Saturday, July 16, 2011

പഴശ്ശി പദ്ധതി: തീരുമാനത്തിനുപിന്നില്‍ ജലവിഭവ വകുപ്പിന്റെ പിടിപ്പുകേട്

മട്ടന്നൂര്‍ : കമീഷന്‍ ചെയ്യാതെ പഴശ്ശി ജലസേചന പദ്ധതി പ്രവര്‍ത്തനം നിര്‍ത്താനുള്ള തീരുമാനം ജലവിഭവ വകുപ്പിന്റെ പിടിപ്പുകേട്. ജില്ലയിലെ പ്രധാന ജലസേചന പദ്ധതിക്ക് ഇതുവരെ 200 കോടിയോളമാണ് ചെലവായത്. ഷട്ടറുകളുടെ അറ്റകുറ്റപ്പണിയുള്‍പ്പെടെ പൂര്‍ത്തിയാക്കിയാല്‍ കമീഷന്‍ ചെയ്യാവുന്നതാണ്. ഷട്ടര്‍ നവീകരണത്തിന് ഏഴു കോടിയുടെ പ്രൊജക്ട് സമര്‍പ്പിച്ച് ധനവകുപ്പിന്റെ അനുമതിക്ക് കാത്തുനില്‍ക്കുമ്പോഴാണ് ഈ നടപടി. പ്രൊജക്ട് ഡിവിഷന്‍ ഓഫീസും കൂടാളി, മട്ടന്നൂര്‍ , വെളിയമ്പ്ര സബ്ഡിവിഷന്‍ ഓഫീസുകള്‍ , കൊളച്ചേരി, കൂടാളി, വെളിയമ്പ്ര, കൂത്തുപറമ്പ്, മട്ടന്നൂര്‍ സെക്ഷന്‍ ഓഫീസുകളും പൂട്ടി ജീവനക്കാരെ കുട്ടനാട് വികസന പാക്കേജിന്റെ നടത്തിപ്പിന് ആലപ്പുഴ ജില്ലയിലേക്ക് മാറ്റുകയാണ്.
കനത്ത മഴയില്‍ സംഭരണിയില്‍ അമിത ജലവിതാനം ഉയര്‍ന്നും ഷട്ടര്‍ തകര്‍ന്നും അപകട സാധ്യതയുണ്ടാകുന്നത് കണക്കിലെടുത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ മട്ടന്നൂരിലെ ഓഫീസ് കഴിഞ്ഞ വര്‍ഷം ഡാംസൈറ്റിലേക്ക് മാറ്റിയിരുന്നു. അടിയന്തര തീരുമാനങ്ങളെടുക്കാനും ജാഗ്രതാ നിര്‍ദേശം നല്‍കാനും ഉദ്ദേശിച്ചുള്ള ഓഫീസ് പൂട്ടാനുള്ള തീരുമാനം വിവാദമായി. ജില്ലയിലെ കുടിവെള്ള സ്രോതസായി പഴശ്ശി മാറിയിട്ടുണ്ട്. കണ്ണൂര്‍ ഓഗ്മെന്റേഷന്‍ , കൊളച്ചേരി, അഞ്ചരക്കണ്ടി, പട്ടുവം പദ്ധതികളുടെയും നിരവധി ചെറുകിട ജലസേചന പദ്ധതികളുടെയും സ്രോതസ് പഴശ്ശിഡാമാണ്. മെയിന്റനന്‍സ് ഡിവിഷന്‍ ഓഫീസ് നിര്‍ത്തുന്നതിനാല്‍ അടിയന്തര അറ്റകുറ്റപ്പണിയും നടക്കാതാവും. ഇത് കുടിവെള്ള വിതരണം ഉള്‍പ്പെടെ പ്രതിസന്ധിയിലാക്കും. നാലുകോടി ചെലവ് പ്രതീക്ഷിച്ച് ആരംഭിച്ച പദ്ധതിയാണ് 200 കോടി ചെലവില്‍ എത്തിനില്‍ക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയില്‍ ഒട്ടേറെ പണം പാഴായിട്ടുണ്ട്. അതെക്കുറിച്ച് വേണ്ടത്ര അന്വേഷണമോ നടപടിയോ ഉണ്ടായില്ല.

16200 ഹെക്ടറില്‍ ജലസേചനം ഉദ്ദേശിച്ച് പ്രധാന കനാലിനും മാഹി, അഴീക്കല്‍ , എടക്കാട്, തളിപ്പറമ്പ്, കീഴല്ലൂര്‍ ബ്രാഞ്ച് കനാലുകള്‍ക്കും വെളിയമ്പ്രമുതല്‍ ഇരിട്ടിവരെയുള്ള ജലസംഭരണി പ്രദേശത്തിനുമായി ഏക്കര്‍ കണക്കിന് കൃഷിയിടമാണ് ഏറ്റെടുത്തിരുന്നത്. കോടികള്‍ വിലമതിക്കുന്ന സ്ഥലവും ജില്ലയില്‍ പദ്ധതിക്കുണ്ട്. 1979-ല്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയാണ് ഭാഗികമായി കമീഷന്‍ ചെയ്തത്. തുടര്‍ന്നിങ്ങോട്ട് വേണ്ടത്ര ആസൂത്രണമില്ലാതെ പ്രവൃത്തി നടത്തിയതാണ് വിനയായത്. പോരായ്മ പരിഹരിക്കുന്നതിന് പകരം പദ്ധതി ഒഴിവാക്കുമ്പോള്‍ കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്.

deshabhimani 160711

1 comment:

  1. കമീഷന്‍ ചെയ്യാതെ പഴശ്ശി ജലസേചന പദ്ധതി പ്രവര്‍ത്തനം നിര്‍ത്താനുള്ള തീരുമാനം ജലവിഭവ വകുപ്പിന്റെ പിടിപ്പുകേട്. ജില്ലയിലെ പ്രധാന ജലസേചന പദ്ധതിക്ക് ഇതുവരെ 200 കോടിയോളമാണ് ചെലവായത്.

    ReplyDelete