Tuesday, July 19, 2011

മാണിക്കെതിരെ സഭയില്‍ കോണ്‍ഗ്രസ്

കശുമാവ് തോട്ടങ്ങള്‍ ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനും തോട്ടങ്ങളിലെ ഭൂമി ടൂറിസത്തിന് ഉപയോഗിക്കാനുമുള്ള ബജറ്റ് നിര്‍ദേശം നിയമസഭയില്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തള്ളി. സമവായത്തിലൂടെ മാത്രമേ ഈ നിര്‍ദേശം നടപ്പാക്കൂവെന്ന് മന്ത്രി നിയമസഭയ്ക്ക് ഉറപ്പുനല്‍കി. ധനമന്ത്രി കെ എം മാണിയുടെ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷത്തോടൊപ്പം കോണ്‍ഗ്രസിലെ ഒരു വിഭാഗവും രംഗത്തെത്തിയപ്പോഴാണ് റവന്യൂമന്ത്രി നിലപാടു വ്യക്തമാക്കിയത്. സഭയില്‍ മാണിയുടെ അസാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് മന്ത്രിയും എംഎല്‍എമാരും അദ്ദേഹത്തിനെതിരെ പരസ്യ നിലപാടെടുത്തത്.

ഇതിനിടെ, മാണി ഗ്രൂപ്പുകാരായ ചീഫ് വിപ്പ് പി സി ജോര്‍ജും സി എഫ് തോമസും പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വൃഥാവിലായി. ഇവരെ സഹായിക്കാന്‍ ഭരണകക്ഷിയിലെ മറ്റ് അംഗങ്ങളാരും തയ്യാറായതുമില്ല. ബജറ്റിനെ കോണ്‍ഗ്രസ് മന്ത്രിമാരും എംഎല്‍എമാരും ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിച്ചുകൊണ്ടിരിക്കെ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി മാണി ചാനലിലൂടെ തിരിച്ചടിച്ചതിന് കോണ്‍ഗ്രസ് നേതൃത്വം നിയമസഭയില്‍ കണക്കിന് മറുപടി നല്‍കി.

കേരളാ നെല്‍വയല്‍ -തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് തിരുവഞ്ചൂര്‍ മാണിയുടെ പ്രഖ്യാപനങ്ങള്‍ സംബന്ധിച്ച തന്റെ നിലപാട് സഭയെ അറിയിച്ചത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ , വി ഡി സതീശന്‍ , ടി എന്‍ പ്രതാപന്‍ എന്നിവരാണ് ഇടപെട്ട് പ്രശ്നമുന്നയിച്ചത്. ബജറ്റ് പ്രഖ്യാപനത്തിലൂടെ തോട്ടം ഭൂമി ടൂറിസത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനം വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പ്രതാപന്‍ പറഞ്ഞു. തോട്ടം ഭൂമി റിസോര്‍ട്ട് മാഫിയ കോണ്‍ക്രീറ്റ് കാടാക്കി മാറ്റാതിരിക്കാന്‍ റവന്യൂ മന്ത്രി ഇടപെടണമെന്ന് പ്രതാപന്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്ക് വിധേയമാക്കി മാത്രമേ ബജറ്റ് പ്രഖ്യാപനം നടപ്പാക്കൂവെന്ന് മന്ത്രി ഉറപ്പുനല്‍കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ടൂറിസത്തിന്റെ മറവില്‍ ഭൂമി തുണ്ടംതുണ്ടമായി മുറിക്കുകയും റിസോര്‍ട്ടായി മാറ്റുകയും ചെയ്യുമെന്ന ആശങ്ക, ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഉയരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സമവായം തേടണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. ഭൂപരിഷ്കരണനിയമം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ അതിശക്തമായ പ്രക്ഷോഭം നടത്തുമെന്നും കോടിയേരി മുന്നറിയിപ്പു നല്‍കി.

ബജറ്റ് ധനമന്ത്രിയുടെ സ്വന്തം കാര്യമല്ലെന്നും തലേന്നു രാത്രിയില്‍ മുഖ്യമന്ത്രി വായിച്ചുകേട്ടതിനു ശേഷമാണ് അവതരിപ്പിച്ചതെന്നും പി സി ജോര്‍ജും ടൂറിസത്തിനു പുറമെ മറ്റു കൃഷികള്‍ക്കും ഭൂമി ഉപയോഗിക്കാമെന്ന് സി എഫ് തോമസും വാദിച്ചെങ്കിലു ആരും ചെവിക്കൊണ്ടില്ല. ഇതിനിടയില്‍ സമവായ തീരുമാനം ഉറച്ചതു തന്നെയാണോയെന്ന് വ്യക്തമാക്കണമെന്ന് ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു. ഉറച്ചതു തന്നെയാണെന്ന് മന്ത്രിയും വ്യക്തമാക്കി. തോട്ടങ്ങള്‍ ടൂറിസംപദ്ധതിക്ക് വിട്ടുകൊടുക്കുന്നതടക്കമുള്ള ഭൂപരിഷ്കരണ ഭേദഗതിനിര്‍ദേശങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നെന്ന് മാണി കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയില്‍ തുറന്നടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റിനെയും മാണി പരസ്യമായി വിമര്‍ശിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഭൂപരിഷ്കരണവിഷയം സഭയില്‍ ഉന്നയിച്ചതും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പാര്‍ടിയുടെ നിലപാട് വ്യക്തമാക്കിയതും. ബജറ്റിനു ശേഷം ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയം ഉന്നയിച്ചപ്പോഴും ബന്ധപ്പെട്ട വേദിയില്‍ നിലപാട് വ്യക്തമാക്കുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു.

deshabhimani 190711

1 comment:

  1. കശുമാവ് തോട്ടങ്ങള്‍ ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനും തോട്ടങ്ങളിലെ ഭൂമി ടൂറിസത്തിന് ഉപയോഗിക്കാനുമുള്ള ബജറ്റ് നിര്‍ദേശം നിയമസഭയില്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തള്ളി. സമവായത്തിലൂടെ മാത്രമേ ഈ നിര്‍ദേശം നടപ്പാക്കൂവെന്ന് മന്ത്രി നിയമസഭയ്ക്ക് ഉറപ്പുനല്‍കി.

    ReplyDelete