Saturday, July 16, 2011

കൃഷി സീസണില്‍ തൊഴിലുറപ്പ് പദ്ധതി വേണ്ടെന്ന് കൃഷിമന്ത്രാലയം

ന്യൂഡല്‍ഹി: കൊയ്ത്ത്, വിതയ്ക്കല്‍ തുടങ്ങിയ കാര്‍ഷിക സീസണുകളില്‍ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് കൃഷിമന്ത്രാലയം ഗ്രാമവികസന വകുപ്പിനോട് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള ജോലികള്‍ക്ക് തൊഴിലാളികള്‍ പോകുന്നതിനാല്‍ കൃഷിപണിക്ക് ആരെയും കിട്ടാത്ത അവസ്ഥയാണെന്ന ന്യായമാണ് ഗ്രാമവികസന വകുപ്പിനയച്ച കത്തില്‍ കൃഷിമന്ത്രാലയം മുന്നോട്ടുവയ്ക്കുന്നത്. ഇതു രാജ്യത്തെ കാര്‍ഷികമേഖലയെ ഏറെ ദോഷകരമായി ബാധിക്കുന്നുവെന്നും കൃഷിവകുപ്പ് സെക്രട്ടറി പി കെ ബസു കത്തില്‍ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയ ശേഷം കൃഷിപ്പണിയ്ക്കുള്ള വേതനം 16 മുതല്‍ 43 ശതമാനംവരെ വര്‍ധിച്ചുവെന്നാണ് കൃഷിമന്ത്രാലയത്തിന്റെ കണ്ടെത്തല്‍ . മാത്രമല്ല പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് യുപി, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്നു തൊഴിലാളികളുടെ വരവും കുറഞ്ഞു. ഇതും കൃഷിപണികളെ ബാധിച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. കൊയ്ത്തുകാലത്തും മറ്റും തൊഴിലുറപ്പ് പദ്ധതി നിര്‍ത്തിവയ്ക്കുക മാത്രമാണ് ഏക പരിഹാരമെന്ന നിലപാടിലാണ് കൃഷിമന്ത്രാലയം.

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തിവയ്ക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കര്‍ഷകതൊഴിലാളി യൂണിയന്‍ പ്രതികരിച്ചു. കൃഷിനഷ്ടത്തിന് കാരണം തൊഴിലാളികളെ കിട്ടാത്തതല്ലെന്നും കൃഷി ചെലവുകള്‍ അനിയന്ത്രിതമായി ഉയര്‍ന്നതാണെന്നും കര്‍ഷകതൊഴിലാളി യൂണിയന്‍ ജോയിന്റ് സെക്രട്ടറിമാരായ ഹന്നന്‍ മൊള്ളയും സുനിത് ചോപ്രയും പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ലക്ഷകണക്കിനു ദുര്‍ബല ജനവിഭാഗങ്ങള്‍ പട്ടിണിയിലേക്കു തള്ളപ്പെടും- നേതാക്കള്‍ പറഞ്ഞു.

deshabhimani 160711

1 comment:

  1. കൊയ്ത്ത്, വിതയ്ക്കല്‍ തുടങ്ങിയ കാര്‍ഷിക സീസണുകളില്‍ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് കൃഷിമന്ത്രാലയം ഗ്രാമവികസന വകുപ്പിനോട് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള ജോലികള്‍ക്ക് തൊഴിലാളികള്‍ പോകുന്നതിനാല്‍ കൃഷിപണിക്ക് ആരെയും കിട്ടാത്ത അവസ്ഥയാണെന്ന ന്യായമാണ് ഗ്രാമവികസന വകുപ്പിനയച്ച കത്തില്‍ കൃഷിമന്ത്രാലയം മുന്നോട്ടുവയ്ക്കുന്നത്. ഇതു രാജ്യത്തെ കാര്‍ഷികമേഖലയെ ഏറെ ദോഷകരമായി ബാധിക്കുന്നുവെന്നും കൃഷിവകുപ്പ് സെക്രട്ടറി പി കെ ബസു കത്തില്‍ പറഞ്ഞു.

    ReplyDelete