തലശ്ശേരി: തിരഞ്ഞെടുപ്പ് പ്രക്രിയയെ ചിലര്‍ മലീമസമാക്കുകയാണെന്നും പണാധിപത്യവും മസില്‍പവറും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുവെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞു. എന്‍ ഇ ബാലറാം-പി പി മുകുന്ദന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിയും മതവും സമുദായവുമെല്ലാം തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കുന്നുണ്ട്. ഇതൊഴിവാക്കാന്‍ തിരഞ്ഞെടുപ്പ് സമ്പ്രദായം മാറണം. ഇതിന് ആനുപാതിക പ്രാതിനിധ്യമുണ്ടാകണം. ആനുപാതിക പ്രാതിനിധ്യം വഴി ജാതി-മത സ്വാധീനങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. ജനപ്രതിനിധികള്‍ പ്രതീക്ഷക്കൊത്തു വരുന്നില്ലെങ്കില്‍ അവരെ തിരിച്ചുവിളിക്കാനുള്ള അവകാശവും ജനങ്ങള്‍ക്കുണ്ടാകണം. അത്ര എളുപ്പമല്ലെങ്കിലും ഇതല്ലാതെ വേറെ വഴിയില്ല. കുംഭകോണങ്ങള്‍ രാജ്യത്തെ ജനാധിപത്യത്തെ ഗ്രസിക്കുന്ന രാക്ഷസരൂപമായി മാറുകയാണ്. രാജ്യത്തിന് കൈവരേണ്ട പണം ചിലര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുമ്പോഴാണ് അഴിമതിയും കള്ളപ്പണവുമുണ്ടാകുന്നത്. കള്ളപ്പണത്തിന്റെ യഥാര്‍ഥ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തു പറയുന്നില്ല. എന്നാല്‍ അറിഞ്ഞിടത്തോളം സ്വിസ് ബാങ്കിലും മറ്റുമള്ള പണം രാജ്യത്തിന് ലഭിച്ചിരുന്നെങ്കില്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ഇല്ലായ്മകള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കള്ളപ്പണക്കാര്‍ വിവിധ ഇടപാടുകളിലൂടെ പണത്തിന്റെ സമാന്തര വിപണിയുണ്ടാക്കുകയാണ്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കമ്മ്യൂണിസ്റ്റുകാര്‍ സ്വീകരിക്കുന്നത്. ആരോപണം വരുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഭയന്നോടുകയില്ല. മന്ത്രിമാരായിരുന്ന ടി വി തോമസിനും എം എന്‍ ഗോവിന്ദന്‍നായര്‍ക്കും എതിരെ ആരോപണമുണ്ടായപ്പോള്‍ മന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടുകയാണ് ചെയ്തത്. കുറ്റക്കാരല്ലെന്ന് വ്യക്തമാക്കപ്പെട്ടതിനു ശേഷമാണ് അവര്‍ വീണ്ടും സ്ഥാനം സ്വീകരിച്ചത്.
കര്‍ണ്ണാടകയില്‍ ഖനിയുടമകളായ റെഡ്ഢി സഹോദരന്‍മാര്‍ യദ്യൂരപ്പയെ വരച്ച വരയില്‍ നിര്‍ത്തിയത് പണാധിപത്യത്തിനുദാഹരണമാണ്.
അഴിമതിക്കെതിരെ നിരാഹാരം നടത്തിയ അന്നാഹസാരെ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കാന്‍ കഴിയുന്നതല്ല. കുത്തക മാധ്യമങ്ങള്‍ അന്നാഹസാരയെ പുതിയ ഗാന്ധിയാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. അന്നാഹസാരെ തയ്യാറാക്കിയ ജന്‍ലോക്പാല്‍ ബില്‍ നടപ്പാക്കാന്‍ കഴിയില്ല. നിയമം നടപ്പാക്കേണ്ടത് സര്‍ക്കാരാണ്. അതു വിട്ടുകൊടുക്കാനാവില്ല. പാര്‍ലിമെന്റില്‍ നിയമം നിര്‍മ്മിക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളെ അവഗണിച്ചു കൊണ്ടുള്ള ജനാധിപത്യത്തിന് ഇവിടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ യു പി എ സര്‍ക്കാരിന് വ്യക്തമായ അഭിപ്രായ സ്ഥിരതയുണ്ടാകണം. ജഡ്ജിമാരെ നിയമിക്കുകയും സ്ഥലം മാറ്റുകയും ചെയ്യുന്നത് കൊളീജിയം ഓഫ് ജഡ്ജസാണ്. ഇതേക്കുറിച്ച് അന്നാഹസാരെ പരാമര്‍ശിച്ചിട്ടില്ല. ഈ സ്ഥിതിയും മാറണം. ജുഡീഷ്യറിയും എക്‌സിക്യൂട്ടിവും മീഡിയയുമെല്ലാം ആരോപണത്തിന് വിധേയരാകുകയാണ്. കോടീശ്വരന്‍മാരും ക്രിമിനലുകളുമുള്ള പാര്‍ലിമെന്റിന് എങ്ങനെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനാകുമെന്നും ചന്ദ്രപ്പന്‍ ചോദിച്ചു.
പാര്‍ലമെന്റ്-പഞ്ചായത്ത്-അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എഴുതിത്തള്ളാന്‍ സമയമായെന്ന് ചിലര്‍ പറഞ്ഞു നടന്നിരുന്നു. എന്നാല്‍ രാഷ്ട്രീയം ഗൗരവമായി കാണുന്ന ആരും അത്തരം നിലപാടിലെത്തില്ല. ഇടതുപക്ഷവുമായി ഭരണം പങ്കിട്ടപ്പോള്‍ ഇടതുപക്ഷം ക്രിയാത്മകമായ പങ്കു വഹിച്ചിട്ടുണ്ടെന്ന് സോണിയാഗാന്ധി പറഞ്ഞിരുന്നു. ഇടതുപക്ഷത്തിന് ഏറെ ചെയ്യാനുണ്ടെന്ന് പ്രണബ് മുഖര്‍ജിയും പറഞ്ഞിരുന്നു. പരാജയങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കിലും ദേശീയരാഷ്ട്രീയത്തില്‍ ഇടതുപക്ഷം സജീവമാകുന്നത് ശരിയായ ലക്ഷ്യബോധമുള്ളതു കൊണ്ടാണെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.
കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് നടക്കുന്നത് പകല്‍ക്കൊള്ളയാണെന്ന് ചടങ്ങില്‍ സംസാരിച്ച സി പി ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. യു ഡി എഫ് അധികാരത്തെ സ്വാര്‍ഥ താല്‍പര്യത്തിനു വേണ്ടി ഉപയോഗിക്കുകയാണ്. ഇതിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രക്ഷോഭം നടന്നു വരികയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പള്ളിപ്രം ബാലന്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി പി സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സി പി ഷൈജന്‍ സ്വാഗതവും ജില്ലാ എക്‌സിക്യൂട്ടിവ് അംഗം യു ബാലന്‍ നന്ദിയും പറഞ്ഞു.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ബീഡി-കൈത്തറി തൊഴിലാളികളുടെ മക്കളില്‍ നിന്ന് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് വര്‍ഷം തോറും നല്‍കി വരുന്ന പി പി മുകുന്ദന്‍ സ്മാരക എന്‍ഡോവ്‌മെന്റും ചടങ്ങില്‍ വിതരണം ചെയ്തു.
എസ് എസ് എല്‍ സി വിഭാഗത്തില്‍ കാഞ്ഞങ്ങാട് ഭാരത് ബീഡി ഡിപ്പോയിലെ തൊഴിലാളി ടി സുജാതയുടെ മകനും കരിവെള്ളൂര്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ വിദ്യാര്‍ഥിയുമായ ടി സുജിത്തും പ്ലസ് ടു വിഭാഗത്തില്‍ കേരള ദിനേശ് ബീഡി ഹോസ്ദുര്‍ഗ്ഗ് ബ്രാഞ്ചിലെ തൊഴിലാളി ടി കുമാരന്‍ നായരുടെ മകനും ഹോസ്ദുര്‍ഗ്ഗ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ വിദ്യാര്‍ഥിയുമായ സി കിരണ്‍ കുമാറും സി കെ ചന്ദ്രപ്പനില്‍ നിന്നും എന്‍ഡോവ്‌മെന്റ് ഏറ്റുവാങ്ങി.
janayugom 180711
തിരഞ്ഞെടുപ്പ് പ്രക്രിയയെ ചിലര്‍ മലീമസമാക്കുകയാണെന്നും പണാധിപത്യവും മസില്‍പവറും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുവെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പറഞ്ഞു. എന്‍ ഇ ബാലറാം-പി പി മുകുന്ദന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete