സന്ദേശങ്ങള്‍ ബഹുവിധരൂപത്തില്‍ നമുക്കു മുന്നില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കാവ്യങ്ങളായി രൂപപ്പെട്ട സന്ദേശങ്ങളെ സാഹിത്യാസ്വാദകര്‍ കയ്യേറ്റു വാങ്ങിയിട്ടുമുണ്ട്. മയില്‍സന്ദേശവും മേഘസന്ദേശവും കാവ്യഗ്രന്ഥങ്ങളായി നമുക്കു മുന്നില്‍ എത്തിയവയാണ്. ഹംസം വഴിയുള്ള സന്ദേശം നളചരിതകാലം മുതലേ പ്രചുരപ്രചാരമായിട്ടുള്ളതാണ്. കാളിദാസന്റെ മേഘസന്ദേശത്തിന് ഉണ്ടായ വിവര്‍ത്തനങ്ങള്‍ ഒറ്റയക്കത്തില്‍ ഒതുങ്ങുന്നതല്ല. ഏറ്റവും മനോഹരമായ പരിഭാഷ തിരുനല്ലൂര്‍ കരുണാകരന്റേതാണ് എന്നാണ് പണ്ഡിതമതം. ''ഉത്തരാശയ്ക്കുപോകുന്ന നിന്‍വഴി, എത്രമാത്രം വളഞ്ഞാലുമെന്‍സഖേ, ഉദ്യമിക്കലാ വേണ്ടെന്നു വയ്ക്കുവാന്‍ ഉജ്ജയിനിതന്‍ സൗധാഗ്ര സൗഹൃദം'' എന്ന് നാടുകടത്തപ്പെട്ട യക്ഷന്‍ മേഘത്തോട് പറയുകയായിരുന്നു. ഉജ്ജയിനിയിലുള്ള കാമുകിക്കുള്ള സന്ദേശമാണ് യക്ഷന്‍ മേഘംവഴി നല്‍കിയത്. പുതുകാലത്ത് മന്‍മോഹന്‍സിംഗ് മേഘത്തിനു പകരം മാധ്യമ പ്രതിനിധികളെ ആശ്രയിച്ചുകൊണ്ട് തന്റെ സന്ദേശം കൈമാറുന്നത് ഭാരതീയ ജനത അനുഭവിച്ചറിയുന്നു.
സന്ദേശം വിലക്കയറ്റത്താല്‍ വീര്‍പ്പുമുട്ടുന്ന, തന്റെ ജനദ്രോഹനയങ്ങളാല്‍ കഷ്ടപ്പെടുന്ന ജനങ്ങളോടല്ല. സോണിയാഗാന്ധിയോടും അവരുടെ സല്‍പുത്രനായ, കോണ്‍ഗ്രസുകാരുടെ യുവരാജാവായ രാഹുല്‍ഗാന്ധിയോടുമാണ്. പണി മതിയാക്കി വീട്ടില്‍ പോയിരിക്കാന്‍ താന്‍ സന്നദ്ധനല്ലെന്ന വ്യക്തമായ സന്ദേശമാണ് അഞ്ചു പത്രാധിപന്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ മന്‍മോഹന്‍സിംഗ് പ്രകടിപ്പിച്ചത്. പ്രധാനമന്ത്രിപദത്തില്‍ കണ്ണുംനട്ട് കാത്തിരിക്കുന്ന ഒരാള്‍ക്കുവേണ്ടിയും താന്‍ വഴിമാറിക്കൊടുക്കില്ലെന്ന സന്ദേശം മാധ്യമപത്രാധിപന്മാരിലൂടെ സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും കൈമാറുകയായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. 'കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം' കൈവിടാനൊരുക്കമല്ലെന്ന വ്യക്തമായ സന്ദേശമാണ് മന്‍മോഹന്‍സിംഗ് നല്‍കിയിരിക്കുന്നത്.
''എഴുതാന്‍ വൈകിയ ചിത്രകഥയിലെ ഏഴഴകുള്ളൊരു നായിക നീ, എന്നനുരാഗ തപോവനസീമയില്‍ ഇന്നലെ വന്ന തപസ്വിനി നീ'' എന്നമട്ടില്‍ പ്രധാനമന്ത്രി കസേരയെ അനുരാഗവിവശനായി നോക്കികൊണ്ടിരിക്കുന്ന വ്യക്തിയാണ് രാഹുല്‍ഗാന്ധിയെന്ന് മന്‍മോഹന് പിടികിട്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ അനുരാഗപാരവശ്യത്തിന് സമീപകാലത്തൊന്നും സാക്ഷാല്‍ക്കാരം സാധ്യമല്ലെന്ന സന്ദേശമാണ് മന്‍മോഹന്‍സിംഗ് പത്രാധിപന്‍മാരിലൂടെ നല്‍കിയിരിക്കുന്നത്. അക്കരയും ഇക്കരയും നിന്നാല്‍ ആശ എങ്ങനെ തീരുമെന്ന് പാടാനാണ് രാഹുല്‍ഗാന്ധിയെ മന്‍മോഹന്‍സിംഗ് നിര്‍ബന്ധിക്കുന്നത്. തന്നെ പ്രധാനമന്ത്രിയായി നിശ്ചയിച്ചത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവുമാണെന്ന് പത്രാധിപന്‍മാരോട് പ്രഖ്യാപിച്ച മന്‍മോഹന്‍സിംഗ് രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ പാര്‍ട്ടി നേതൃത്വം ഒരു ഘട്ടത്തിലും ചര്‍ച്ച ചെയ്തില്ലെന്നു കൂടി അറിയിച്ചു. വെടിയുതിര്‍ക്കുന്നത് രാഹുലിന് എതിരെ മാത്രമല്ല, ഹൈക്കമാന്റ് എന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന സോണിയാഗാന്ധിക്കും കൂട്ടാളികള്‍ക്കും എതിരായി കൂടിയാണെന്ന സന്ദേശം നല്‍കുകയാണ് മന്‍മോഹന്‍സിംഗ് ചെയ്തത്.
താനൊരു പാവ പ്രധാനമന്ത്രിയല്ല എന്ന് മന്‍മോഹന്‍സിംഗ് അഞ്ചംഗ പത്രാധിപ കൂട്ടരോട് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. താങ്കളൊരു പാവയാണോ എന്ന് ആരുമാരും ആരായാതെ തന്നെ ഞാനൊരു പാവയല്ലെന്ന് മന്‍മോഹന്‍സിംഗ് പ്രഖ്യാപിച്ചു. സോണിയാഗാന്ധിയുടെയും രാഹുല്‍ഗാന്ധിയുടെയും പാവ മാത്രമാണ് താന്‍ എന്ന തോന്നല്‍ മന്‍മോഹന്‍സിംഗിനെ കുണ്ഠിതപ്പെടുത്തുന്നു എന്നാണ് താനൊരു പാവ പ്രധാനമന്ത്രിയല്ലെന്ന പ്രസ്താവന വ്യക്തമാക്കുന്നത്. തങ്ങള്‍ തിരിക്കുന്ന ബട്ടണിനനുസരിച്ച് ഓടുകയും ചാടുകയും കിതയ്ക്കുകയും പതറുകയും ചെയ്യുന്ന ഒരു കളിപ്പാട്ടമാണ് മന്‍മോഹന്‍സിംഗ് എന്ന ധാരണ സോണിയാഗാന്ധിക്കും യുവരാജാവ് രാഹുല്‍ഗാന്ധിക്കും വേണ്ടെന്നു കൂടിയാവാം പഴയ ഐ എം എഫ് ഉദ്യോഗസ്ഥനും ഇപ്പോഴും അമേരിക്കന്‍ പ്രേമിയായി കഴിഞ്ഞുകൂടുകയും ചെയ്യുന്ന മന്‍മോഹന്‍സിംഗ് പറയുന്നത്. താനൊരു കുട്ടികുരങ്ങനല്ല എന്ന സന്ദേശം പറയാതെ പറഞ്ഞിരിക്കുകയാണ് മന്‍മോഹന്‍സിംഗ്.
എന്തും ഏതും നിശ്ചയിക്കേണ്ടത് നെഹ്‌റു കുടുംബമാണെന്ന് കരുതി നടക്കുകയും പ്രസ്താവന നടത്തുകയും ചെയ്യുകയും പാരമ്പര്യത്തിന്റെ ഇരമ്പലില്‍ മയങ്ങി കിടക്കുകയും ചെയ്യുന്ന രാഹുല്‍ഗാന്ധിയുടെ ആജ്ഞാനുവര്‍ത്തിയായി ജീവിച്ച് സഹികെട്ടതിനാലാകാം മന്‍മോഹന്‍സിംഗിന്റെ പ്രതികരണം. ''ബന്ധുവാര്, ശത്രുവാര്'' എന്ന ചോദ്യം 'പാവം പാവം രാജകുമാരനായ' പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ അലട്ടിയതിന്റെ പ്രതിഫലനം കൂടിയാകാം പറയാതെ പറയലിലൂടെ രാഹുല്‍ഗാന്ധിക്ക് നല്‍കുന്ന സന്ദേശം. പ്രധാനമന്ത്രി പദത്തിനായുള്ള മോഹം ഒരിക്കലും തിളയ്ക്കാത്ത വെള്ളംപോലെയായിരിക്കുമെന്നും അടുപ്പിലിരുന്ന് ആ വെള്ളം പാഴാവുകയേ ഉള്ളൂ എന്നും മന്‍മോഹന്‍സിംഗ് ദ്യോതിപ്പിച്ചിരിക്കുന്നു. ഈ ദ്യോതിപ്പിക്കലിന്റെ വിശാല അര്‍ഥങ്ങള്‍ പിടികിട്ടണമെങ്കില്‍ അടുക്കളകലഹം നടത്തി പരിചയവും സ്വന്തം അനുയായികളുടെ മുണ്ടുരിഞ്ഞ് പ്രാഗത്ഭ്യവും തെളിയിച്ച കോണ്‍ഗ്രസ് നേതാക്കളെ തന്നെ ആശ്രയിക്കേണ്ടിവരും.
ദിഗംബരന്‍ janayugom 040711

ReplyDelete