകൂടിയ വികസന കാഴ്ചപ്പാട് ഉണ്ടാകേണ്ടതുണ്ട്. ചില ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും കഴിഞ്ഞകാലങ്ങളില്‍ അവതരിപ്പിച്ച ബജറ്റുകളിലെല്ലാം തലസ്ഥാനത്തിന് കിട്ടേണ്ട പ്രാധാന്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ , അതില്‍നിന്ന് പാടേ വ്യത്യസ്തമാണ്് കെ എം മാണി അവതരിപ്പിച്ച ബജറ്റ്. 2011 ഫെബ്രുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ തിരുവനന്തപുരം ജില്ലയുടെയും തലസ്ഥാനനഗരത്തിന്റെയും ദീര്‍ഘവീക്ഷണത്തോടുകൂടിയ വികസനത്തിന് പര്യാപ്തമായ പദ്ധതികളാണ് വിഭാവനംചെയ്തത്.

    ReplyDelete