Sunday, July 24, 2011

കരിമണല്‍ ഖനനം വീണ്ടും സ്വകാര്യമേഖലയ്ക്ക്

കൊല്ലം: ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന്റെ (കെഎംഎംഎല്‍) അസംസ്കൃത വസ്തുവായ കരിമണലിന്റെ ഖനനം വീണ്ടും സ്വകാര്യമേഖലയ്ക്ക് കൈമാറുന്നു. കമ്പനിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ കരിമണലിന്റെ (ധാതുമണല്‍) ദൗര്‍ലഭ്യം മുതലെടുത്താണ് സ്വകാര്യവല്‍ക്കരണം. ഖനനം നടത്താന്‍ കമ്പനിക്ക് പാട്ടത്തിന് അനുവദിച്ചിട്ടുള്ള നീണ്ടകര, ആലപ്പാട് വില്ലേജിലുള്ള ആലപ്പാട്, സ്രായിക്കാട് എന്നിവിടങ്ങളില്‍നിന്ന് കരിമണല്‍ ശേഖരിച്ച് നല്‍കാന്‍ കെഎംഎംഎല്‍ മാനേജ്മെന്റാണ് ഉത്തരവിറക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മാത്രമേ കരിമണല്‍ ഖനനം നടത്താവൂ എന്ന നിയമം നിലനില്‍ക്കെയാണ് ഇത്. ഇതിനകം 15 ടണ്‍ കരിമണല്‍ ഈ രീതിയില്‍ കമ്പനിയിലെത്തി. ഭരണകക്ഷിയുമായി ബന്ധമുള്ള റാക്കറ്റാണ് ആദ്യലോഡ് കമ്പനിയിലെത്തിച്ചത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇടപാട് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കയാണ്. ധാതുമണല്‍ ഖനനം പൂര്‍ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കെ കമ്പനിയുടെ പുതിയ തീരുമാനം മാഫിയകള്‍ക്ക് അവസരമൊരുക്കും.

മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് സ്വകാര്യഖനനത്തിനുള്ള പാട്ടത്തിന് ചില കമ്പനികള്‍ ശ്രമം നടത്തിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരുകളാണ് ധാതുമണല്‍ ഖനനം പൂര്‍ണമായും പൊതുമേഖലയില്‍ ഉറപ്പിച്ച് നിര്‍ത്തിയത്. 30 ശതമാനം ഇല്‍മനൈറ്റ് അടങ്ങിയിരിക്കുന്ന മണലിന് ടണ്ണിന് 2000 രൂപ നിരക്കില്‍ പ്രതിഫലം നല്‍കുമെന്നാണ് കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതില്‍ കൂടുതലുള്ള ഇല്‍മനൈറ്റിന്റെ ഓരോ ശതമാനത്തിനും ടണ്‍ ഒന്നിന് 75 രൂപ അധികം നല്‍കും. ഇല്‍മനൈറ്റിന്റെ അളവ് 30 ശതമാനത്തില്‍ കുറവാണെങ്കില്‍ ടണ്ണിണ് 75 രൂപവീതം കുറയ്ക്കും. മൂന്നു ശതമാനത്തില്‍ കൂടുതല്‍ ഈര്‍പ്പമുണ്ടെങ്കിലും ഇല്‍മനൈറ്റിന്റെ അളവ് 20 ശതമാനത്തില്‍ താഴെയാണെങ്കിലും മണല്‍ സ്വീകരിക്കില്ല. പാസ്മൂലം നിയന്ത്രിച്ചാണ് മണല്‍ കൊണ്ടുവരികയെന്ന് കമ്പനി അധികൃതര്‍ പറയുന്നുണ്ടെങ്കിലും, എടുക്കാതെ തിരിച്ചുകൊണ്ടുപോകുന്ന മണല്‍ എവിടെയെത്തുമെന്ന് ഉറപ്പാക്കാന്‍ കഴിയില്ല. കരിമണല്‍ വേര്‍തിരിച്ചെടുക്കുന്ന സിര്‍ക്കണിന് ടണ്ണിന് 1.10 ലക്ഷം രൂപയും റൂട്ടയിലിന് ഒരു ലക്ഷം രൂപയുമാണ് വില. സ്പോടക വസ്തുക്കളുടെ നിര്‍മാണത്തില്‍ വരെ എത്താമെന്നതാണ് സ്വകാര്യവല്‍ക്കരണത്തിന്റെ അപകടം.
(ആര്‍ സാംബന്‍)

deshabhimani 240711

1 comment:

  1. ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിന്റെ (കെഎംഎംഎല്‍) അസംസ്കൃത വസ്തുവായ കരിമണലിന്റെ ഖനനം വീണ്ടും സ്വകാര്യമേഖലയ്ക്ക് കൈമാറുന്നു. കമ്പനിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ കരിമണലിന്റെ (ധാതുമണല്‍) ദൗര്‍ലഭ്യം മുതലെടുത്താണ് സ്വകാര്യവല്‍ക്കരണം. ഖനനം നടത്താന്‍ കമ്പനിക്ക് പാട്ടത്തിന് അനുവദിച്ചിട്ടുള്ള നീണ്ടകര, ആലപ്പാട് വില്ലേജിലുള്ള ആലപ്പാട്, സ്രായിക്കാട് എന്നിവിടങ്ങളില്‍നിന്ന് കരിമണല്‍ ശേഖരിച്ച് നല്‍കാന്‍ കെഎംഎംഎല്‍ മാനേജ്മെന്റാണ് ഉത്തരവിറക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മാത്രമേ കരിമണല്‍ ഖനനം നടത്താവൂ എന്ന നിയമം നിലനില്‍ക്കെയാണ് ഇത്.

    ReplyDelete