ബജറ്റ് ചര്‍ച്ച ഒരുദിവസം നീട്ടിവച്ചാണ് ലോട്ടറി ഭേദഗതി ബില്‍ പരിഗണിച്ചത്. വ്യാജ ലോട്ടറി തടയാന്‍ മുന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് പകരമുള്ളതായിരുന്നു ബില്‍ . ഇരുപക്ഷവും കച്ചമുറുക്കിയതോടെ പഴയ ലോട്ടറി സംവാദത്തിന്റെ പ്രതീതി ജനിപ്പിച്ചാണ് ചര്‍ച്ച മുന്നേറിയത്. ഇടയ്ക്ക് വകുപ്പ് തിരിച്ചുള്ള ഭേദഗതി വോട്ടെടുപ്പിന് വഴിയൊരുക്കുക കൂടി ചെയ്തപ്പോള്‍ സഭാതലം കനത്തു. എങ്കിലും വോട്ടെടുപ്പില്‍ ആശ്വാസജയം ഭരണപക്ഷം തന്നെ കരസ്ഥമാക്കി. പകര്‍ച്ചപ്പനിയെക്കുറിച്ച് സഭ നിര്‍ത്തി ചര്‍ച്ചചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിനെതിരെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ലോട്ടറി ഭേദഗതിബില്ലിന്റെ നേരവകാശം സംബന്ധിച്ച് തര്‍ക്കത്തിനൊന്നും ഭരണപക്ഷം ഒരുമ്പെട്ടില്ല. പക്ഷേ, സിബിഐ അന്വേഷണം യാഥാര്‍ഥ്യമാക്കിയത് തങ്ങളുടെ നേട്ടമാണെന്നായി ബില്‍ അവതരിപ്പിച്ച കെ എം മാണിയുടെ വാദം. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിരന്തരം സിബിഐ അന്വേഷണം ആവശ്യപ്പെട്ടതും ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളസിറ്റര്‍ ജനറല്‍ അനുകൂല നിലപാട് എടുത്തതും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് മന്ത്രിയെ ഓര്‍മിപ്പിക്കേണ്ടിവന്നു. നറുക്കെടുപ്പ് ഫീസ് ഉയര്‍ത്തി തങ്ങള്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് അംഗീകരിച്ച് ബില്‍ കൊണ്ടുവന്നതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കാന്‍ വി എസ് മടിച്ചില്ല.
പതിമൂന്നാം സഭയിലെ ആദ്യ ബില്‍ എന്നത് ലോട്ടറി ഭേദഗതി ബില്ലിന് അവകാശപ്പെടാം. ആദ്യപോള് ആവശ്യപ്പെട്ടതിന്റെ ക്രെഡിറ്റ് മുന്‍ സ്പീക്കര്‍കൂടിയായ കെ രാധാകൃഷ്ണനും. ബമ്പര്‍ നറുക്കെടുപ്പിന്റെ ഫീസ് അമ്പതില്‍നിന്ന് അറുപത് ലക്ഷമായി ഉയര്‍ത്തണമെന്ന ഭേദഗതിയാണ് വോട്ടിനിട്ടത്. അതൊരു ടെസ്റ്റ് ഡോസ് ആയിരുന്നെങ്കിലും ഭരണപക്ഷം ഒന്നു പകച്ചു. ഒടുവില്‍ 64നെതിരെ 70 വോട്ടിന് ഭേദഗതി തള്ളി. സമാനശക്തിയില്‍ പിന്നീടും ചില ഭേദഗതികള്‍ തള്ളിപ്പോയി. ഇതിനിടെ യന്ത്രം പിണങ്ങിയോയെന്ന് സ്പീക്കര്‍ സന്ദേഹിച്ചത് ഭരണപക്ഷത്തെ നെഞ്ചിടിപ്പ് കൂട്ടിയതേയുള്ളൂ. നാളെ "ശരിയാക്കി"ത്തരാമെന്ന് സ്പീക്കര്‍ സ്വയം സമാധാനിച്ചു. സാന്റിയാഗോ മാര്ട്ടിന് , മണികുമാര്‍ സുബ്ബ, അഭിഷേക് സിങ്വി, കേന്ദ്രമന്ത്രി പി ചിദംബരം, ഭാര്യ നളിനി ചിദംബരം... ലോട്ടറി ചര്‍ച്ചയില്‍ കത്തിയും പച്ചയും വേഷങ്ങളില്‍ ഇവരൊക്കെയാണ് അണിനിരന്നത്. തോമസ് ഐസക്, മുല്ലക്കര രത്നാകരന് , കോവൂര്‍ കുഞ്ഞുമോന് , വി ചെന്താമരാക്ഷന് , സി രവീന്ദ്രനാഥ്, കെ സുരേഷ്കുറുപ്പ്, വി ഡി സതീശന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ലോട്ടറി ഭേദഗതി ബില്‍ മുട്ടുശാന്തി മാത്രമാണെന്നും കേന്ദ്ര നിയമത്തില്‍ മാറ്റം വരുത്താതെ ശാശ്വത പരിഹാരമില്ലെന്നും മുന്‍ ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ ലോട്ടറി വീണ്ടും രംഗപ്രവേശം ചെയ്യാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. ലോട്ടറി മാഫിയയുടെ കൊള്ള തടയാന്‍ കോണ്‍ഗ്രസിന് ധാര്‍മികമായി കഴിയില്ലെന്ന് മുല്ലക്കര രത്നാകരന് . അന്യസംസ്ഥാന ലോട്ടറിക്ക് യഥേഷ്ടം വിരാജിക്കാന്‍ കേരളം കമ്പോളമാണോയെന്നായി കോവൂര്‍ കുഞ്ഞുമോന് . ഒരു ഗുണവുമില്ലാത്ത ഒട്ടേറെപ്പേര്‍ മന്ത്രിമാരായിട്ടുണ്ടെന്നാണ് കുഞ്ഞുമോന്റെ പക്ഷം. എഐസിസി കൊടുത്ത 40 കോടി കാണാതായത് അറിഞ്ഞോയെന്ന് സാജുപോളിന് അറിയണം. കെപിസിസിയുടെ നാല് ദിവസ യോഗത്തിലെ പ്രധാന അജന്‍ഡതന്നെ അതാണെന്ന് കോവൂര്‍ . ചക്കരക്കുടത്തില്‍ കൈയിട്ടാല്‍ നക്കാത്തവരുണ്ടാകുമോയെന്ന് ധനമന്ത്രിയുടെ കസേരയില്‍ ഇരുന്ന് കെ ശങ്കരനാരായണന് ചോദിച്ചത് വി ചെന്താമരാക്ഷന് ഇപ്പോഴും ഓര്‍മയുണ്ട്. യുഡിഎഫ് ഇപ്പോഴും അതേ മാനസികാവസ്ഥയിലാണെന്ന് അദ്ദേഹത്തിന് ഉറപ്പാണ്. വി ഡി സതീശനെ മന്ത്രിയാക്കാത്തതിനു പിന്നില്‍ ലോട്ടറി മാഫിയയാണെന്ന് ചെന്താമരാക്ഷന്റെ അഭിപ്രായത്തോട് സതീശനും വിയോജിച്ചില്ല.
ഓണ്‍ലൈന്‍ ലോട്ടറിഭീഷണിയിലേക്കാണ് കെ സുരേഷ്കുറുപ്പ് വിരല്‍ ചൂണ്ടിയത്. മണികുമാര്‍ സുബ്ബ എന്നൊരാളെ അറിയാമോയെന്നായി കോടിയേരി ബാലകൃഷ്ണന് . കേട്ടിട്ടുണ്ടെന്ന് മാത്രമല്ല ലോക്സഭയുടെ വരാന്തയില്‍ കറങ്ങിനടക്കുന്നത് കണ്ടിട്ടുണ്ടെന്നും കുറുപ്പ്. മാര്‍ട്ടിനുവേണ്ടി വാദിച്ച ചിദംബരം പണത്തിനു വേണ്ടി ഭാര്യയെയും ഉപയോഗിക്കുമെന്ന് ജി സുധാകരന് . പി സി വിഷ്ണുനാഥ് ക്രമപ്രശ്നവുമായി രംഗത്തു വന്നു. താന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ലെന്നും "അവര്‍ നോബിള്‍ ലേഡിയാണെന്നും" സുധാകരന്റെ വിശദീകരണം. "കള്ളം പറയാന്‍ പറ്റില്ലെന്നായപ്പോഴാണ് ഗാന്ധിജി വക്കീല്‍പണി ഉപേക്ഷിച്ചത്. പക്ഷേ ഇപ്പോള്‍ പലരും അങ്ങനെയല്ല"- അദ്ദേഹത്തിന് സംശയമില്ല.
താന്‍ പണ്ട് ധനമന്ത്രിയുടെ കസേരയില്‍ ഉണ്ടായിരുന്നെങ്കില്‍ മാര്‍ട്ടിനെ കൈയാമം വയ്ക്കുമെന്നാണ് മാണിയുടെ വീരസ്യം. ഇപ്പോള്‍ ആ കസേരയിലാണല്ലോ, ആയിക്കോയെന്നായി തോമസ് ഐസക്. പി തിലോത്തമനാണ് പകര്‍ച്ചപ്പനിയെക്കുറിച്ച് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. മുഖ്യമന്ത്രിവരെ പനിബാധിച്ച് ആശുപത്രിയിലാണെന്ന് അദ്ദേഹം പറഞ്ഞെങ്കിലും കോണ്‍ഗ്രസ് നിരയ്ക്ക് ബോധ്യം വന്നില്ല. പക്ഷേ, താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചപ്പോള്‍ പനിയുടെ കടുപ്പം ബോധ്യമായെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചത്. പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. ബജറ്റ് അവതരണത്തിന്റെ അടുത്ത ദിവസം ചര്‍ച്ച തുടങ്ങാറാണ് പതിവ്. ലോട്ടറി ഭേദഗതി ബില്ലിന്റെ പ്രാധാന്യം പരിഗണിച്ച് അത് മാറ്റി. മൂന്നുനാളത്തെ ബജറ്റ് ചര്‍ച്ച ചൊവ്വാഴ്ച തുടങ്ങും.
കെ ശ്രീകണ്ഠന് ദേശാഭിമാനി 120711
പതിമൂന്നാം സഭയിലെ ആദ്യ ബില്‍ എന്നത് ലോട്ടറി ഭേദഗതി ബില്ലിന് അവകാശപ്പെടാം. ആദ്യപോള് ആവശ്യപ്പെട്ടതിന്റെ ക്രെഡിറ്റ് മുന്‍ സ്പീക്കര്‍കൂടിയായ കെ രാധാകൃഷ്ണനും. ബമ്പര്‍ നറുക്കെടുപ്പിന്റെ ഫീസ് അമ്പതില്‍നിന്ന് അറുപത് ലക്ഷമായി ഉയര്‍ത്തണമെന്ന ഭേദഗതിയാണ് വോട്ടിനിട്ടത്. അതൊരു ടെസ്റ്റ് ഡോസ് ആയിരുന്നെങ്കിലും ഭരണപക്ഷം ഒന്നു പകച്ചു. ഒടുവില്‍ 64നെതിരെ 70 വോട്ടിന് ഭേദഗതി തള്ളി. സമാനശക്തിയില്‍ പിന്നീടും ചില ഭേദഗതികള്‍ തള്ളിപ്പോയി. ഇതിനിടെ യന്ത്രം പിണങ്ങിയോയെന്ന് സ്പീക്കര്‍ സന്ദേഹിച്ചത് ഭരണപക്ഷത്തെ നെഞ്ചിടിപ്പ് കൂട്ടിയതേയുള്ളൂ. നാളെ "ശരിയാക്കി"ത്തരാമെന്ന് സ്പീക്കര്‍ സ്വയം സമാധാനിച്ചു.
ReplyDelete