Monday, July 18, 2011

കണക്കെടുത്ത് രണ്ടുമാസം കഴിഞ്ഞിട്ടും വരയാടുകളുടെ എണ്ണം നിശ്ചയിക്കാനായില്ല

തൊടുപുഴ : ഇരവികുളം ദേശീയ പാര്‍ക്കിലെ വരയാടുകളുടെ എണ്ണം തിട്ടപ്പെടുത്താനുള്ള കണക്കെടുപ്പ് കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും എണ്ണം ക്രോഡീകരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വനം വകുപ്പിന് സാധിച്ചിട്ടില്ല.

കഴിഞ്ഞ മെയ് മാസം കണക്കെടുപ്പ് പൂര്‍ത്തിയാക്കി തിരുവനന്തപുരം  ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിലേക്ക് കണക്കുകള്‍ അയച്ചെങ്കിലും ഇതുവരെ കണക്കുകള്‍ ക്രോഡീകരിച്ച് വരയാടുകളുടെ യഥാര്‍ത്ഥ എണ്ണം തിട്ടപ്പെടുത്താന്‍ ബന്ധപ്പെട്ട ഓഫീസ് തയ്യാറായിട്ടില്ല.  വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ കണക്കെടുപ്പ് എല്ലാ വര്‍ഷവും നടത്തി കൃത്യമായ എണ്ണം തിട്ടപ്പെടുത്തണമെന്നാണ് നിയമം.

ഫെബ്രുവരി-മാര്‍ച്ച് മാസത്തിലാണ് വരയാടുകളുടെ പ്രജനന കാലം. ഇതിന് ശേഷം ഏപ്രില്‍-മെയ് മാസത്തിലാണ് വരയാടുകളുടെ കണക്കെടുപ്പ്. ഇതനുസരിച്ച് കഴിഞ്ഞ ഏപ്രില്‍ 30 ന് തുടങ്ങി ഒരാഴ്ച നീണ്ട കണക്കെടുപ്പിന് ശേഷം ഇരവികുളം റെയ്ഞ്ച് ഓഫീസ് അധികൃതര്‍ റിപ്പോര്‍ട്ട് ക്രോഡീകരിക്കാനായി ബന്ധപ്പെട്ട ഓഫീസിലേക്ക് അയച്ചു.
90 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഇരിവികുളം ദേശീയോദ്യാനത്തെ 13 ബ്ലോക്കായി വിഭജിച്ച് പരിസ്ഥിതി പ്രവര്‍ത്തകരടങ്ങിയ സംഘം 13 ഗ്രൂപ്പായി തിരിഞ്ഞാണ് കണക്കെടുപ്പ് നടത്തിയത്. 2010 ലെ  സെന്‍സസ് പ്രകാരം 776 വരയാടുകളാണുണ്ടായിരുന്നത്.

1975 ല്‍ ഇരവികുളം ദേശിയോദ്യാനം സ്ഥാപിതമായ ശേഷം വനം വകുപ്പ്  ആദ്യമായി ഇവിടെ വരയാടുകളുടെ കണക്കെടുപ്പ് നടത്തിയത് 1996ലാണ്.

അന്ന് 640 എണ്ണമുള്ളതായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഇരവികുളത്ത് വരയാടുകളെക്കുറിച്ച് ആദ്യമായി ശാസ്ത്രീയ പഠനം നടത്തുകയും എണ്ണം തിട്ടപ്പെടുത്തുകയും ചെയ്തത് ന്യുയോര്‍ക്ക് സുവോളജിയ്ക്കല്‍ സൊസൈറ്റി ഡയറക്ടറായിരുന്നു ഡോ. ജോര്‍ജ്ജ് വി ഷാലറായിരുന്നു.

ലക്കം ആദിവാസിക്കുടിയിലെ രംഗസ്വാമി മുതുവാന്റെ സഹായത്തോടെ 1969 ലായിരുന്നു അത്. അന്ന് 550 വരയാടുകളെയാണിവര്‍ക്ക് കണ്ടെത്താനായത്. പിന്നീട് 1978 ല്‍ പരിസ്ഥിതി പ്രവര്‍ത്തകനായ ഇആര്‍സി ദേവ്ദര്‍ നടത്തിയ കണക്കെടുപ്പില്‍ 550 ആടുകളെ കണ്ടെത്തി. 1980 ലും 81 ലും അമേരിയ്ക്കന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ക്ലിഫോര്‍ഡ് ഡൈസ് നടത്തിയ നിരീക്ഷണങ്ങളില്‍ യഥാക്രമം 580 ഉം 614 ഉം എണ്ണുള്ളതായാണ് കണക്കാക്കിയത്.

വനം വകുപ്പ് 1998 ല്‍ നടത്തിയ കണക്കെടുപ്പില്‍ 760 ഉം കേരള വനഗവേഷണ കേന്ദ്രം 2000-ല്‍ നടത്തിയകണക്കെടുപ്പില്‍ 696 ഉം എണ്ണത്തെ കണ്ടെത്തി.
തുടര്‍ന്ന് വനം വകുപ്പിന്റെ സെന്‍സസില്‍ 2001-ല്‍ 569 ഉം 2003-ല്‍ 750 ഉം 2005-ല്‍ 670 ഉം ആടുകളുള്ളതായാണ് കണ്ടെത്തിയത്.

25 മുതല്‍ 50 വരെ കുഞ്ഞുങ്ങള്‍ ഇവിടെ ഓരോ വര്‍ഷവും പിറക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ഒരു സീസണില്‍ ജനിക്കുന്നവരുടെ 40 ശതമാനം മാത്രമാണ് അതിജീവിക്കുന്നത്.

15 മുതല്‍ 20 വര്‍ഷം വരെയാണ് വരയാടിന്റെ ആയുര്‍ ദൈര്‍ഘ്യം. പ്രായപൂര്‍ത്തിയായ ഒരാടിന് 150 കിലോ വരെ തൂക്കം വരും. 95 ശതമാനം പുല്‍മേടും അഞ്ചുശതമാനം ചോലവനങ്ങളും നിറഞ്ഞതാണ് വരയാടുകളുടെ ആവാസ മേഖല.
(ജോമോന്‍ വി സേവ്യര്‍)

janayugom 180711

1 comment:

  1. ഇരവികുളം ദേശീയ പാര്‍ക്കിലെ വരയാടുകളുടെ എണ്ണം തിട്ടപ്പെടുത്താനുള്ള കണക്കെടുപ്പ് കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും എണ്ണം ക്രോഡീകരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വനം വകുപ്പിന് സാധിച്ചിട്ടില്ല.

    ReplyDelete