Sunday, July 24, 2011

ഉടോയ ദ്വീപ് ചോരക്കളമായി; നോര്‍വെ നടുങ്ങി

ഓസ്ലോ: നോര്‍വെയില്‍ വലതുപക്ഷ തീവ്രവാദിയായ യുവാവ് നടത്തിയ അതിനിഷ്ഠുരമായ വെടിവയ്പില്‍ 85 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ, രാജ്യത്ത് കഴിഞ്ഞദിവസം നടന്ന സ്ഫോടനത്തിലും വെടിവയ്പിലും മരിച്ചവരുടെ എണ്ണം 92 ആയി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം നോര്‍വെയില്‍ നടക്കുന്ന ഏറ്റവും വലിയ ദുരന്തമാണിത്. തലസ്ഥാനമായ ഓസ്ലോയില്‍നിന്ന് 35 കിലോമീറ്റര്‍ അകലെ ഉടോയ ദ്വീപിലാണ് നിരപരാധികള്‍ക്കുനേരെ വെടിവയ്പുണ്ടായത്. ഭരണകക്ഷിയായ ലേബര്‍ പാര്‍ടിയുടെ യുവജനവിഭാഗം സമ്മേളനത്തിന് ഒത്തുകൂടിയ അറുനൂറോളം പേര്‍ക്കുനേരെ പൊലീസ് വേഷം ധരിച്ചെത്തിയ അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. സ്ഫോടനത്തിനുപിന്നിലും ഇയാള്‍തന്നെയാണെന്നാണ് പൊലീസ് ആരോപിക്കുന്നത്. വെടിവയ്പില്‍ കൂട്ടുപ്രതി ഉണ്ടായിരുന്നതായുള്ള സൂചനയെതുടര്‍ന്ന് ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ , നോര്‍വെക്കാരന്‍തന്നെയായ ആന്‍ഡേഴ്സ് ബെറിങ് ബ്രേവിക് എന്ന മുപ്പത്തിരണ്ടുകാരനാണ് അറസ്റ്റിലായതെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വലതുപക്ഷ തീവ്രവാദിയാണ് ഇയാളെന്നും മാധ്യമങ്ങള്‍ പറയുന്നു.

മധ്യ ഓസ്ലോയിലെ പ്രധാനമന്ത്രിയുടെ ഓഫീസും ധനമന്ത്രാലയവും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് സ്ഫോടനം നടത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ നടന്ന സ്ഫോടനത്തില്‍ കെട്ടിടംഏറെക്കുറെ തകര്‍ന്നു. ഇവിടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റു. സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരദാനം നടക്കുന്ന നഗരമാണ് ഓസ്ലോ. സ്ഫോടനം നടത്തിയ പ്രതി ഉടന്‍ ബോട്ടില്‍ ഉടോയ ദ്വീപിലേക്ക് തിരിച്ചു. സ്ഫോടനം നടന്ന് രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വെടിവയ്പുണ്ടായത്. യന്ത്രത്തോക്കും കൈത്തോക്കും ഉപയോഗിച്ച് ഒരേസമയം വെടിയുതിര്‍ത്തു. യുവാക്കളെ തന്റെ അടുത്തേക്ക് മാടിവിളിച്ചശേഷം തൊട്ടടുത്തുനിന്നാണ് വെടിവച്ചതെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. ബോംബാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയതാണെന്നു പറഞ്ഞാണ് ഇയാള്‍ യോഗസ്ഥലത്തേക്ക് വന്നത്. രക്ഷപ്പെടാനായി നിരവധിപേര്‍ സമീപത്തെ തടാകത്തിലേക്ക് ചാടി. വെള്ളത്തിലേക്ക് ചാടിയവര്‍ക്കുനേരെയും അക്രമി വെടിയുതിര്‍ത്തു. മൃതദേഹങ്ങള്‍ക്കായി വെള്ളത്തില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. ഇതിനിടെ, ദ്വീപില്‍ ബോംബ് കണ്ടെടുത്തു. ഇത് പിന്നീട് നിര്‍വീര്യമാക്കി.
സ്പെയിനിലെ മാഡ്രിഡില്‍ 2004ല്‍ നടന്ന ബോംബ് സ്ഫോടനങ്ങള്‍ക്കുശേഷം യൂറോപ്പില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. തീവ്ര ക്രൈസ്തവ വലതുപക്ഷക്കാരനാണ് അറസ്റ്റിലായ ബ്രേവിക്. യുദ്ധവുമായി ബന്ധപ്പെട്ട കംപ്യൂട്ടര്‍ ഗെയിമുകളും വേട്ടയുമാണ് താല്‍പ്പര്യവിഷയങ്ങളെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ പ്രധാനകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഉടോയയില്‍ നടക്കുന്ന സമ്മേളനത്തെ പ്രധാനമന്ത്രി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് അഭിസംബോധനചെയ്യാന്‍ മണിക്കൂറുകള്‍മാത്രം ശേഷിക്കെയാണ് വെടിവയ്പുണ്ടായത്. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളെ നോര്‍വെ രാജാവ് ഹറാള്‍ഡും രാജ്ഞി സോന്‍ജയും നേരിട്ടെത്തി ആശ്വസിപ്പിച്ചു. യൂറോപ്യന്‍ യൂണിയന്‍ , നാറ്റോ, അമേരിക്ക, ബ്രിട്ടന്‍ എന്നിവര്‍ ആക്രമണത്തെ അപലപിച്ചു.

deshabhimani 240711

1 comment:

  1. നോര്‍വെയില്‍ വലതുപക്ഷ തീവ്രവാദിയായ യുവാവ് നടത്തിയ അതിനിഷ്ഠുരമായ വെടിവയ്പില്‍ 85 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ, രാജ്യത്ത് കഴിഞ്ഞദിവസം നടന്ന സ്ഫോടനത്തിലും വെടിവയ്പിലും മരിച്ചവരുടെ എണ്ണം 92 ആയി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം നോര്‍വെയില്‍ നടക്കുന്ന ഏറ്റവും വലിയ ദുരന്തമാണിത്.

    ReplyDelete