Tuesday, July 19, 2011

കള്ളനാണയങ്ങളെ തിരിച്ചറിയണം

വോട്ടിനു കോഴനല്‍കിയ കേസില്‍ സമാജ്വാദി പാര്‍ടി നേതാവ് അമര്‍സിങ് പ്രതിസ്ഥാനത്തേക്ക് പോകുന്നു. ഒന്നാം യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താനാണ് എംപിമാര്‍ക്ക് കോഴനല്‍കിയത്. കോഴപ്പണംകൊണ്ട് അധികാരം നിലനിര്‍ത്തിയ മന്‍മോഹന്‍സിങ് ഇന്നും പ്രധാനമന്ത്രിയാണ്. മന്‍മോഹന്‍ സിങ്ങിനുവേണ്ടി അമര്‍സിങ് കോഴ നല്‍കി എന്ന് തെളിയുമ്പോള്‍ രണ്ടുപേരും കുറ്റവാളികളാണ് എന്നാണ് മനസ്സിലാക്കേണ്ടത്. തെരഞ്ഞെടുപ്പുകാലത്ത് കോണ്‍ഗ്രസ് കള്ളപ്പണംകൊണ്ടാണ് കളിച്ചത്. കള്ളപ്പണക്കാരെ സംരക്ഷിക്കാന്‍ യുപിഎ സര്‍ക്കാര്‍ നേരിട്ട് പരിശ്രമിച്ചെന്ന് പരമോന്നത കോടതിക്കുതന്നെ പറയേണ്ടിവന്നു. വിദേശബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിലും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിലും കേന്ദ്രം തുടരെത്തുടരെ വീഴ്ച വരുത്തിയ സാഹചര്യത്തില്‍ സുപ്രീംകോടതി നേരിട്ട് അന്വേഷണസംഘത്തെ നിയോഗിച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജിമാര്‍ അധ്യക്ഷനും ഉപാധ്യക്ഷനുമായ ആ അന്വേഷണസംഘത്തെ ഇല്ലാതാക്കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കയാണ്. 2ജി സ്പെക്ട്രമടക്കമുള്ള വമ്പന്‍ കുംഭകോണക്കേസുകളുടെ അന്വേഷണം ഒരു ഭാഗത്തുമാത്രമേ നടക്കുന്നുള്ളൂ.

കുറ്റകൃത്യങ്ങളെക്കുറിച്ചന്വേഷിക്കുമ്പോള്‍ അതുകൊണ്ട് ആര്‍ക്കാണ് പ്രയോജനമുണ്ടായത് എന്നാണ് പ്രാഥമികമായി പരിശോധിക്കുക. ഇവിടെ കള്ളപ്പണമായാലും 2ജി സ്പെക്ട്രമായാലും വോട്ടിനു കോഴയായാലും പ്രധാന ഗുണഭോക്താക്കള്‍ കോണ്‍ഗ്രസാണ്്. അന്വേഷണം അങ്ങോട്ടുമാത്രം എത്തുന്നില്ല. അഴിമതി മാനംമുട്ടെ വളര്‍ത്തുകയാണ് ആ പാര്‍ടി. അതോടൊപ്പം ഏറ്റവും നികൃഷ്ടമായ രീതികള്‍ രാഷ്ട്രീയത്തില്‍ പ്രോത്സാഹിപ്പിക്കാനും മടിക്കുന്നില്ല. കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ വന്ന വഴി എന്നപോലെ സഞ്ചരിക്കുന്നവഴികളും മലീമസമാണ്. കഴിഞ്ഞ ദിവസം കലിക്കറ്റ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ആ സര്‍വകലാശാലയുടെ പ്രിന്റിങ് പ്രസില്‍ അപ്രന്റിസായിരിക്കെ പുറത്താക്കപ്പെട്ട ഒരാളെ നിര്‍ദേശിച്ചുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ വാര്‍ത്ത സൃഷ്ടിച്ചത്. വിസി നിയമനത്തിന് ശുപാര്‍ശ നല്‍കേണ്ട സമിതിയില്‍ സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറിതന്നെയാണ് അക്കാദമിക് സമൂഹത്തെ ലജ്ജിപ്പിച്ച ആ നിര്‍ദേശം മുന്നോട്ടുവച്ചത്. നാനാഭാഗത്തുനിന്നും എതിര്‍പ്പും ആക്ഷേപവുമുയര്‍ന്നപ്പോള്‍ അതില്‍നിന്ന് ഉമ്മന്‍ചാണ്ടിക്ക് പിന്മാറേണ്ടിവന്നു. എന്നാല്‍ , തങ്ങള്‍ചെയ്ത പരിഹാസ്യവൃത്തിയില്‍ വിദ്യാഭ്യാസവകുപ്പ് ഭരിക്കുന്ന മുസ്ലിംലീഗിന് തെല്ലും കുറ്റബോധമില്ല. അവര്‍ ഇപ്പോഴും ന്യായവാദങ്ങളുയര്‍ത്തുകയാണ്്. "സ്വാധീന"മുണ്ടെങ്കില്‍ ആരെയും ഏതുസ്ഥാനത്തും ഇരുത്തും എന്നതാണ് ഭരണാധികാരികളുടെ ധാര്‍ഷ്ട്യം. കേസില്‍നിന്ന് രക്ഷപ്പെടാന്‍ യുഡിഎഫിലെ ചില പ്രമുഖര്‍ ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്തതും മറ്റുമായ നിരവധി കഥകള്‍ മലയാളികളുടെ മനസ്സിലുണ്ട്. രാഷ്ട്രീയ എതിരാളികളെ അപവാദം പറഞ്ഞും കള്ളക്കേസുകള്‍ കൊടുത്തും തേജോവധംചെയ്യുന്നതിന്റെ നിരവധി ഉദാഹരണങ്ങളും നാം കണ്ടിരിക്കുന്നു. ഇപ്പോഴിതാ സ്വന്തം നേതാവിനെ തകര്‍ത്ത് സ്ഥാനംനേടാന്‍ മറ്റൊരു നേതാവ് അശ്ലീലം കലര്‍ന്ന കഥ പ്രചരിപ്പിക്കുകയും കേസ് സൃഷ്ടിക്കുകയും ചെയ്തു എന്ന വിവാദം യുഡിഎഫില്‍ ആളിക്കത്തുകയാണ്.

വ്യാജരേഖ ചമച്ച് നേതാവിനെ അപമാനിച്ച അനുഭവം കോണ്‍ഗ്രസില്‍ മുമ്പുണ്ടായിട്ടുണ്ട്. അതിനേക്കാള്‍ എത്രയോ താഴ്ന്നതാണ് പുതിയ സംഭവം. പി ജെ ജോസഫ് മന്ത്രിയാകുന്നത് തടയാന്‍ പി സി ജോര്‍ജിന്റെ പങ്കാളിത്തത്തോടെ അശ്ലീല എസ്എംഎസ് കേസുണ്ടാക്കി എന്നാണ് കേസിലെ ഒന്നാം സാക്ഷിതന്നെ ഏറ്റുപറഞ്ഞിരിക്കുന്നത്. കുറ്റകൃത്യം ചെയ്തെന്ന് ആരോപിക്കപ്പെടുന്നയാള്‍ സര്‍ക്കാരിന്റെ ചീഫ് വിപ്പാണിന്ന്. അദ്ദേഹത്തിനെതിരെ എന്തെങ്കിലും നിയമ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കോ നിയമവകുപ്പ് കൈയാളുന്ന ധനമന്ത്രി കെ എം മാണിക്കോ തോന്നുന്നില്ല. യുഡിഎഫിന്റെ ഭൂരിപക്ഷം നേരിയതാണ്. അതുകൊണ്ട് ഏത് എംഎല്‍എക്കും എന്തും ചെയ്യാനുള്ള ലൈസന്‍സ് കൊടുത്തിരിക്കുന്നുവോ ഉമ്മന്‍ചാണ്ടി? പി ജെ ജോസഫിനെതിരെ എസ്എംഎസ് കേസ് ഉണ്ടാക്കിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും കൈയാമം വയ്ക്കാനും ധൈര്യമുണ്ടോ ഈ സര്‍ക്കാരിന് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അങ്ങനെയൊരു നട്ടെല്ലുണ്ടെങ്കില്‍ എന്നേ അറസ്റ്റ് നടന്നേനെ. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ മറ്റു നേതാക്കള്‍ അധികാരത്തിന്റെ അപ്പക്കഷണം കൈവിട്ടുപോകാതിരിക്കാനാകണം മൗനംദീക്ഷിക്കുന്നു. ചിലരെ ഭീഷണിപ്പെടുത്തി; മറ്റുചിലരെ പ്രലോഭിപ്പിച്ച്; ഇനിയും ചിലരെ ബ്ലാക്ക് മെയില്‍ചെയ്ത്- കറുത്ത രാഷ്ട്രീയത്തിന്റെ വക്താക്കള്‍ യുഡിഎഫിനെ വിഴുങ്ങിയിരിക്കയാണ്. രാഷ്ട്രീയ എതിരാളികളെ ലൈംഗിക അപവാദത്തില്‍പ്പെടുത്തിയും കള്ളക്കേസുകളില്‍ കുടുക്കിയും കാര്യം നേടുന്നവരും അവരുടെ കൂലിക്കാരും അരങ്ങുവാഴുമ്പോള്‍ പൊതുജീവിതത്തിലെ സംശുദ്ധി എന്ന സങ്കല്‍പ്പംതന്നെ പൊട്ടിത്തകരുന്നു. നാടിനെ ഇത്തരമൊരു ദുരവസ്ഥയിലേക്ക് തള്ളിയിടുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് കാണാതിരിക്കാനാകില്ല. അഴിമതിക്കാരെയും കള്ളനാണയങ്ങളെയും തുറന്നുകാട്ടാനല്ല അവരുടെ ഉപജാപങ്ങളില്‍ പങ്കാളികളാകാനാണ് ഭൂരിപക്ഷം മാധ്യമങ്ങളും തയ്യാറാകുന്നത്.

കുപ്രസിദ്ധ ക്രിമിനലും അനേകം കോടതികളില്‍നിന്ന് ആക്ഷേപമേറ്റുവാങ്ങിയ വ്യവഹാരിയുമായ ഒരാള്‍ക്ക് അനര്‍ഹമായ പ്രചാരണം കൊടുക്കരുതെന്ന് തീരുമാനിക്കാനുള്ള കെല്‍പ്പ് മാധ്യമങ്ങള്‍ക്കില്ലേ? പത്രവാര്‍ത്തകളിലൂടെയും ചാനല്‍ചര്‍ച്ചകളിലൂടെയും ജീവിക്കുന്ന അത്തരക്കാരെ തിരിച്ചറിഞ്ഞ് അര്‍ഹമായ അവജ്ഞയോടെ അകറ്റിനിര്‍ത്തിയാല്‍ത്തന്നെ പ്രശ്നം പാതി തീരും. അഴിമതിയും വോട്ടുകോഴയും കള്ളക്കേസും കള്ളപ്പണവും അനര്‍ഹര്‍ക്കുള്ള സ്ഥാനലബ്ധിയും ഉപജാപങ്ങളും വ്യാജവാര്‍ത്താ സൃഷ്ടിയുമെല്ലാം ചേര്‍ന്ന് കുഴഞ്ഞുമറിഞ്ഞ മലിനാന്തരീക്ഷത്തില്‍നിന്ന് നാടിനെയും ജനാധിപത്യത്തെയും രക്ഷിക്കാനുള്ള ഗൗരവമുള്ള പരിശ്രമങ്ങള്‍ ഉണ്ടായേ തീരൂ. കേവലം അരാഷ്ട്രീയമായ കൂടിച്ചേരലുകള്‍കൊണ്ട് എത്തിപ്പിടിക്കാവുന്ന ലക്ഷ്യമല്ല അത്. ലാഭംപെരുപ്പിക്കാന്‍ ആര്‍ത്തിപൂണ്ട മൂലധനമോഹങ്ങളുടെയും അധിനിവേശ തന്ത്രങ്ങളുടെയും സൃഷ്ടിയാണ് ഈ മാലിന്യം. അതിന് കൃത്യമായ രാഷ്ട്രീയമുണ്ട്. അത് വലതുപക്ഷ രാഷ്ട്രീയമാണ്. ഇത് തിരിച്ചറിഞ്ഞ് സംഘടിതമായ ചെറുത്തുനില്‍പ്പാണുണ്ടാകേണ്ടത്. നമുക്കുമുന്നിലുള്ള കള്ളനാണയങ്ങളെ തൊട്ടുകാട്ടി ഇതാ സമൂഹത്തിലെ കറുത്ത പുള്ളികള്‍ എന്ന് പറയാനാകണം. അത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന ഏതുശക്തിയെയും തുറന്നുകാട്ടാനാകണം. കേരളവും ഇന്ത്യയും അത്തരമൊരു മുന്‍കൈക്കായി പുരോഗമനശക്തികളെ ഉറ്റുനോക്കുന്നുണ്ട്.

deshabhimani editorial 190711

1 comment:

  1. വോട്ടിനു കോഴനല്‍കിയ കേസില്‍ സമാജ്വാദി പാര്‍ടി നേതാവ് അമര്‍സിങ് പ്രതിസ്ഥാനത്തേക്ക് പോകുന്നു. ഒന്നാം യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താനാണ് എംപിമാര്‍ക്ക് കോഴനല്‍കിയത്. കോഴപ്പണംകൊണ്ട് അധികാരം നിലനിര്‍ത്തിയ മന്‍മോഹന്‍സിങ് ഇന്നും പ്രധാനമന്ത്രിയാണ്. മന്‍മോഹന്‍ സിങ്ങിനുവേണ്ടി അമര്‍സിങ് കോഴ നല്‍കി എന്ന് തെളിയുമ്പോള്‍ രണ്ടുപേരും കുറ്റവാളികളാണ് എന്നാണ് മനസ്സിലാക്കേണ്ടത്. തെരഞ്ഞെടുപ്പുകാലത്ത് കോണ്‍ഗ്രസ് കള്ളപ്പണംകൊണ്ടാണ് കളിച്ചത്. കള്ളപ്പണക്കാരെ സംരക്ഷിക്കാന്‍ യുപിഎ സര്‍ക്കാര്‍ നേരിട്ട് പരിശ്രമിച്ചെന്ന് പരമോന്നത കോടതിക്കുതന്നെ പറയേണ്ടിവന്നു. വിദേശബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിലും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിലും കേന്ദ്രം തുടരെത്തുടരെ വീഴ്ച വരുത്തിയ സാഹചര്യത്തില്‍ സുപ്രീംകോടതി നേരിട്ട് അന്വേഷണസംഘത്തെ നിയോഗിച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജിമാര്‍ അധ്യക്ഷനും ഉപാധ്യക്ഷനുമായ ആ അന്വേഷണസംഘത്തെ ഇല്ലാതാക്കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കയാണ്. 2ജി സ്പെക്ട്രമടക്കമുള്ള വമ്പന്‍ കുംഭകോണക്കേസുകളുടെ അന്വേഷണം ഒരു ഭാഗത്തുമാത്രമേ നടക്കുന്നുള്ളൂ.

    ReplyDelete