Tuesday, July 19, 2011

വന്‍കിടക്കാരെ ഒഴിവാക്കി മൂന്നാര്‍ ഒഴിപ്പിക്കല്‍

ഇടുക്കി: വന്‍കിട കൈയേറ്റങ്ങള്‍ക്കുനേരെ കണ്ണടച്ചും എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടെടുത്ത ഭൂമിയില്‍ ബോര്‍ഡുവച്ചും തുടരുന്ന മൂന്നാര്‍ ഒഴിപ്പിക്കല്‍ പ്രഹസനമാകുന്നു. അന്യാധീനപ്പെട്ട ഭൂമി വിവിധ വകുപ്പുകളുടേതായിട്ടും അവരെയൊന്നും ഏകോപിപ്പിക്കാതെ റവന്യുവകുപ്പ് സ്വന്തം നിലയ്ക്കാണ് ബോര്‍ഡ് വച്ച് മുന്നേറുന്നത്. ഒഴിപ്പിക്കല്‍ ദൗത്യം മൂന്നാറില്‍നിന്ന് വാഗമണ്ണിലേക്ക് നീണ്ടിട്ടും മറയൂര്‍ , കാന്തല്ലൂര്‍ , വട്ടവട പഞ്ചായത്തുകളിലെ കൈയേറ്റം അധികൃതര്‍ കണ്ടമട്ടില്ല. വട്ടവടയില്‍ ആദ്യ ദൗത്യസംഘം പിടിച്ചെടുത്ത 750 ഏക്കര്‍ ഇപ്പോള്‍ പൂര്‍ണമായും കൈയേറ്റക്കാരുടെ കൈയിലാണ്. ഈ ഭൂമിയിലെ മരം വെട്ടിക്കടത്താനും നീക്കമുണ്ട്. ഭരണകക്ഷിയുടെ ജില്ലാ നേതാവിന് നേരിട്ടും മുന്‍ എംഎല്‍എയ്ക്ക് ബിനാമിപേരിലും ഇവിടെ സ്ഥലമുണ്ട്. ചെങ്ങറ സമരക്കാര്‍ക്ക് സ്ഥലമനുവദിച്ച കീഴാന്തൂര്‍ വില്ലേജിലും വ്യാപകകൈയേറ്റമുണ്ട്. പട്ടയരേഖകള്‍ നല്‍കി ഒരു വര്‍ഷമായിട്ടും ഇവര്‍ക്കുള്ള പ്ലോട്ടുകള്‍ നല്‍കാതെയാണ് അധികൃതരുടെ തട്ടിപ്പ്. ഇവരെ അവിടെനിന്ന് മാറ്റി ഭൂമി സ്വന്തമാക്കാനും മാഫിയ ശ്രമിക്കുന്നുണ്ട്. ഒഴിപ്പിക്കല്‍ നടപടിയില്‍ ഈ മേഖലയെ ഒഴിവാക്കിയത് വേണ്ടപ്പെട്ടവരെ സഹായിക്കാനാണെന്ന് വ്യക്തമാണ്.

മുന്‍ ദൗത്യസംഘം ഒഴിപ്പിച്ചെടുത്ത് സര്‍ക്കാരിന് കൈമാറിയ പോതമേട്ടിലെ ഓക്ഫീല്‍ഡ് റിസോര്‍ട്ടില്‍ ഗസ്റ്റ്ഹസ് നടത്താനുള്ള നീക്കവും ദുരൂഹമാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് നിലവില്‍ റിസോര്‍ട്ട് നടത്തിയിരുന്ന കെടിഡിസി 26 ലക്ഷം രൂപയുടെ നഷ്ടക്കണക്കുമായി ഇറങ്ങിയത്. മൂന്നാറിലുള്ള ചെറുകിട ലോഡ്ജുകള്‍ പോലും വന്‍ലാഭമുണ്ടാക്കിയ ടൂറിസ്റ്റ് സീസണ്‍ കഴിഞ്ഞ പിന്നാലെയാണ് കെടിഡിസിയുടെ നഷ്ടക്കണക്ക്. മൂന്നാര്‍ ട്രൈബ്യൂണല്‍ ഈ റിസോര്‍ട്ടില്‍ പ്രവര്‍ത്തിക്കാന്‍ സൗകര്യം ചോദിച്ചിട്ടും നല്‍കാതിരുന്ന റവന്യുവകുപ്പ് ഇപ്പോഴിതിന്റെ ഒരുനില ഗസ്റ്റ്ഹൗസാക്കാനും ബാക്കി നിലകള്‍ ലേലം ചെയ്ത് നല്‍കാനുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. പഴയ ഉടമകളെ വളഞ്ഞവഴിയിലുടെ കയറ്റാനുള്ള നീക്കമാണ് ഈ നിര്‍ദേശത്തിലൂടെയെന്ന് ആക്ഷേപമുണ്ട്. ഒരാഴ്ചയായി തുടരുന്ന ദൗത്യസംഘത്തില്‍ കെഎസ്ഇബി, വനം, ജലസേചന വകുപ്പുകളെയെന്നും പങ്കെടുപ്പിക്കാത്തതും സംശയം കൂട്ടുന്നു. വിവിധ പദ്ധതികള്‍ക്കായി വകുപ്പുകള്‍ക്ക് കൈമാറിയ സ്ഥലങ്ങളിലാണ് കൈയേറ്റങ്ങളധികവും. അതുപോലെ ചിന്നക്കനാല്‍ മേഖലയില്‍ എച്ച്എല്‍എല്ലിന് പാട്ടത്തിനു നല്‍കിയ ഭൂമിയാണ് കൈയേറ്റക്കാര്‍ സ്വന്തമാക്കിയത്. കമ്പനി പ്രതിനിധികള്‍ പോലും പാട്ടഭൂമിയുടെ സ്കെച്ചുമായി ഒഴിപ്പിക്കലിന് എത്തിയിരുന്നില്ല. അതിനിടെ, ഒഴിപ്പിക്കല്‍ സംഘം ചിന്നക്കനാലില്‍ വച്ച ബോര്‍ഡുകളില്‍ മിക്കതും കൈയേറ്റക്കാര്‍തന്നെ നശിപ്പിച്ചു. കാട്ടാന തകര്‍ത്തെന്നാണ് റവന്യു വകുപ്പ് പ്രചാരണം.
(പി എസ് തോമസ്)

deshabhimani 190711

1 comment:

  1. വന്‍കിട കൈയേറ്റങ്ങള്‍ക്കുനേരെ കണ്ണടച്ചും എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടെടുത്ത ഭൂമിയില്‍ ബോര്‍ഡുവച്ചും തുടരുന്ന മൂന്നാര്‍ ഒഴിപ്പിക്കല്‍ പ്രഹസനമാകുന്നു. അന്യാധീനപ്പെട്ട ഭൂമി വിവിധ വകുപ്പുകളുടേതായിട്ടും അവരെയൊന്നും ഏകോപിപ്പിക്കാതെ റവന്യുവകുപ്പ് സ്വന്തം നിലയ്ക്കാണ് ബോര്‍ഡ് വച്ച് മുന്നേറുന്നത്. ഒഴിപ്പിക്കല്‍ ദൗത്യം മൂന്നാറില്‍നിന്ന് വാഗമണ്ണിലേക്ക് നീണ്ടിട്ടും മറയൂര്‍ , കാന്തല്ലൂര്‍ , വട്ടവട പഞ്ചായത്തുകളിലെ കൈയേറ്റം അധികൃതര്‍ കണ്ടമട്ടില്ല. വട്ടവടയില്‍ ആദ്യ ദൗത്യസംഘം പിടിച്ചെടുത്ത 750 ഏക്കര്‍ ഇപ്പോള്‍ പൂര്‍ണമായും കൈയേറ്റക്കാരുടെ കൈയിലാണ്.

    ReplyDelete