Thursday, July 21, 2011

സൊമാലിയന്‍ പ്രദേശങ്ങള്‍ ക്ഷാമബാധിതം: ഐക്യരാഷ്ട്രസഭ

മൊഗാദിഷു: തെക്കന്‍  സൊമാലിയയിലെ രണ്ടു പ്രദേശങ്ങളെ ഐക്യരാഷ്ട്രസഭ ക്ഷാമബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിലായ  തെക്കന്‍ ബക്കൂല്‍, ലോവര്‍ ഷബല്ലെ പ്രദേശങ്ങളെ ക്ഷാമബാധിത പ്രദേശങ്ങളായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. കഴിഞ്ഞ അറുപതു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയാണ്  സൊമാലിയയെ ബാധിച്ചത്.

കടുത്ത വേനലിനൊപ്പം ആഭ്യന്തരയുദ്ധം കൂടിയായപ്പോള്‍ സൊമാലിയ ശരിക്കും കൊടുംപട്ടിണിയിലായി. സൊമാലിയയിലെ തീവ്രവാദ സംഘങ്ങളില്‍ നിന്നും ദൗത്യസംഘങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ഐക്യരാഷ്ട്രസഭ സൊമാലിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അല്‍ഖ്വയ്ദയുമായി ബന്ധമുളള അല്‍ ഷബാബ് സംഘത്തിന് നിര്‍ണായകമായ സ്വാധീനമുളള പ്രദേശമാണ് സൊമാലിയ.

നേരത്തേ അമുസ്‌ലിങ്ങള്‍ സൊമാലിയയില്‍ സേവനപ്രവര്‍ത്തനങ്ങല്‍ നടത്തുന്നത് അല്‍ ഷബാബ് വിലക്കിയിരുന്നു. രഹസ്യ അജണ്ടയുമായാണ്  ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുളളവര്‍ രാജ്യത്ത് പ്രവര്‍ത്തനം നടത്തുന്നതെന്നായിരുന്നു അല്‍ ഷബാബിന്റെ ആരോപണം. എന്നാല്‍ ഭക്ഷ്യക്ഷാമം രൂക്ഷമാകുകയും ലക്ഷക്കണക്കിനു പേര്‍ രാജ്യം വിട്ടുപോകുകയും ചെയ്യുന്ന അവസ്ഥയുണ്ടായപ്പോള്‍ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അല്‍ ഷബാബ് തയ്യാറായി. ഇതേ തുടര്‍ന്നാണ് സൊമാലിയയില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലായത്.
കിഴക്കന്‍ ആഫ്രിക്കയില്‍ 10 ദശലക്ഷത്തോളം പേര്‍ വരള്‍ച്ചയുടെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നതായാണ് വിലയിരുത്തല്‍. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ വരള്‍ച്ചയാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഇതുവരെ 166,000 സൊമാലിയക്കാര്‍ തൊട്ടടുത്തുളള എത്യോപ്യയിലേക്കും കെനിയയിലേക്കും പലായനം ചെയ്തു. കെനിയ ഐക്യരാഷ്ട്രസഭയുടെ അഭ്യര്‍ഥന പ്രകാരം മറ്റൊരു അഭയാര്‍ഥി ക്യാമ്പു കൂടി തുറന്നിട്ടുണ്ട്.

വരള്‍ച്ച, ദാരിദ്ര്യം, ആഭ്യന്തരയുദ്ധം എന്നിവ മൂന്നും കൂടിച്ചേര്‍ന്നാണ് സൊമാലിയയെ ഇത്രയേറെ ദുരിതത്തിലാക്കിയത്. സൊമാലിയയിലെ 30 ശതമാനത്തോളം കുട്ടികളും പോഷകാഹാര ദൗര്‍ലഭ്യം നേരിടുന്നവരാണെന്ന് വിലയിരുത്തപ്പെടുന്നു. 10,000 കുട്ടികളില്‍ നാലുപേര്‍ ദിവസവും മരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  കടുത്ത ദാരിദ്ര്യം മുതലാക്കി കുട്ടികളുള്‍പ്പെടെയുളളവരെ തീവ്രവാദസംഘങ്ങളിലേക്ക് ആകര്‍ഷിക്കാനുളള അല്‍ ഷബാബ് വിഭാഗത്തിന്റെ ശ്രമവും ഏറെ ആശങ്കയുണര്‍ത്തുന്നുണ്ട്.

janayugom 210711

1 comment:

  1. തെക്കന്‍ സൊമാലിയയിലെ രണ്ടു പ്രദേശങ്ങളെ ഐക്യരാഷ്ട്രസഭ ക്ഷാമബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. കടുത്ത ദാരിദ്ര്യത്തിന്റെ പിടിയിലായ തെക്കന്‍ ബക്കൂല്‍, ലോവര്‍ ഷബല്ലെ പ്രദേശങ്ങളെ ക്ഷാമബാധിത പ്രദേശങ്ങളായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. കഴിഞ്ഞ അറുപതു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് സൊമാലിയയെ ബാധിച്ചത്.

    ReplyDelete