Thursday, July 7, 2011

മണി കൗള്‍ അരങ്ങൊഴിഞ്ഞു

ഇന്ത്യന്‍ നവസിനിമയുടെ വഴികാട്ടിയായ പ്രമുഖ ചലച്ചിത്രകാരന്‍ മണി കൗള്‍ (66) അന്തരിച്ചു. ഏറെക്കാലമായി അര്‍ബുദ രോഗബാധിതനായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അന്ത്യമെന്ന് ബന്ധുക്കള്‍ അറിയിച്ചു. വൈകീട്ട് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഡല്‍ഹി ലോദി ശ്മശാനത്തില്‍ സംസ്കരിച്ചു.

രാജസ്ഥാനിലെ ജോധ്പുരില്‍ 1942ല്‍ കശ്മീരി കുടുംബത്തില്‍ ജനിച്ച മണി കൗള്‍ "ഉസ്കീ റോട്ടി" എന്ന കാവ്യാത്മക ചിത്രത്തിലൂടെ ഇരുപത്തഞ്ചാം വയസ്സില്‍ ഇന്ത്യന്‍ സിനിമയില്‍ ശക്തമായ സാന്നിധ്യമായി. സമാന്തര സിനിമയുടെ പുതിയ പാത വെട്ടിത്തുറന്ന കൗള്‍ , തന്റെ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഒരിക്കലും തയാറായില്ല. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാന്‍ ചേര്‍ന്ന മണി കൗള്‍ പിന്നീട് സംവിധാനത്തിലേക്ക് മാറി. ഇന്ത്യകണ്ട മികച്ച ചലച്ചിത്രകാരന്മാരില്‍ ഒരാളായ ഋത്വിക് ഘട്ടക്ക് മണികൗളിന്റെ അധ്യാപകനായിരുന്നു. പിന്നീട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായി ചേര്‍ന്ന് കൗള്‍ , സമൃദ്ധമായ ശിഷ്യസമ്പത്തിന് പ്രചോദനമായി. ഹാര്‍വാഡില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. ജീവിതത്തിലുടനീളം മതേതര കാഴ്ചപ്പാട് പുലര്‍ത്തിയ അദ്ദേഹം ഇടതുപക്ഷധാരയോട് ആഭിമുഖ്യം പുലര്‍ത്തി. അറിയപ്പെടുന്ന നടനും സംവിധായകനുമായ മഹേഷ് കൗളിന്റെ അനന്തരവനാണ്. രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്.

സുദീര്‍ഘമായ സിനിമാ ജീവിതത്തില്‍ പതിനാറ് ചിത്രങ്ങളാണ് കൗള്‍ സംവിധാനം ചെയ്തത്. ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്റെ ആദ്യ രൂപമായ എഫ്എഫ്സിയാണ് മണികൗളിന്റെ ശ്രദ്ധേയചിത്രങ്ങള്‍ നിര്‍മിച്ചത്. ഉസ്കീ റോട്ടിയും(1969) ദുവിധായും (1973) ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ശക്തമായ ചോദ്യങ്ങളുന്നയിച്ചു. ആഷാദ് കാ ഏക് ദിന്‍(1971), നാസര്‍ (1989), ഷാരൂഖ് ഖാന്‍ അഭിനയിച്ച ഇഡിയറ്റ്(1992) തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധനേടി. നാലുതവണ ഫിലിം ക്രിട്ടിക്സ് പുരസ്കാരത്തിന് അര്‍ഹനായി. സിദ്ധേശ്വരി (1989) മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്കാരം നേടി. ഘാഷിറാം കോട്വാള്‍(1979) ശിവസേനയുടെ വളര്‍ച്ചയെ ആക്ഷേപഹാസ്യത്തിലൂടെ ചോദ്യം ചെയ്തു. ഓംപുരിയുടെ അരങ്ങേറ്റചിത്രം കൂടിയായിരുന്നു ഇത്. അവസാന ചിത്രമായ മങ്കീസ് റെയിന്‍കോട്ടില്‍ (2005) കലകളുടെ പ്രയോജനം എന്താണെന്നാണ് മണി കൗള്‍ അന്വേഷിച്ചത്. മലയാള ചലച്ചിത്ര പ്രതിഭ ജോണ്‍ എബ്രഹാം ഉസ്കീ റോട്ടിയില്‍ മണികൗളിന്റെ അസിസ്റ്റന്റായിരുന്നു.

മറഞ്ഞത് മഹാനായ കലാകാരന്‍ , ഗുരു

മണി കൗള്‍ ശരിയായ അര്‍ഥത്തില്‍ ഗുരുവായിരുന്നു. പൂനയില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലത്ത് ഞങ്ങള്‍ അദ്ദേഹത്തിനു ചുറ്റുമായിരുന്നു. എല്ലാ സമയവും അദ്ദേഹം സംസാരിച്ചു, പഠിപ്പിച്ചു. ഒരിക്കല്‍ എന്നോട് പറഞ്ഞു. "സിനിമ ഒരിക്കലും പഠിപ്പിക്കാന്‍ കഴിയില്ല, അത് പഠിക്കാനുള്ളതാണ്" എന്ന്. അദ്ദേഹത്തിന്റെ ഗുരുക്കളായ ഋത്വിക് ഘട്ടക്ക് മുതല്‍ റോബര്‍ട് ബ്രസണ്‍ വരെയുള്ള അധ്യാപകര്‍ പകര്‍ന്നുനല്‍കിയ ഈ പാഠം ഞങ്ങളിലേക്കും പകരുകയായിരുന്നു. വ്യക്തിപരമായി കൗള്‍ വലിയ പ്രചോദനമായിരുന്നു. ന്യൂഡല്‍ഹിയിലെ ഓഷ്യന്‍ സിനി ഫാന്‍ ചലച്ചിതമേളയുടെ ഡയറക്ടറായിരിക്കെ അദ്ദേഹത്തോടൊപ്പം ദീര്‍ഘ നേരം ചെലവിടാന്‍ അവസരം കിട്ടി. സ്വന്തം അഭിരുചിക്കനുസരിച്ച് മേളകളില്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള സവിശേഷാധികാരം ഫെസ്റ്റിവല്‍ ഡയറക്ടര്‍ക്കുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. ചില പ്രത്യേകസിനിമകള്‍പ്രദര്‍ശിപ്പിക്കുന്നതും യുവ ചലച്ചിത്രകാരെ പോത്സാഹിപ്പിക്കുന്നതും ഇതുപോലെതന്നെ പ്രധാനമാണെന്ന് ഞാന്‍ വാദിച്ചു. എന്നാല്‍ സിനിമയുടെ കലാമൂല്യത്തിനാണ് അദ്ദേഹം പരമപ്രാധാന്യം നല്‍കിയത്.

കാനില്‍ അദ്ദേഹത്തിനും മറ്റു ചില സുഹൃത്തുക്കള്‍ക്കുമൊപ്പം ഒരു അപ്പാര്‍ട്മെന്റില്‍ കഴിയാന്‍ എനിക്ക് അവസരം ലഭിച്ചു. ചെറിയ പനി പിടിച്ച് ഞാന്‍ കിടപ്പിലായി. എനിക്ക് ഭക്ഷണം ഉണ്ടാക്കി തരാനായി അദ്ദേഹം സിനിമയ്ക്കിടെ എല്ലാ വൈകുന്നേരവും നേരത്തെയെത്തി. ആ സാന്ത്വനം ഒരിക്കലും മറക്കാനാകില്ല. മേളയ്ക്കിടെ കൗള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സഹപാഠി സുബാഷ് ഘായിയെ കണ്ടുമുട്ടി. സിനിമയില്‍ തെരഞ്ഞെടുത്ത വ്യത്യസ്ത വഴികളെക്കുറിച്ച് അവര്‍ ഒരു പാട് പറഞ്ഞു ചിരിച്ചു. ജോണ്‍ എബ്രഹാം കൗളിന്റെ ആദ്യ സിനിമയായ ഉസ്കി റോട്ടിയുടെ സഹസംവിധായകനായിരുന്നു. മണി കൗളിനെ "പൊതുമുതല്‍ കൗള്‍" എന്ന് ജോണ്‍ കളിയാക്കുമായിരുന്നു. കൗള്‍ ഒട്ടുമിക്ക ചിത്രങ്ങളും നിര്‍മിച്ചത് എഫ്എഫ്സി പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുവേണ്ടിയായിരുന്നു. കാരണം അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ മറ്റ് നിര്‍മാതാക്കളാരും തയ്യാറായിരുന്നില്ല. എഴുപതുകളില്‍ സാമ്പത്തിക നേട്ടം നോക്കാതെ നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിരുന്നു. ഉസ്കി റോട്ടി, ആസാദ് കാ ഏക് ദിന്‍ , ദുവിധ, സാതേ സേ ഉഠ്താ ആദ്മി, മാതി മാനസ്, ദ്രുപദ് തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം സര്‍ക്കാര്‍സഹായത്തോടെ നിര്‍മിച്ചതായിരുന്നു. ഉസ്കി റോട്ടിയുടെ ഭാവുകത്വം അന്നോളമുള്ള ഇന്ത്യന്‍ സിനിമക്ക് അപരിചിതമായിരുന്നു. ഫിലിം ഡിവിഷന്‍ ശൈലിക്ക് അടിപ്പെട്ടിരുന്ന ഇന്ത്യ അതുവരെ ദര്‍ശിച്ചിട്ടില്ലാത്ത കാവ്യാത്മകമായ അന്വേഷണങ്ങളായിരുന്നു ദ്രുപത് മുതല്‍ മതി മാനസ് മുതല്‍ സിദ്ദേശ്വരി ദേവി വരെയുള്ള അദ്ദേഹത്തിന്റെ ഡോക്കുമെന്ററികള്‍ .

ആധുനികവല്‍ക്കരണത്തിന്റേയും ആഗോളവല്‍ക്കരണത്തിന്റേയും മന്ത്രം മുഴങ്ങിയ 80 കളുടെ അവസാനത്തിലും 90കളിലും മണി കൗള്‍ ഏറെ വിമര്‍ശിക്കപ്പെട്ടു. മോശം സിനിമകളുടെ പര്യായമായി അദ്ദേഹത്തെ ചത്രീകരിച്ചു. മണികൗളിന്റെ സൗന്ദര്യബോധം തീര്‍ത്തും യൂറോപ്യനാണെന്നും സിനിമയൊരുക്കുന്നത് പാശ്ചാത്യര്‍ക്കുവേണ്ടിയാണെന്നും കുറ്റപ്പെടുത്തി. മണികൗള്‍ ചിത്രങ്ങള്‍ ഭാരതീയ പരിസരങ്ങളോട് ആഴത്തില്‍ ബന്ധമുള്ളതാണെന്ന് പാശ്ചാത്യര്‍ വിലയിരുത്തുമ്പോഴാണ് ഇന്ത്യന്‍ വിമര്‍ശകര്‍ അദ്ദേഹത്തെ പാശ്ചാത്യനായി ചിത്രീകരിച്ചതെന്നതാണ് വിരോധാഭാസം. അദ്ദേഹത്തിന്റെ സിനിമകളെ അവധാനതയോടെ കണ്ട് സ്വീകരിക്കാനോ തിരസ്കരിക്കാനോ ഉള്ള ക്ഷമ പ്രേക്ഷകര്‍ കാണിച്ചില്ല. ഉന്നതമായ ബൗദ്ധിക അന്തരീക്ഷത്തില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തെ പോലെ സ്വീകരിക്കപ്പെടേണ്ടതാണ് അദ്ദേഹത്തിന്റെ സൃഷ്ടികള്‍ . ഇപ്പോഴാരും അത്തരം ആസ്വാദനത്തില്‍ വിശ്വസിക്കുന്നില്ല.

സിനിമ ചെയ്യാനാകാതെ വന്നപ്പോള്‍ അദ്ദേഹം അധ്യാപനമേഖലയിലേക്ക് ശ്രദ്ധ തിരിച്ചു. സംഗീതംപഠിക്കാനും സമയം ചെലവഴിച്ചു. കൊളംബിയ യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി. അല്‍പകാലം ഹോളണ്ടില്‍ ചെലവഴിച്ചു. ഫെസ്റ്റിവലുകളില്‍അദ്ദേഹത്തെ കണ്ടെത്തിയവര്‍ അടുത്ത സിനിമ എന്നാണ് എന്ന ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. വീഡിയോ ഫോര്‍മാറ്റിലും അദ്ദേഹം ചിലതൊക്കെ ചെയ്തെങ്കിലും ക്യാമറയ്ക്ക് അപ്പുറത്തുള്ള ഫ്രെയിമുകളെ കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. ക്യാമറാ ലെന്‍സിലൂടെ നോക്കാതെ പോലും അദ്ദേഹം ഒരു വീഡിയോ ഫിലിം ചെയ്തു. മിക്കപ്പോഴും പൂര്‍ണമായും മനസിലാക്കാനാകാതെ അദ്ദേഹത്തെ ആസ്വദിക്കേണ്ടി വന്നെങ്കിലും അപാരമായ ബോധ്യവും പൂര്‍ണ പ്രതിബദ്ധതയുമുള്ള കലാകാരന്റെ വാക്കുകളായിരുന്നു അവ. കൗളിന്റെ ഏറ്റവും വലിയ സംഭാവന കലാകാരന്മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമയെക്കുറിച്ച് അദ്ദേഹം പകര്‍ന്നു നല്‍കിയ അറിവുകളാണ്. അദ്ദേഹത്തിന്റെ ചിത്രത്തിലെ അഭിനേതാക്കള്‍ക്കെല്ലാം മണി കൗള്‍ വലിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കി. അവസാനമായി കണ്ടപ്പോള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു "ഇതൊരു രസികന്‍ പ്രതിഭാസമാണ് ഇന്ന് ഞാന്‍ ഏറെ അറിയപ്പെടുകയും എല്ലാവരാലും അന്വേഷിക്കപ്പെടുകയും ചെയ്യുന്നു." തന്റെ സിനിമകള്‍ ആരും കാണാത്തതുകൊണ്ടാണിതെന്നും സഹജമായ നര്‍മ്മഭാവത്തില്‍ അദ്ദേഹം വിശ്വസിച്ചു. മഹാനായ കലാകാരനെയും ഗുരുവിനേയുമാണ് നമുക്ക് നഷ്ടമായത്.
(ബീനാ പോള്‍)

ദേശാഭിമാനി 070711

1 comment:

  1. ഇന്ത്യന്‍ നവസിനിമയുടെ വഴികാട്ടിയായ പ്രമുഖ ചലച്ചിത്രകാരന്‍ മണി കൗള്‍ (66) അന്തരിച്ചു. ഏറെക്കാലമായി അര്‍ബുദ രോഗബാധിതനായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അന്ത്യമെന്ന് ബന്ധുക്കള്‍ അറിയിച്ചു. വൈകീട്ട് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഡല്‍ഹി ലോദി ശ്മശാനത്തില്‍ സംസ്കരിച്ചു.

    രാജസ്ഥാനിലെ ജോധ്പുരില്‍ 1942ല്‍ കശ്മീരി കുടുംബത്തില്‍ ജനിച്ച മണി കൗള്‍ "ഉസ്കീ റോട്ടി" എന്ന കാവ്യാത്മക ചിത്രത്തിലൂടെ ഇരുപത്തഞ്ചാം വയസ്സില്‍ ഇന്ത്യന്‍ സിനിമയില്‍ ശക്തമായ സാന്നിധ്യമായി. സമാന്തര സിനിമയുടെ പുതിയ പാത വെട്ടിത്തുറന്ന കൗള്‍ , തന്റെ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഒരിക്കലും തയാറായില്ല. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാന്‍ ചേര്‍ന്ന മണി കൗള്‍ പിന്നീട് സംവിധാനത്തിലേക്ക് മാറി.

    ReplyDelete