Tuesday, July 19, 2011

കോണ്‍ഗ്രസ് നേതൃത്വത്തിന് താല്‍പര്യം സ്വകാര്യ മെഡിക്കല്‍ കോളേജ്

കല്‍പ്പറ്റ: യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ കാസര്‍കോഡ്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ മെഡിക്കല്‍ കോളേജ് അനുവദിച്ചപ്പോള്‍ വയനാട്ടില്‍ മെഡിക്കല്‍ കോളേജ് വരുന്നതിന് യുഡിഎഫ് നേതൃത്വത്തിന് താല്‍പര്യമില്ല. കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റ് പി വി ബാലചന്ദ്രന്‍ നടത്തിയ പ്രസ്താവനയിലാണ് ഇത് വെളിവായത്. ജില്ലയില്‍ സ്വകാര്യമേഖലയില്‍ മെഡിക്കല്‍ കോളേജ് വന്നാല്‍ പാവപ്പെട്ടവര്‍ക്ക് പ്രത്യേക സൗകാര്യമുണ്ടാവുമെന്നാണ് ഡിസിസി പ്രസിഡന്റിന്റെ പക്ഷം. വയനാട്ടില്‍ സ്വകാര്യ മേഖലയില്‍ വരാന്‍ പോകുന്ന മെഡിക്കല്‍ കോളേജില്‍ 750 ബെഡുകള്‍ സാധാരണക്കാര്‍ക്കായി നീക്കിവെക്കുമെന്നും ഇതില്‍ 20ശതമാനം രോഗികള്‍ക്ക് പൂര്‍ണ്ണമായും ചികിത്സ നല്‍കുമെന്നും ഈ നിയമം പാലിച്ച് മാത്രമെ മെഡിക്കല്‍ കോളേജിന് ഉമ്മന്‍ ചാണ്ടി അനുമതി നല്‍കു എന്നും ഡിസിസി പ്രസിഡന്റ് പറയുന്നു.

എന്നാല്‍ ഈ കാര്യങ്ങളെല്ലാം അസ്ഥാനത്താകും എന്നാണ് കഴിഞ്ഞ കാല അനുഭവങ്ങള്‍നമുക്ക് കാട്ടിതരുന്നത്. സംസ്ഥാനത്ത് സ്വാശ്രയ കോളേജുകള്‍ ആരംഭിക്കുന്ന സമയത്ത് ഗവണ്‍മെന്റും സാശ്രയ മാനേജ്മെന്റുകളും തമ്മിലുണ്ടാക്കിയ എല്ലാ കാരാറുകളും ലംഘിച്ച ചിത്രം നമ്മുടെ മുന്നിലുണ്ട്. 50:50 എന്ന സീറ്റ് പ്രവേശനവും സ്വകാര്യമാനേജ്മെന്റുകള്‍ അട്ടിമറിച്ചതും ഇഷ്ടം പോലെ കോഴവാങ്ങി മെഡിക്കല്‍ വിദ്യാഭ്യാസം കച്ചവടമാക്കിയതിന്റെയും നിരവധി തെളിവുകളാണ് ഇതിനകം പുറത്ത് വന്നിരിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ജില്ലയിലെ ഡിസിസി നേതൃത്വം സ്വകാര്യമേഖലയിലെ മെഡിക്കല്‍ കോളേജിന് വേണ്ടി വാദിക്കുന്നത്.

സ്വകാര്യ മെഡിക്കല്‍ കോളേിന് ആരും എതിരല്ല. എന്നാല്‍ മെഡിക്കല്‍ കോളേജ് വന്നാല്‍ വയനാട്ടിലെ പാവപ്പെട്ട ആദിവാസികളടക്കമുള്ള ദുര്‍ബല ജനവിഭാഗത്തിന് ചികിത്സ തേടാന്‍ കഴിയില്ല എന്നാണ് കഴിഞ്ഞകാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. മെഡിക്കല്‍ കോളേജിന് പകരം ജില്ലയില്‍ മുന്നേ അനുവദിച്ച ശ്രീചിത്തിര മെഡിക്കല്‍ കോളേജിന്റെ സെന്റര്‍ പകരമാവും എന്നുള്ള തരത്തിലാണ് ഡിസിസി പ്രഡിഡന്റിന്റെ മറ്റൊരു അവകാശവാദം. മികച്ച ചികിത്സാ സൗകര്യങ്ങളുമായാണ് ശ്രീചിത്തിര മെഡിക്കല്‍ കോളേജിന്റെ സെന്റര്‍ വയനാട്ടില്‍ പ്രവര്‍ത്തിക്കുക എന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ശ്രീചിത്തിര മെഡിക്കല്‍ സെന്ററിന്റെ അവയവ നിര്‍മാണ യൂണിറ്റും പഠന ഗവേഷണകേന്ദ്രവുമാണ് ജില്ലയില്‍ വരുന്നതെന്ന് നേരത്തെ വ്യക്തമാക്കപ്പെട്ടതാണ്. ഇവിടെ ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടാവില്ല എന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. എന്നാല്‍ ബജറ്റില്‍ ആരോഗ്യരംഗത്ത് കാര്യമായ പദ്ധതികളൊന്നുമില്ലാത്തതിനാല്‍ കാര്യങ്ങള്‍ മറച്ച് വെച്ച ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം.

deshabhimani 190711

1 comment:

  1. യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ കാസര്‍കോഡ്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ മെഡിക്കല്‍ കോളേജ് അനുവദിച്ചപ്പോള്‍ വയനാട്ടില്‍ മെഡിക്കല്‍ കോളേജ് വരുന്നതിന് യുഡിഎഫ് നേതൃത്വത്തിന് താല്‍പര്യമില്ല. കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റ് പി വി ബാലചന്ദ്രന്‍ നടത്തിയ പ്രസ്താവനയിലാണ് ഇത് വെളിവായത്. ജില്ലയില്‍ സ്വകാര്യമേഖലയില്‍ മെഡിക്കല്‍ കോളേജ് വന്നാല്‍ പാവപ്പെട്ടവര്‍ക്ക് പ്രത്യേക സൗകാര്യമുണ്ടാവുമെന്നാണ് ഡിസിസി പ്രസിഡന്റിന്റെ പക്ഷം. വയനാട്ടില്‍ സ്വകാര്യ മേഖലയില്‍ വരാന്‍ പോകുന്ന മെഡിക്കല്‍ കോളേജില്‍ 750 ബെഡുകള്‍ സാധാരണക്കാര്‍ക്കായി നീക്കിവെക്കുമെന്നും ഇതില്‍ 20ശതമാനം രോഗികള്‍ക്ക് പൂര്‍ണ്ണമായും ചികിത്സ നല്‍കുമെന്നും ഈ നിയമം പാലിച്ച് മാത്രമെ മെഡിക്കല്‍ കോളേജിന് ഉമ്മന്‍ ചാണ്ടി അനുമതി നല്‍കു എന്നും ഡിസിസി പ്രസിഡന്റ് പറയുന്നു.

    ReplyDelete