Tuesday, July 19, 2011

അളവ് തൂക്ക വകുപ്പിനെ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര നീക്കം

കോഴിക്കോട്: അളവ് തൂക്ക വകുപ്പിനെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. അടുത്ത വര്‍ഷം ആദ്യം മുതല്‍ അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്രവയ്ക്കുന്നതിന് സ്വകാര്യ ഏജന്‍സികള്‍ക്ക് അനുവാദം നല്‍കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വന്നുകഴിഞ്ഞു. അളവ് തൂക്ക കാര്യങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും ഒരേ പോലെ നടപ്പിലാക്കുകയെന്ന ന്യായത്തിന്റെ മറവിലാണ് കേന്ദ്ര സര്‍ക്കാര്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ജനുവരി മുതല്‍ കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

റിലയന്‍സ് പോലുള്ള  കുത്തക കമ്പനികളെ ഈ ചുമതലകള്‍ ഏല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.  സ്വകാര്യ കുത്തകകള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് കച്ചവട സമൂഹത്തിനും ഉപഭോക്താക്കള്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കും. ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാല്‍ മുദ്രവെയ്ക്കലില്‍ സത്യസന്ധതയും കൃത്യതയും അത്യന്താപേക്ഷിതമാണ്.  സ്വകാര്യ സ്ഥാപനങ്ങള്‍ ഇക്കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എത്രത്തോളം നീതിപുലര്‍ത്തുമെന്നത് കണ്ടറിയേണ്ടിവരും. പുതിയ നിയമനുസരിച്ച് അളവുതൂക്ക  ഉപകരണങ്ങള്‍ മുദ്രവെച്ചു കിട്ടുന്നതിന് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ അംഗീകൃത പരിശോധനാകേന്ദ്രങ്ങളിലാണ് കച്ചവടക്കാര്‍ ബന്ധപ്പെടേണ്ടത്.

നിലവില്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരാണ് അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്ര വെക്കുന്നത്. വകുപ്പ് നടത്തുന്ന ക്യാമ്പുകളില്‍ വെച്ചോ അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ കട സന്ദര്‍ശിച്ചോ ആണ് ഇത് ചെയ്യുന്നത്. ഇലക്‌ട്രോണിക് ത്രാസുകള്‍ ഒരു വര്‍ഷവും സാധാരണ ത്രാസുകള്‍ രണ്ട് വര്‍ഷം കൂടുമ്പോഴുമാണ് മുദ്ര വെക്കേണ്ടത്.  30 കെ ജി വരുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് 200 രൂപ വരെയാണ്  മുദ്ര വെയ്ക്കാനായി ഈടാക്കുന്നത്.  ഈ അധികാരം സ്വകാര്യ ഏജന്‍സികള്‍ക്ക്  നല്‍കുന്നതോടെ ഈ തുക വന്‍തോതില്‍ വര്‍ധിച്ചേക്കും.  ഏതെങ്കിലും കാരണത്താല്‍ മുദ്ര ചെയ്യാന്‍ വൈകിപ്പോയാല്‍ ചെറിയ പിഴ മാത്രമാണ് കച്ചവടക്കാരില്‍ നിന്ന് ഇപ്പോള്‍ ഈടാക്കി വരുന്നത്.  ഈ ചുമതല സ്വകാര്യ ഏജന്‍സികളെ ഏല്‍പിക്കുന്നതോടെ ഭീമമായ പിഴ നല്‍കാനും കച്ചവടക്കാര്‍ നിര്‍ബന്ധിതരാവും.

അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്ര വെയ്ക്കുന്നതിന് പുറമെ പാക്കറ്റില്‍ വിലയില്ലാത്ത സാധനങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുക, അളവ് കുറച്ച് വില്‍ക്കുന്നതിനെതിരെ ബാറുകളിലും പെട്രോള്‍ പമ്പുകളിലുമെല്ലാം പരിശോധന നടത്തി നടപടിയെടുക്കുക തുടങ്ങിയവയും ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ ചുമതലകളാണ്. ഇതില്‍  സര്‍ക്കാറിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്നതും പ്രധാനപ്പെട്ടതുമായ ജോലിയാണ് അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്ര വെക്കുകയെന്നത്.  അത്  അടര്‍ത്തി മാറ്റുന്നതോടെ വലിയൊരു വിഭാഗം ജീവനക്കാരെയും വകുപ്പില്‍ നിന്ന് മാറ്റേണ്ടി വരും.

കച്ചവടക്കാരെയും ജീവനക്കാരെയും ഉപഭോക്താക്കളെയും സാരമായി ബാധിക്കുന്ന തീരുമാനത്തിനെതിരെ കേരളാ ലീഗല്‍ മെട്രോളജി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍  രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യ കുത്തക ഏജന്‍സികളെ പരിപോഷിപ്പിക്കുന്ന ഇത്തരം ഏര്‍പ്പാടുകള്‍ നിര്‍ത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു.
(കെ കെ ജയേഷ്)

janayugom 190711

1 comment:

  1. അളവ് തൂക്ക വകുപ്പിനെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. അടുത്ത വര്‍ഷം ആദ്യം മുതല്‍ അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്രവയ്ക്കുന്നതിന് സ്വകാര്യ ഏജന്‍സികള്‍ക്ക് അനുവാദം നല്‍കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വന്നുകഴിഞ്ഞു. അളവ് തൂക്ക കാര്യങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും ഒരേ പോലെ നടപ്പിലാക്കുകയെന്ന ന്യായത്തിന്റെ മറവിലാണ് കേന്ദ്ര സര്‍ക്കാര്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. ജനുവരി മുതല്‍ കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

    ReplyDelete