Friday, July 15, 2011

പള്ളുരുത്തി പൊലീസ്സ്റ്റേഷനില്‍ കോണ്‍ഗ്രസ് അതിക്രമം

നാല്‍പ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പള്ളുരുത്തി പൊലീസ്സ്റ്റേഷന്‍ കൈയേറി മണിക്കൂറുകളോളം സ്റ്റേഷന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു. പൊലീസുകാരെ അസഭ്യം പറഞ്ഞ് കൈയേറ്റത്തിനു മുതിര്‍ന്ന സംഘം ഓഫീസ് ഫര്‍ണിച്ചര്‍അടിച്ചുതകര്‍ത്തു.

വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. പള്ളുരുത്തി കച്ചേരിപ്പടി മണ്ഡലം പ്രസിഡന്റും ക്രിമിനല്‍കേസുകളില്‍ പ്രതിയുമായ പൊന്നനും അയല്‍വാസി തന്‍ഷീറും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊന്നന്‍ തന്‍ഷീറിെന്‍റ മൊബൈല്‍ഫോണ്‍ തട്ടിയെടുത്തതു സംബന്ധിച്ചായിരുന്നു തര്‍ക്കം. പ്രശ്നപരിഹാരത്തിന് എസ്ഐ അനൂപ് ആവശ്യപ്പെട്ടതനുസരിച്ച് ഇരുവരും വ്യാഴാഴ്ച വൈകിട്ടോടെ സ്റ്റേഷനിലെത്തി. ഇരുഭാഗവും കേട്ടശേഷം മൊബൈല്‍ഫോണ്‍ എത്രയുംവേഗം തിരിച്ചുനല്‍കാന്‍ പൊന്നനോട് എസ്ഐ പറഞ്ഞു. എസ്ഐ പട്രോളിങ്ങിന് പുറത്തേക്കു പോവുകയുംചെയ്തു.

ഈ സമയം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹിയും നഗരസഭാ കൗണ്‍സിലറുമായ തമ്പി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ നാല്‍പ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി. ഒത്തുതീര്‍പ്പ് സ്വീകാര്യമല്ലെന്നു പറഞ്ഞ് സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരോട് കയര്‍ത്തു. വഴങ്ങാതിരുന്ന കോണ്‍സ്റ്റബിളിനെ തള്ളി. സ്റ്റേഷനുമുന്നില്‍നിന്ന് പരസ്യമായി അസഭ്യംപറഞ്ഞ് മുദ്രാവാക്യം മുഴക്കി. തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ അതിക്രമിച്ചുകയറി ഫര്‍ണിച്ചര്‍ അടിച്ചുതകര്‍ത്തത്. ആക്രമണത്തിനു ശേഷം പ്രവര്‍ത്തകര്‍ സ്റ്റേഷനുമുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. സ്റ്റേഷന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്നതരത്തിലായിരുന്നു ഇത്.

ഇതിനിടെ പൊന്നന്‍ നെഞ്ചുവേദന അഭിനയിച്ച് ആശുപത്രിയില്‍ പോകണമെന്നു പറഞ്ഞു. പൊലീസുകാര്‍ തന്നെ പൊന്നനെ ആശുപത്രിയിലാക്കുകയുംചെയ്തു. തുടര്‍ന്നും മണിക്കൂറുകളോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയിട്ടും പൊലീസ് നടപടിയൊന്നുമെടുത്തില്ല. പിന്നീട് ഇവര്‍ സ്വയം പിരിഞ്ഞു. സ്റ്റേഷനില്‍ ആക്രമണം അഴിച്ചുവിടുകയും പൊലീസുകാരെ കൈയേറ്റംചെയ്യുകയും ചെയ്തവര്‍ക്കെതിരെ പൊലീസ് പെറ്റിക്കേസ്പോലും എടുത്തിട്ടില്ല.

deshabhimani 150711

1 comment:

  1. നാല്‍പ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പള്ളുരുത്തി പൊലീസ്സ്റ്റേഷന്‍ കൈയേറി മണിക്കൂറുകളോളം സ്റ്റേഷന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു. പൊലീസുകാരെ അസഭ്യം പറഞ്ഞ് കൈയേറ്റത്തിനു മുതിര്‍ന്ന സംഘം ഓഫീസ് ഫര്‍ണിച്ചര്‍അടിച്ചുതകര്‍ത്തു.

    ReplyDelete