Wednesday, July 20, 2011

മാനം കെട്ടെന്ന് മര്‍ഡോക്; കുമ്പസാരിച്ച് കൈകഴുകി

ലണ്ടന്‍ : ലോക മാധ്യമചരിത്രത്തിലെ ഏറ്റവും അപമാനകരമായ ലണ്ടന്‍ ടാബ്ലോയിഡിന്റെ ഫോണ്‍ ഹാക്കിങ് സംഭവത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ജനസഭാ സമിതിയുടെ മുമ്പാകെ റൂപര്‍ട് മര്‍ഡോക്കിന്റെ കുമ്പസാരം. തന്റെ ഉടമസ്ഥതയിലുള്ള "ന്യൂസ് ഓഫ് ദ വേള്‍ഡ്" ടാബ്ലോയിഡ്, കൊല്ലപ്പെട്ട ഒരു സ്കൂള്‍ വിദ്യാര്‍ഥിനിയുടെ ഫോണ്‍ ഹാക്ക് ചെയ്തത് തന്നെ നടുക്കുകയും വേദനിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്തെന്നു പറഞ്ഞ ആഗോള മാധ്യമ ഭീമന്‍ , പക്ഷേ വിവാദത്തെതുടര്‍ന്ന് പൂട്ടിയ ഞായറാഴ്ചപത്രത്തിന്റെ ഹാക്കിങ്ങില്‍ തനിക്ക് പങ്കില്ലെന്നു പറഞ്ഞ് കൈകഴുകി. ജനസഭയുടെ സാംസ്കാരിക, മാധ്യമ, കായിക സമിതിയുടെ രൂക്ഷവിചാരണയ്ക്കു മുന്നില്‍ വിയര്‍ത്ത മര്‍ഡോക് ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും നാണംകെട്ട ദിനമാണെന്ന് പരിതപിച്ചു. പാര്‍ലമെന്റ് അംഗങ്ങളുടെ ചോദ്യശരങ്ങള്‍ നേരിടാന്‍ എണ്‍പതുകാരനായ മര്‍ഡോക്കിനെ പലപ്പോഴും മകന്‍ ജെയിംസ് മര്‍ഡോക് സഹായിക്കുന്നുണ്ടായിരുന്നു. റൂപര്‍ട് മര്‍ഡോക്കിനൊപ്പം ജെയിംസും ടാബ്ലോയിഡിന്റെയും അതിന്റെ മാതൃസ്ഥാപനമായ ന്യൂസ് ഇന്റര്‍നാഷണലിന്റെയും മുന്‍ എഡിറ്റര്‍ റെബേക്ക ബ്രൂക്സും വിവാദത്തില്‍ ജോലി നഷ്ടപ്പെട്ട മുന്‍ ലണ്ടന്‍ പൊലിസ് ഉന്നതരും ജനസഭാ സമിതിക്കു മുന്നില്‍ ഹാജരായി മൊഴി നല്‍കി.

ബ്രിട്ടീഷ് മാധ്യമരംഗത്ത് 40 വര്‍ഷത്തെ അനുഭവപാരമ്പര്യമുള്ള മര്‍ഡോക് ആദ്യമായാണ് ഒരു പാര്‍ലമെന്ററി സമിതിയുടെ പ്രതിക്കൂട്ടിലാകുന്നത്. ന്യൂസ് ഓഫ് ദ വേള്‍ഡ് വിവരങ്ങള്‍ ലഭിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിയെന്ന് റെബേക്ക ബ്രൂക്സ് വര്‍ഷങ്ങള്‍ക്കുമുമ്പ് പാര്‍ലമെന്റിനോട് സമ്മതിച്ചത് സംബന്ധിച്ച ചോദ്യം മര്‍ഡോക്കിനെ വിഷമത്തിലാക്കി. ഇക്കാര്യം താന്‍ അന്വേഷിച്ചില്ലെന്നായിരുന്നു മറുപടി. അതെന്തുകൊണ്ടാണെന്ന് ചോദ്യമുയര്‍ന്നപ്പോള്‍ അത് തനിക്കറിയില്ലെന്ന് മര്‍ഡോക് പറഞ്ഞു. ന്യൂസ് ഓഫ് ദ വേള്‍ഡ് 53,000 പേര്‍ ജോലി ചെയ്യുന്ന തന്റെ ന്യൂസ് കോര്‍പറേഷന്റെ ഒരു ശതമാനമേ വരൂവെന്ന് പറഞ്ഞ് തടിതപ്പാനായി പിന്നെ ശ്രമം. ഹാക്കിങ്ങിനിരയായവര്‍ക്ക് കേസ് ഒത്തുതീര്‍പ്പാക്കാന്‍ തന്റെ കമ്പനി വലിയ തുക നല്‍കിയതിനെക്കുറിച്ചും തന്നെ ആരും ധരിപ്പിച്ചിട്ടില്ലെന്നു പറഞ്ഞ് മര്‍ഡോക് അജ്ഞത പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി ഡേവിഡ് കാമറോണും മറ്റ് നേതാക്കളുമായുള്ള മര്‍ഡോക്കിന്റെ ബന്ധത്തെകുറിച്ചും അംഗങ്ങള്‍ വിചാരണചെയ്തു. ഹാക്കിങ് സംഭവത്തില്‍ സമിതിമുമ്പാകെ ക്ഷമാപണം നടത്തിയ ജെയിംസ് മര്‍ഡോക് ഈ പ്രവൃത്തികള്‍ തങ്ങളുടെ കമ്പനി ആഗ്രഹിക്കുന്ന നിലവാരത്തിലുള്ളതല്ലെന്നു പറഞ്ഞു. വിവാദമുണ്ടായപ്പോള്‍ കമ്പനി കഴിയുന്നത്ര വേഗത്തിലും സുതാര്യമായും നടപടിയെടുത്തെന്നും മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യത്തിന്റെ യൂറോപ്യന്‍ശാഖയെ നയിക്കുന്ന ജെയിംസ് അവകാശപ്പെട്ടു. ലണ്ടന്‍ പൊലീസിലെ 45 പ്രസ് ഓഫീസര്‍മാരില്‍ 10 പേര്‍ മര്‍ഡോക്കിന്റെ ന്യൂസ് ഇന്റര്‍നാഷണലിനുവേണ്ടി ജോലി ചെയ്തതായി വിവാദംമൂലം സ്ഥാനം ഒഴിയേണ്ടിവന്ന മുന്‍ പൊലീസ് മേധാവി പോള്‍ സ്റ്റീഫന്‍സണ്‍ പറഞ്ഞു. മര്‍ഡോക് മൊഴിനല്‍കാന്‍ ആദ്യം നേരത്തെ എത്തിയപ്പോള്‍ അവിടെ മുമ്പേ തടിച്ചുകൂടിയിരുന്ന ജനങ്ങള്‍ കാര്‍ വളഞ്ഞു. തുടര്‍ന്ന് സ്ഥലംവിട്ട മര്‍ഡോക് പിന്നെ വിചാരണ തുടങ്ങുന്നതിന് അര മണിക്കൂര്‍മുമ്പാണ് വന്നത്. ഇതിനിടെ മര്‍ഡോക്കിന്റെ മറ്റൊരു ബ്രിട്ടീഷ് ടാബ്ലോയിഡായ ദ സണ്ണിന്റെ വെബ്സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തു. അത് സന്ദര്‍ശിച്ച വായനക്കാരെ മര്‍ഡോക് അദ്ദേഹത്തിന്റെ പുന്തോട്ടത്തില്‍ മരിച്ചുകിടക്കുന്നതായ വ്യാജവാര്‍ത്തയിലേക്കാണ് നയിച്ചത്.

ന്യൂസ് ഓഫ് ദ വേള്‍ഡ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച നിലയില്‍

ലണ്ടന്‍ : ബ്രിട്ടണിലെ ഫോണ്‍ ഹാക്കിങ് വിവാദം പുതിയ മേഖലയിലേക്ക്. വിവാദത്തെ തുടര്‍ന്ന് പൂട്ടിയ "ന്യൂസ് ഓഫ് ദ വേള്‍ഡി"ലെ മുന്‍ മാധ്യമപ്രവര്‍ത്തകനായ സേന്‍ ഹൊറേയെ അദ്ദേഹത്തിന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിവാദവുമായി ബന്ധപ്പെട്ട് രണ്ടാഴ്ചമുന്‍പ് ഹൊറേയെ അറസ്റ്റുചെയ്തിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് എഡിറ്റര്‍ സ്ഥാനത്തുനിന്നും അദ്ദേഹം രാജിവെക്കുകയും ചെയ്തു. വാല്‍ഫോഡിലെ വസതിയില്‍ തിങ്കളാഴ്ചയാണ് ഹൊറേയെ കണ്ടെത്തിയത്.

deshabhimani 200711

1 comment:

  1. ലോക മാധ്യമചരിത്രത്തിലെ ഏറ്റവും അപമാനകരമായ ലണ്ടന്‍ ടാബ്ലോയിഡിന്റെ ഫോണ്‍ ഹാക്കിങ് സംഭവത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ജനസഭാ സമിതിയുടെ മുമ്പാകെ റൂപര്‍ട് മര്‍ഡോക്കിന്റെ കുമ്പസാരം. തന്റെ ഉടമസ്ഥതയിലുള്ള "ന്യൂസ് ഓഫ് ദ വേള്‍ഡ്" ടാബ്ലോയിഡ്, കൊല്ലപ്പെട്ട ഒരു സ്കൂള്‍ വിദ്യാര്‍ഥിനിയുടെ ഫോണ്‍ ഹാക്ക് ചെയ്തത് തന്നെ നടുക്കുകയും വേദനിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്തെന്നു പറഞ്ഞ ആഗോള മാധ്യമ ഭീമന്‍ , പക്ഷേ വിവാദത്തെതുടര്‍ന്ന് പൂട്ടിയ ഞായറാഴ്ചപത്രത്തിന്റെ ഹാക്കിങ്ങില്‍ തനിക്ക് പങ്കില്ലെന്നു പറഞ്ഞ് കൈകഴുകി. ജനസഭയുടെ സാംസ്കാരിക, മാധ്യമ, കായിക സമിതിയുടെ രൂക്ഷവിചാരണയ്ക്കു മുന്നില്‍ വിയര്‍ത്ത മര്‍ഡോക് ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും നാണംകെട്ട ദിനമാണെന്ന് പരിതപിച്ചു. പാര്‍ലമെന്റ് അംഗങ്ങളുടെ ചോദ്യശരങ്ങള്‍ നേരിടാന്‍ എണ്‍പതുകാരനായ മര്‍ഡോക്കിനെ പലപ്പോഴും മകന്‍ ജെയിംസ് മര്‍ഡോക് സഹായിക്കുന്നുണ്ടായിരുന്നു. റൂപര്‍ട് മര്‍ഡോക്കിനൊപ്പം ജെയിംസും ടാബ്ലോയിഡിന്റെയും അതിന്റെ മാതൃസ്ഥാപനമായ ന്യൂസ് ഇന്റര്‍നാഷണലിന്റെയും മുന്‍ എഡിറ്റര്‍ റെബേക്ക ബ്രൂക്സും വിവാദത്തില്‍ ജോലി നഷ്ടപ്പെട്ട മുന്‍ ലണ്ടന്‍ പൊലിസ് ഉന്നതരും ജനസഭാ സമിതിക്കു മുന്നില്‍ ഹാജരായി മൊഴി നല്‍കി.

    ReplyDelete