Tuesday, July 19, 2011

ബ്രിട്ടീഷ് പൊലീസ് തലവന്‍ രാജിവച്ചു; മര്‍ഡോക്കിനെ ഇന്ന് ജനസഭ പൊരിക്കും

ലണ്ടന്‍ : മാധ്യമ ഭീകരന്‍ റൂപര്‍ട് മര്‍ഡോക്കിന്റെ ബ്രിട്ടീഷ് ടാബ്ലോയിഡ് ഉള്‍പ്പെട്ട ഫോണ്‍ ഹാക്കിങ് വിവാദത്തില്‍ കൂടുതല്‍ തലകള്‍ ഉരുളുന്നു. പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ സ്ഥാനത്തിനു വരെ ഭീഷണി ഉയര്‍ത്തുന്ന വിവാദത്തില്‍ ബ്രിട്ടനിലെ പരമോന്നത പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു. വിവാദത്തെ തുടര്‍ന്ന് പൂട്ടിയ "ന്യൂസ് ഓഫ് ദ വേള്‍ഡ്" ടാബ്ലോയിഡില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചവരില്‍ നിന്ന് സൗജന്യങ്ങള്‍ പറ്റിയതായി റിപ്പോര്‍ട്ടുള്ള മെട്രോപൊളിറ്റന്‍ പൊലീസ് കമീഷണര്‍ പോള്‍ സ്റ്റീഫന്‍സനാണ് രാജിവച്ചത്. ഹാങ്ങിങ് നടന്ന കാലത്ത് ടാബ്ലോയിഡിന്റെ എഡിറ്ററായിരുന്ന റെബേക്ക ബ്രൂക്സിനെ പൊലീസ് അറസ്റ്റുചെയ്ത് മണിക്കൂറുകള്‍ക്കകമാണ് സ്റ്റീഫന്‍സണ്‍ രാജിവച്ചത്.

ഞായറാഴ്ച അറസ്റ്റിലായ റെബേക്കയെ 12 മണിക്കൂറിലേറെ ചോദ്യം ചെയ്തശേഷം തിങ്കളാഴ്ച പുലര്‍ച്ചെ ജാമ്യത്തില്‍ വിട്ടു. റെബേക്ക ചൊവ്വാഴ്ച മര്‍ഡോക്കിനും മര്‍ഡോക്കിന്റെ മകന്‍ ജെയിംസ് മര്‍ഡോക്കിനുമൊപ്പം ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ജനസഭയുടെ സാംസ്കാരിക, മാധ്യമ, കായികസമിതി മുമ്പാകെ ഹാജരാകേണ്ടിയിരിക്കെയാണ് അവരെ ജാമ്യത്തില്‍ വിട്ടത്. ഹാക്കിങ് വിവാദത്തിലെ പ്രധാനിയായ റെബേക്കെ പാര്‍ലമെന്റ് സമിതി മുമ്പാകെ ഹാജരായി മൊഴിനല്‍കുന്നത് അട്ടിമറിക്കാനാണ് തിരക്കിട്ട് അറസ്റ്റുചെയ്തതെന്ന വിമര്‍ശമുയര്‍ന്നതിനു പിന്നാലെയാണ് അവരെ ജാമ്യത്തില്‍ വിട്ടത്. ബ്രിട്ടനില്‍ മര്‍ഡോക്കിന്റെ മാധ്യമ ശൃംഖല നയിക്കുന്ന ന്യൂസ് ഇന്റര്‍നാഷണലിന്റെ തലവനാണ് ജെയിംസ് മര്‍ഡോക്. ന്യൂസ് ഓഫ് ദ വേള്‍ഡ് ഡെപ്യൂട്ടി എഡിറ്ററായിരുന്ന നീല്‍ വാലിസ് പബ്ലിക് റിലേഷന്‍സ് കണ്‍സള്‍ട്ടന്റായ ആഡംബര സ്പായില്‍ ഈ വര്‍ഷമാദ്യം അഞ്ചാഴ്ചത്തെ "സുഖചികിത്സ" ലഭിച്ചെന്ന റിപ്പോര്‍ട്ടാണ് പൊലീസ് തലവന് വിനയായത്. ആറുവര്‍ഷം മുമ്പുയര്‍ന്നുവന്ന ഹാക്കിങ് വിവാദം ഈ വര്‍ഷമാദ്യം പുനരന്വേഷിക്കാന്‍ ആരംഭിച്ചശേഷം, മെട്രോപൊളിറ്റന്‍ പൊലീസ് രണ്ടു മാസം മുമ്പ് ടാബ്ലോയിഡ് വിട്ട വാലിസിനെ ഉപദേഷ്ടാവാക്കിയതും ചോദ്യമായി. വാലിസിനെ കഴിഞ്ഞ ആഴ്ച അറസ്റ്റുചെയ്തിരുന്നു.

ഇതിനിടെ, നാലുദിവസത്തെ സന്ദര്‍ശനത്തിന് ആഫ്രിക്കയില്‍ എത്തിയ പ്രധാനമന്ത്രി കാമറോണ്‍ പരിപാടി പാതിവഴിയില്‍ വെട്ടിച്ചുരുക്കി. ബുധനാഴ്ച ജനസഭയുടെ പ്രത്യേക സമ്മേളനത്തില്‍ വിശദീകരണം നല്‍കാന്‍ കാമറോണ്‍ എത്തും. റെബേക്കയുമായി അടുത്ത ബന്ധമുണ്ടായിരുന്ന കാമറോണ്‍ , ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ മുന്‍ എഡിറ്റര്‍ ആന്‍ഡി കോള്‍സണെ കഴിഞ്ഞ മാര്‍ച്ചില്‍ തന്റെ ഗ്രാമീണ വസതിയിലേക്ക് ക്ഷണിച്ചതും വിവാദമായിരിക്കുകയാണ്. കോള്‍സണ്‍ കാമറോണിന്റെ മാധ്യമത്തലവന്‍ സ്ഥാനം രാജിവച്ച് രണ്ടു മാസം കഴിഞ്ഞുണ്ടായ ഈ കൂടിക്കാഴ്ച ഹാക്കിങ് വിവാദത്തില്‍ അന്വേഷണം ആരംഭിച്ചശേഷമായിരുന്നു. ന്യൂസ് കോര്‍പറേഷന്റെ ഓഹരി വിലയില്‍ കനത്ത ഇടിവുണ്ടായി. വിവാദമുയര്‍ന്ന ശേഷം ഓസ്ട്രേലിയയില്‍ ന്യൂസ് കോര്‍പറേഷന്‍ ഓഹരി വിലയിലുണ്ടായ ഇടിവ് 19 ശതമാനമായി. അമേരിക്കയില്‍ ഇക്കാലയളവില്‍ 11 ശതമാനം ഇടിഞ്ഞു.

deshabhimani 190711

1 comment:

  1. മാധ്യമ ഭീകരന്‍ റൂപര്‍ട് മര്‍ഡോക്കിന്റെ ബ്രിട്ടീഷ് ടാബ്ലോയിഡ് ഉള്‍പ്പെട്ട ഫോണ്‍ ഹാക്കിങ് വിവാദത്തില്‍ കൂടുതല്‍ തലകള്‍ ഉരുളുന്നു. പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ സ്ഥാനത്തിനു വരെ ഭീഷണി ഉയര്‍ത്തുന്ന വിവാദത്തില്‍ ബ്രിട്ടനിലെ പരമോന്നത പൊലീസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു. വിവാദത്തെ തുടര്‍ന്ന് പൂട്ടിയ "ന്യൂസ് ഓഫ് ദ വേള്‍ഡ്" ടാബ്ലോയിഡില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചവരില്‍ നിന്ന് സൗജന്യങ്ങള്‍ പറ്റിയതായി റിപ്പോര്‍ട്ടുള്ള മെട്രോപൊളിറ്റന്‍ പൊലീസ് കമീഷണര്‍ പോള്‍ സ്റ്റീഫന്‍സനാണ് രാജിവച്ചത്. ഹാങ്ങിങ് നടന്ന കാലത്ത് ടാബ്ലോയിഡിന്റെ എഡിറ്ററായിരുന്ന റെബേക്ക ബ്രൂക്സിനെ പൊലീസ് അറസ്റ്റുചെയ്ത് മണിക്കൂറുകള്‍ക്കകമാണ് സ്റ്റീഫന്‍സണ്‍ രാജിവച്ചത്.

    ReplyDelete