Wednesday, July 20, 2011

ഗൂര്‍ഖാലാന്‍ഡ് പ്രവിശ്യ : അതിര്‍ത്തിനിര്‍ണയം പ്രതിസന്ധിയാകും

കൊല്‍ക്കത്ത: കൊട്ടിഘോഷിച്ച് ഒപ്പിട്ട ഗൂര്‍ഖാലാന്‍ഡ് പ്രവിശ്യാഭരണ കരാര്‍ തുടര്‍നടപടികള്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും കീറാമുട്ടിയാകും. 1988ല്‍ ഇടതുമുന്നണി ഭരണകാലത്ത് ഉണ്ടാക്കിയ ഡാര്‍ജിലിങ് ഗൂര്‍ഖാ ഹില്‍ കൗണ്‍സിലിനായി നിശ്ചയിച്ച പ്രദേശങ്ങള്‍ക്കു പുറമെ കൂടുതല്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള നീക്കം ഉത്തരബംഗാളില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയിരിക്കയാണ്.

1988ല്‍ ഡാര്‍ജിലിങ് ജില്ലയിലെ ഡാര്‍ജിലിങ്, കലിംപങ്, കര്‍സിയോങ് സബ് ഡിവിഷനുകളും സിലിഗുരി സബ് ഡിവിഷനിലെ ലോഹഗര്‍ ടീ ഗാര്‍ഡന്‍ , ലോഹഗര്‍ ഫോറസ്റ്റ്, രംഗ്മോഹന്‍ , ബരചെംഗ, പാനിഘട്ട, ഛോട്ട അദാല്‍പുര്‍ , പഹാരു, സുക്ന ഫോറസ്റ്റ്, പാന്‍ടപട്ടി ഫോറസ്റ്റ്, മഹാനദി ഫോറസ്റ്റ്, ചമ്പാസരി ഫോറസ്റ്റ്, സല്‍ബരി കഹത് ഫോറസ്റ്റ് എന്നീ വില്ലേജുകളും ചേര്‍ത്താണ് ഗൂര്‍ഖ ഹില്‍ കൗണ്‍സില്‍ രൂപീകരിച്ചത്. ഇപ്പോള്‍ ഒപ്പിട്ട കരാര്‍പ്രകാരം മുന്‍ ഗൂര്‍ഖ ഹില്‍ കൗണ്‍സിലിലെ പ്രദേശങ്ങള്‍ക്കു പുറമെ തരായ്, ദുവാര്‍സ്, സിലിഗുരി മേഖലകളിലെ അനുയോജ്യമായ വില്ലേജുകള്‍ കൂടി ചേര്‍ത്തായിരിക്കും പുതിയ പ്രവിശ്യാഭരണമേഖലയുടെ അതിര്‍ത്തി. അനുയോജ്യമായ വില്ലേജുകള്‍ കണ്ടെത്തുന്നതിന് സെന്‍സസ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഗൂര്‍ഖകള്‍ക്ക് ഭൂരിപക്ഷമില്ലാത്തതും ആദിവാസികളും മറ്റ് ജനവിഭാഗങ്ങളും കൂടുതലുള്ളതുമായ തരായ്, ദുവാര്‍സ് മേഖലകളിലെയും സിലിഗുരി മേഖലയിലെയും വില്ലേജുകളെ പ്രവിശ്യാഭരണ സംവിധാനത്തിനു കീഴില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.

പുതിയ പ്രവിശ്യാ ഭരണ കൗണ്‍സിലില്‍ 45 പ്രതിനിധികള്‍ ഉണ്ടാവും. ഇതില്‍ 40 പേരെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണം. അഞ്ച് പ്രതിനിധികളെ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കും. ഇപ്പോള്‍ത്തന്നെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയുടെ(ജിജെഎം) ഏകാധിപത്യപരമായ പ്രവര്‍ത്തനങ്ങളാണ് ഡാര്‍ജിലിങ് കുന്നുകളില്‍ . എതിരഭിപ്രായം പറയുന്നവരെ കൊന്നൊടുക്കുകയോ ആട്ടിയോടിക്കുകയോ ചെയ്യുകയെന്നതാണ് ജിജെഎമ്മിന്റെ പ്രവര്‍ത്തനരീതി. ജിഎന്‍എല്‍എഫ് നേതാവ് സുഭാഷ് ഗീഷിങ്ങിനെ 2008 മാര്‍ച്ചില്‍ ഡാര്‍ജിലിങ്ങില്‍നിന്ന് ആട്ടിയോടിച്ചത് ജിജെഎം പ്രവര്‍ത്തകരാണ്. ഗീഷിങ്ങിന് പിന്നീട് ഇതുവരെ ഡാര്‍ജിലിങ്ങിലെത്തി താമസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗൂര്‍ഖാലാന്‍ഡ് പ്രശ്നം ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്ന് വാദിച്ചിരുന്ന അഖില ഭാരതീയ ഗൂര്‍ഖ ലീഗ്(എബിജിഎല്‍) നേതാവ് മദന്‍ തമാങ്ങിനെ ജിജെഎം പ്രവര്‍ത്തകര്‍ പട്ടാപ്പകല്‍ ഡാര്‍ജിലിങ് നഗരത്തില്‍ വെട്ടി കൊലപ്പെടുത്തിയിരുന്നു.
(വി ജയിന്‍)

നിയമസഭയ്ക്കും പാര്‍ലമെന്റിനും മുന്നില്‍ ജനപ്രതിനിധികളുടെ ധര്‍ണ

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഭീഷണിമൂലം പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യത്തില്‍ പ്രതിഷേധിച്ച് നിയമസഭയ്ക്കും പാര്‍ലമെന്റിനുംമുന്നില്‍ ജനപ്രതിനിധികള്‍ ധര്‍ണ നടത്തും. ആഗസ്ത് 10ന് കൊല്‍ക്കത്തയില്‍ നിയമസഭയ്ക്കുമുന്നിലും ആഗസ്ത് 25ന് ഡല്‍ഹിയില്‍ പാര്‍ലമെന്റിനുമുന്നിലും ജനപ്രതിനിധികള്‍ ധര്‍ണ നടത്തുമെന്ന് ഇടതുമുന്നണി യോഗത്തിനുശേഷം ചെയര്‍മാന്‍ ബിമന്‍ബസു പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷപാര്‍ടികളുടെ നിയന്ത്രണത്തിലുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ഒരു പ്രവര്‍ത്തനവും നടത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉപദേഷ്ടാക്കളാണ് തങ്ങളെന്ന് അവകാശപ്പെട്ട് എത്തുന്ന തൃണമൂല്‍ പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നതനുസരിച്ച് മാത്രം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണം. അതിന് തയ്യാറല്ലാത്തവരെ നിര്‍ദയം ആക്രമിക്കും. "ഉപദേഷ്ടാക്കള്‍" പദ്ധതികള്‍ തയ്യാറാക്കും. അവര്‍ പറയുന്ന കാര്യങ്ങള്‍ക്കെല്ലാം പണം ചെലവഴിക്കണം. പഞ്ചായത്ത്രാജ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ അവര്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ക്ക് പണം കൊടുക്കണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുപകരം സംസ്ഥാന സര്‍ക്കാര്‍ അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. കോളേജ് യൂണിയനുകള്‍ , ട്രേഡ് യൂണിയനുകള്‍ തുടങ്ങി ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന എല്ലാ സംവിധാനങ്ങളെയും തൃണമൂല്‍ കടന്നാക്രമിക്കുകയാണ്- ബിമന്‍ബസു പറഞ്ഞു.
(വി ജയിന്‍)

deshabhimani 200711

1 comment:

  1. കൊട്ടിഘോഷിച്ച് ഒപ്പിട്ട ഗൂര്‍ഖാലാന്‍ഡ് പ്രവിശ്യാഭരണ കരാര്‍ തുടര്‍നടപടികള്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും കീറാമുട്ടിയാകും. 1988ല്‍ ഇടതുമുന്നണി ഭരണകാലത്ത് ഉണ്ടാക്കിയ ഡാര്‍ജിലിങ് ഗൂര്‍ഖാ ഹില്‍ കൗണ്‍സിലിനായി നിശ്ചയിച്ച പ്രദേശങ്ങള്‍ക്കു പുറമെ കൂടുതല്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള നീക്കം ഉത്തരബംഗാളില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയിരിക്കയാണ്.

    ReplyDelete